കോഴിക്കോട്: വിറച്ചും വിറപ്പിച്ചും വടകരയിലെ തെരഞ്ഞെടുപ്പ് പോരാട്ടം തീപാറുകയാണ്. എം.എൽ.എമാർ പോരടിച്ച് ആര് എം.പിയാകുമെന്നത് കാത്തിരുന്നു കാണുകയേ വഴിയുള്ളൂ. കണക്കുകൂട്ടലുകളെയെല്ലാം കലക്കിമറിച്ചുള്ള പ്രചാരണമാണ് എൽ.ഡി.എഫും യു.ഡി.എഫും കാഴ്ചവെക്കുന്നത്. മണ്ഡലത്തിലുൾപ്പെടുന്ന കൊയിലാണ്ടി, വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ കോഴിക്കോട് ജില്ലയുടെ പരിധിയിൽ വരുന്ന അഞ്ചിടങ്ങളിലും 2009, 2014, 2019 തെരഞ്ഞെടുപ്പുകളിൽ ലോക്സഭയിലേക്ക് യു.ഡി.എഫിനാണ് ഭൂരിപക്ഷം.
തലശ്ശേരിയിൽ മൂന്നുതവണയും എൽ.ഡി.എഫ് നേട്ടമുണ്ടാക്കിയെങ്കിലും കൂത്തുപറമ്പിൽ 2014ൽ മാത്രമാണ് കൂടുതൽ വോട്ട് സമാഹരിക്കാനായത്. വോട്ടർമാരിൽ മുസ്ലിം പ്രാതിനിധ്യം 32 ശതമാനമാണ്. യു.ഡി.എഫിൽ കെ. മുരളീധരൻ മാറി ഷാഫി പറമ്പിൽ എത്തിയതോടെ ഈ വോട്ടിലെ വലിയൊരു വിഭാഗം ഷാഫി നേടുമോ എന്നാണ് ഉറ്റുനോക്കുന്നത്. കോൺഗ്രസ് പട്ടികയിലെ ഏക മുസ്ലിം പ്രതിനിധികൂടിയാണ് ഷാഫി.
ന്യൂനപക്ഷ പിന്തുണ നല്ലനിലയിൽ നേടാനായാൽ മണ്ഡലം യു.ഡി.എഫിന് നിലനിർത്താനായേക്കും. അയ്യായിരത്തിൽപരം വോട്ടുള്ള എസ്.ഡി.പി.ഐ പിന്തുണയും യു.ഡി.എഫിനാണ്. ‘രാഷ്ട്രീയ കുപ്പായമടക്കം’ ഒഴിവാക്കി പുതിയ സ്ട്രാറ്റജിയുമായാണ് ഷാഫി വടകരയിലേക്ക് എത്തിയത്. പ്രചാരണത്തിൽ കൊണ്ടുവന്ന പുതുമ യുവാക്കളെ വലിയതോതിൽ ആകർഷിച്ചു. ഇത് വോട്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെയുള്ള പതിവ് ആക്രമണം പഴയപോലെ ഏശിയിട്ടില്ല. എന്നാൽ പാനൂരിൽ ബോംബ് പൊട്ടി സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടതോടെ അക്രമരാഷ്ട്രീയം മണ്ഡലത്തിൽ കൂടുതൽ ചർച്ചയാക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. ആർ.എം.പി.ഐയുടെ സംഘടന സംവിധാനങ്ങൾ ഒന്നടങ്കം അതിശക്തമായി കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫിനായി രംഗത്തുണ്ട്. പ്രവാസി കുടുംബങ്ങൾ ധാരാളമുള്ള മണ്ഡലത്തിൽ അവരുടെ പിന്തുണക്കായി ഷാഫി ഗൾഫിലും പര്യടനം നടത്തിയിരുന്നു.
നിപ, കോവിഡ് കാലത്തെ ആരോഗ്യമന്ത്രിയെന്ന നിലയിൽ കെ.കെ. ശൈലജ ആർജിച്ച ജനപ്രീതിയാണ് രാഷ്ട്രീയ വോട്ടുകൾക്കപ്പുറമുള്ള സി.പി.എമ്മിന്റെ പ്രതീക്ഷ. നേരത്തേയുള്ള ഇടതുസ്ഥാനാർഥികളെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് കുറ്റപ്പെടുത്തിയ യു.ഡി.എഫിന് ഈ ആയുധം ശൈലജക്കെതിരെ പ്രയോഗിക്കാനാകുന്നില്ല. സ്ത്രീ സമൂഹത്തിനിടയിൽ ശൈലജക്കുള്ള വലിയ സ്വീകാര്യതയിൽ ഇത്തരം പ്രചാരണങ്ങൾ അസ്ഥാനത്താണ്. സോഷ്യലിസ്റ്റുകളിലെ വലിയ വിഭാഗമായ എൽ.ജെ.ഡിയുടെ പിന്തുണ മുൻ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനായിരുന്നു. എൽ.ജെ.ഡി എൽ.ഡി.എഫിലെത്തുകയും ആർ.ജെ.ഡിയായി മാറുകയും ചെയ്തു. സംസ്ഥാനത്ത് അവർക്ക് ഏറ്റവും ശക്തിയുള്ള ലോക്സഭ മണ്ഡലംകൂടിയാണ് വടകര.
ടി.പി. വധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻവർഷങ്ങളെ അപേക്ഷിച്ച് ചർച്ചയിൽ കുറവാണ് എന്നാണ് സി.പി.എം വിലയിരുത്തുന്നത്. രാഷ്ട്രീയ വോട്ടിൽ വിള്ളലുണ്ടാകാതിരിക്കുകയും ശൈലജയുടെ സ്വീകാര്യത വോട്ടാകുകയും ചെയ്താൽ വിജയം ഉറപ്പെന്നത് മുൻനിർത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വടകരയിലെത്തി കഴിഞ്ഞദിവസം പ്രചാരണം വിലയിരുത്തിയത്. മത്സര രംഗത്ത് കന്നിക്കാരനായ എൻ.ഡി.എയിലെ പ്രഫുൽ കൃഷ്ണൻ പാർട്ടിയുടെ വോട്ടുഷെയർ ഏതുനിലക്കും ഉയർത്തണമെന്ന ലക്ഷ്യത്തിലാണ്. മോദിയുടെ ഭരണ നേട്ടങ്ങൾ പറഞ്ഞാണ് അവരുടെ പ്രചാരണം.
പരമ്പരാഗത കുടുംബങ്ങളെ ഒന്നടങ്കം പ്രചാരണ രംഗത്തിറക്കിയാണ് എൽ.ഡി.എഫ് ആദ്യം മുതലേ മുന്നേറിയതെങ്കിൽ യു.ഡി.എഫ് പുതുതലമുറയെ വലിയതോതിൽ പ്രചാരണ രംഗത്തെത്തിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ നൈറ്റ് മാർച്ചുകളടക്കം മണ്ഡലത്തിലെ ശക്തിപ്രകടനങ്ങളായാണ് ഇരുവിഭാഗവും നടത്തിയത്. ഇഞ്ചോടിഞ്ച് മുന്നേറിയുള്ള പ്രചാരണം ആർക്കാണ് വോട്ടാവുക എന്നുകാണാൻ കാത്തിരിക്കുകയാണ് എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.