മലബാറിന്‍റെ വാണിജ്യ തലസ്ഥാനത്തിന് ഇരുമുന്നണികളെയും മാറിമാറി വരിച്ച അനുഭവമുണ്ടെങ്കിലും കൂടുതൽ തവണ യു.ഡി.എഫിനെ പുണർന്നതാണ് ചരിത്രം. ബാലുശ്ശേരി, എലത്തൂർ, കുന്ദമംഗലം, ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, കൊടുവള്ളി നിയമസഭ മണ്ഡലങ്ങളിൽ കൊടുവള്ളി ഒഴിച്ചുള്ള മുഴുവൻ മണ്ഡലങ്ങളും എൽ.ഡി.എഫിന്‍റെ കൈവശമാണെങ്കിലും കഴിഞ്ഞ മൂന്നു തവണയും ലോക്സഭയിലേക്ക് പറഞ്ഞയച്ചത് യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനെ.
2009ൽ യുവനേതാവും ഇപ്പോൾ മന്ത്രിയുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസിനെ വെറും 838 വോട്ടിന് പരാജയപ്പെടുത്തി തുടങ്ങിയ പടയോട്ടം, പിന്നീട് വൻ ഭൂരിപക്ഷവർധനയിലൂടെ മണ്ഡലം രാഘവൻ സ്വന്തമാക്കി വെച്ചിരിക്കയാണ്. ആറു നിയമസഭ മണ്ഡലങ്ങൾ കൈവശമില്ലാഞ്ഞിട്ടും കോൺഗ്രസിന്‍റെ സംഘടന സംവിധാനം സി.പി.എമ്മുമായി തട്ടിക്കുമ്പോൾ അത്ര ശക്തമല്ലെങ്കിലും വ്യക്തിപരമായ തന്ത്രങ്ങൾ പയറ്റി ജനമനസ്സിൽ ഇടംനേടാനായതാണ് രാഘവ മാഹാത്മ്യത്തിനു പിന്നിലെന്നത് പരസ്യമായ രഹസ്യം.
ഇത് തിരിച്ചറിഞ്ഞാണ് ഇത്തവണ എളമരം കരീമിനെ തന്നെ സി.പി.എം രംഗത്തിറക്കിയത്. എം.എൽ.എ, മന്ത്രി, രാജ്യസഭ അംഗം എന്നതിലുപരി ട്രേഡ് യൂനിയൻ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവപരിജ്ഞാനത്തിലൂടെ കരീം മണ്ഡലത്തിൽ സുപരിചിതനാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത്, വർഗീയധ്രുവീകരണത്തിനായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ എം.പി എന്ന നിലയിൽ രാജ്യസഭയിൽ നടത്തിയ പോരാട്ടമടക്കം ഉയർത്തിയാണ് കരീമിന്‍റെ അരങ്ങേറ്റം. അതുകൊണ്ടുതന്നെ മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പോരാട്ടത്തിന് കടുപ്പം കൂടുമെന്ന് ഉറപ്പ്. വികസനം മുൻനിർത്തിയുള്ള രാഘവന്‍റെ മനഃശാസ്ത്ര നീക്കവും കരീമിന്‍റെ രാഷ്ട്രീയപോരാട്ടവുമാണ് ഇത്തവണ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്.
കരീം രാഷ്ട്രീയം പറഞ്ഞും രാഘവൻ വികസനം പറഞ്ഞുമാണ് പ്രചാരണത്തിന് തുടക്കംകുറിച്ചത്. സാമുദായിക താൽപര്യങ്ങൾക്കപ്പുറമുള്ള ഘടകങ്ങളാണ് മണ്ഡലത്തിന്‍റെ ഗതി നിർണയിക്കുന്നത്. വികസനം പറഞ്ഞും സൗഹൃദബന്ധങ്ങൾ കാത്തുസൂക്ഷിച്ചും എല്ലാ വിഭാഗങ്ങളുടെയും വോട്ട് നേടാനായതാണ് കഴിഞ്ഞ മൂന്നു തവണയും രാഘവന് രക്ഷയായത്. ഇത്തവണയും ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെക്കാൾ വികസനം പറയാനാണ് തനിക്ക് താൽപര്യമെന്ന് വെട്ടിത്തുറന്ന് പറഞ്ഞതിലൂടെ പല പക്ഷികളാണ് രാഘവന്‍റെ ലക്ഷ്യം. എം.കെ. രാഘവൻ കോഴിക്കോട്ടേക്കു വരുന്നതിനു മുമ്പുതന്നെ മണ്ഡലത്തിന് സുപരിചിതനാണ് എളമരം കരീം എന്നതിനാൽ ബന്ധങ്ങളുടെ കെട്ടഴിക്കാൻ കരീമിനും സാധിക്കും.
കേന്ദ്ര ഫണ്ട് ഉപയോഗിച്ചുണ്ടായ വികസനം ഏത് എം.പിക്കും സാധ്യമാകുന്നതാണെന്നും വർഗീയത നിറഞ്ഞാടുകയും കേന്ദ്രഭരണം ഫാഷിസ്റ്റ് കേന്ദ്രീകൃതമാവുകയും ചെയ്യുമ്പോൾ അതിനെതിരായ പോരാട്ടമാണ് തന്‍റെ പ്രധാന ദൗത്യമെന്നും പറയുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളാണ് കരീം ലക്ഷ്യമിടുന്നതെന്ന് വ്യക്തം. മുമ്പ് സി. എച്ച്. മുഹമ്മദ് കോയയെയും ഇബ്രാഹിം സുലൈമാൻ സേട്ടിനെയും തെരഞ്ഞെടുത്തയച്ച ചരിത്രം മണ്ഡലത്തിനുണ്ട്. ന്യൂനപക്ഷ സംഘടനകളുമായുള്ള ബന്ധത്തിൽ രാഘവനും നല്ല പിടിപാടുണ്ട്. പക്ഷേ, ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം അധികം ചർച്ചയാക്കാതെയുള്ള രാഘവന്‍റെ ‘കരുതൽ’ എൽ.ഡി.എഫും തിരിച്ചറിയുന്നുണ്ട്. ഇതിനെ എങ്ങനെ മറികടക്കുമെന്നതനുസരിച്ചാകും തെരഞ്ഞെടുപ്പ് ഫലം. മുമ്പ് പി.എ. മുഹമ്മദ് റിയാസ് ചുരുങ്ങിയ വോട്ടുകൾക്ക് രാഘവനോട് പരാജയപ്പെട്ടപ്പോൾ പാർട്ടിയിൽ കാലുവാരൽ നടന്നതായ ശക്തമായ ആക്ഷേപമുണ്ടായിരുന്നു. ഇത്തവണ അത് എത്രത്തോളം കരീമിനെ ബാധിക്കുമെന്നതും കണ്ടറിയണം.
കിസാൻ മസ്ദൂർ പ്രജ പാർട്ടിയിലെ അച്യുതൻ ദാമോദരൻ മേനോൻ, കോൺഗ്രസിലെ കെ.പി. കുട്ടികൃഷ്ണൻ നായർ, മുസ്ലിം ലീഗിന്‍റെ സി.എച്ച്. മുഹമ്മദ് കോയ, ലീഗിന്‍റെതന്നെ ഇബ്രാഹിം സുലൈമാൻ സേട്ട്, കോൺഗ്രസിലെ വി.എ. സെയ്ത് മുഹമ്മദ്, സി.പി.എമ്മിലെ ഇ.കെ. ഇമ്പിച്ചിബാവ, തുടർന്ന് തുടർച്ചയായ മൂന്നു വട്ടം കോൺഗ്രസിലെ കെ.ജി. അടിയോടി, പിന്നീട് രണ്ടുതവണ കോൺഗ്രസിലെ കെ. മുരളീധരൻ, ജനതാദളിലെ എം.പി. വീരേന്ദ്രകുമാർ, കോൺഗ്രസിലെ പി. ശങ്കരൻ എന്നിവരാണ് മണ്ഡലത്തിന്‍റെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത്. 2009 മുതൽ കോൺഗ്രസിലെ എം.കെ. രാഘവന്‍റെ കൈയിലാണ് മണ്ഡലം. കഴിഞ്ഞതവണ സി.പി.എമ്മിലെ എ. പ്രദീപ്കുമാറിനെതിരെ നേടിയ ഭൂരിപക്ഷം 85,225. നാലാംവട്ടവും കോൺഗ്രസ് സ്ഥാനാർഥി രാഘവൻ തന്നെ. തുടർച്ചയായി മൂന്നുവട്ടം മണ്ഡലം പിടിച്ച കെ.ജി. അടിയോടിയുടെ റെക്കോഡ് തകർക്കുകയാണ് രാഘവന്‍റെ ലക്ഷ്യം.
ഒന്നൊഴികെ നിയമസഭ മണ്ഡലങ്ങളെല്ലാം കൈയിലൊതുക്കിയിട്ടും ലോക്സഭ മുഖംതിരിക്കുന്നതിനു പിന്നിലെ കാരണങ്ങൾ ഇപ്പോഴും സി.പി.എമ്മിന് അജ്ഞാതമാണ്. കഴിഞ്ഞതവണ പ്രദീപ്കുമാറിൽ വിശ്വാസമർപ്പിച്ചെങ്കിലും രാഘവന്‍റെ ജനകീയതക്കു മുന്നിൽ അടിപതറി. ഓരോ തവണയും ഭൂരിപക്ഷം വർധിച്ചുവരുന്നതാണ് കണ്ടത്. 2014ൽ എ. വിജയരാഘവനെതിരെ മത്സരിച്ചപ്പോൾ ഭൂരിപക്ഷം 16,883. കഴിഞ്ഞതവണ പ്രദീപ്കുമാറിനെതിരെ ഭൂരിപക്ഷം 85,225 ആയി ഉയർന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി. രമേശാണ് എൻ.ഡി.എ സ്ഥാനാർഥി. അതുകൊണ്ടുതന്നെ വോട്ട് ചോർച്ച തടയുക എന്നതിനപ്പുറം കഴിഞ്ഞതവണത്തെ വോട്ട് ഉയർത്തുകയെന്ന ലക്ഷ്യവുമായാണ് ബി.ജെ.പി രംഗത്തിറങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.