ആലപ്പുഴ: സംസ്ഥാനത്തെ ‘ഗ്ലാമർ’ മണ്ഡലത്തിന്‍റെ പോരാട്ടപ്പട്ടികയിലേക്ക് മാവേലിക്കര എത്തിയിട്ടില്ലെങ്കിലും ‘രാഷ്ട്രീയചൂട്’ അതുക്കും മേലെയാണ്. മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകളെപ്പോലും സ്വാധീനിക്കുന്ന രീതിയിൽ സാമുദായിക സംഘടനകൾ പ്രബലമാണ്.
എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും കെ.പി.എം.എസിനും ക്രൈസ്തവ സംഘടനകൾക്കും വേരോട്ടമുള്ള മണ്ണിൽ പരിചയസമ്പത്തും യുവത്വവും തമ്മിൽ മത്സരിക്കുമ്പോൾ പോരാട്ടം തീപാറുകയാണ്. ജാതിസമവാക്യങ്ങൾ തീർക്കുന്ന ‘വേലി’ക്കെട്ടിൽ രൂപപ്പെടുന്ന അടിയൊഴുക്കുകളാണ് വിധി നിർണയിക്കുക.
ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളുടെ സംസ്‌കാരവും രാഷ്ട്രീയവുമെല്ലാം ഇഴചേരുന്ന മണ്ഡലത്തിലെ പരിചയസമ്പത്തിലൂടെ തുടർച്ചയായ വിജയക്കൊടി പാറിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്. യുവാവ് എന്ന നിലയിൽ കിട്ടിയ മുൻതൂക്കത്തിലൂടെ അട്ടിമറിവിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുസ്ഥാനാർഥി അഡ്വ. സി.എ. അരുൺകുമാർ.
2016ൽ മാവേലിക്കര നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ബൈജു കലാശാല ബി.ഡി.ജെ.എസിനായി പോരിനിറങ്ങുമ്പോൾ വോട്ടുവിഹിതം ഉയർത്താനാകുമെന്നാണ് എൻ.ഡി.എ കണക്കുകൂട്ടൽ.
മാവേലിക്കരയുടെ മാറ്റത്തിന് യുവത്വം ഉയർത്തിപ്പിടിച്ചാണ് എൽ.ഡി.എഫ് പ്രചാരണം. യുവവോട്ടർമാരിലേക്ക് ഈ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും താഴേത്തട്ടിലേക്ക് പ്രതിഫലിക്കാനായിട്ടില്ല. പ്രചാരണത്തിൽ നാലുമന്ത്രിമാരുടെ സാന്നിധ്യവും ഘടകക്ഷികളുടെ സ്വാധീനവും ഉപയോഗപ്പെടുത്തി സി.പി.എമ്മാണ് പടനയിക്കുന്നത്.
സംസ്ഥാന സർക്കാറിന്‍റെ ഭരണവിരുദ്ധത പ്രകടമായ മണ്ഡലത്തിൽ വിജയ‘ക്കൊടി’ ഇത്തവണയും കൊടിക്കുന്നിൽ പാറിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. അതിൽ പ്രധാനം കുട്ടനാട്ടിലെ നെൽകർഷകരുടെ പ്രശ്നമാണ്. സംഭരണം പൂർത്തിയാക്കിയിട്ടും നെല്ലുവില യഥാസമയം കിട്ടാത്തതിൽ കർഷകർ നിരാശയിലാണ്.
കാടിറങ്ങുന്ന വന്യമൃഗ ശല്യം മുതൽ കിഴക്കൻ മേഖലയിൽ റബറിന്‍റെയും തേങ്ങയുടെയും വിലയിടിവും കൊല്ലം ജില്ലയിൽ കശുവണ്ടിത്തൊഴിലാളികളുടെ പ്രശ്നങ്ങൾവരെ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എൻ.എസ്.എസ് അടക്കമുള്ള സമുദായ സംഘടനകളുമായുള്ള അടുപ്പവും മണ്ഡലക്കാർക്ക് മുഴുവൻ അറിയാമെന്നതുമാണ് കൊടിക്കുന്നിൽ സുരേഷിന്‍റെ മെച്ചം.
സംവരണ മണ്ഡലത്തിൽ ഹിന്ദു സാമുദായിക സംഘടനകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. 2019ൽ ആളിക്കത്തിയ ശബരിമല വിഷയം ഇന്ന് ചിത്രത്തിലില്ല. അന്ന് രാഷ്ട്രീയത്തിനപ്പുറം വികാരപരമായി നാമജപഘോഷയാത്രകളിൽ പങ്കെടുത്തവരുടെ രാഷ്ട്രീയക്കൂറിലും നിലപാടുകളിലും പ്രകടമായ മാറ്റമുണ്ട്.
അതിനാൽ ഹിന്ദു വോട്ടർമാരുടെ ഏകീകരണമില്ല. കേരള കോൺഗ്രസ്-എം ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനുശേഷമുള്ള ആദ്യ ലോക്സഭ തെരഞ്ഞെടുപ്പാണിത്. അതിനൊപ്പം കെ.ബി. ഗണേഷ് കുമാറിന്‍റെ മന്ത്രിസ്ഥാനത്തിലൂടെ പത്തനാപുരം അടക്കമുള്ള ചില മണ്ഡലങ്ങളിൽ എൻ.എസ്.എസ് വോട്ടുകളും പ്രതീക്ഷിക്കുന്നു. ബി.ജെ.പിയിലെ നായർവോട്ടുകൾ ഇക്കുറി ബി.ഡി.ജെ.എസ് പെട്ടിയിൽ വീഴില്ലെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ഈഴവ-മുസ്ലിം-ദലിത് വോട്ടുകളിലും വിള്ളൽവീഴും. ഏഴ് നിയമസഭ മണ്ഡലങ്ങളിലും എൽ.ഡി.എഫ് ജനപ്രതിനിധികളാണ്. അതിനാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച ജനപിന്തുണ ലോക്സഭ തെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. വികസന വാഗ്ദാനങ്ങളിൽ പലതും പൂര്‍ണമായി നടപ്പാക്കാൻ കൊടിക്കുന്നിലിന് കഴിഞ്ഞില്ലെന്ന ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.