ലോക്‌സഭ തിരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റര്‍

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തിരഞ്ഞെടുപ്പ് കമീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും. mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തിരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം.

വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Tags:    
News Summary - Lok Sabha Elections: Myth vs. Reality Register to Counter Fake News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.