പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 2024-25 വാർഷിക പദ്ധതി തയാറാക്കുന്നത് നേരത്തെയാക്കാൻ തദ്ദേശവകുപ്പ് നിർദേശം. 2024 ജനുവരിയിൽ തന്നെ പദ്ധതികൾ ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ അപ് ലോഡ് ചെയ്യണമെന്ന പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശവകുപ്പ് ഉത്തരവ്.
തദ്ദേശ സ്ഥാപനങ്ങൾ കരട് പദ്ധതി നിർദേശങ്ങൾ ഡിസംബർ 22നകം പൂർത്തിയാക്കണം. വാർഷിക പദ്ധതി പ്രവർത്തനം ഈയാഴ്ച തുടങ്ങണം. ഇതിനുള്ള മാർഗനിർദേശവും പുറപ്പെടുവിച്ചു.
അതിദാരിദ്ര്യ നിർമാർജനം മുഖ്യലക്ഷ്യമാക്കിയുള്ളതാകണം പദ്ധതി. പ്രാഥമിക ഉൽപാദന മേഖലകളായ കാർഷിക, മൃഗസംരക്ഷണ, മത്സ്യ, ക്ഷീര മേഖലകളിലെ ഉൽപാദനം വർധിപ്പിക്കാനുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. 2013ലെ ചട്ടപ്രകാരം ഡ്രെയിനേജ്, മാൻഹോൾ ക്ലീനിങ് തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് സംരക്ഷണ ഉപാധികൾ ലഭ്യമാക്കണം.
ദ്രവമാലിന്യ ശുചീകരണ പ്രവർത്തനങ്ങൾ ‘നോ ടച്ച്’ ആക്കാൻ യന്ത്രങ്ങൾ വാങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ കഴിയാത്ത പ്രോജക്ടുകളുടെ യഥാർഥ ചിത്രം മാർച്ച് 31 കഴിഞ്ഞാൽ മാത്രമേ വ്യക്തമാവൂ. ഈ സാഹചര്യത്തിൽ വാർഷിക പദ്ധതിയിൽ നിശ്ചിത തുക, പരമാവധി 20 ശതമാനം വരെ സ്പിൽ ഓവർ പദ്ധതികൾക്കായി മാറ്റിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട്: എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹാപ്പിനസ് പാർക്കുകൾ സ്ഥാപിച്ച് അവിടെ മാസത്തിലൊരിക്കൽ സന്തോഷ ദിനമായി ആചരിക്കാനുള്ള സൗകര്യം വരുംവർഷ പദ്ധതിയിൽ ഉൾപ്പെടുത്താൻ തദ്ദേശവകുപ്പ് നിർദേശം. 2024-25 വാർഷിക പദ്ധതി തയാറാക്കാനുള്ള രേഖയിലാണ് തദ്ദേശവകുപ്പിന്റെ നിർദേശമുള്ളത്. നേരത്തെ ഇടതുസർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതിക്കായുള്ള നടപടി തുടങ്ങാനാണ് നിർദേശം.
പാർക്കിൽ സെൽഫി കോർണർ, മൊബൈൽ റീചാർജിങ് സംവിധാനം, വൈഫൈ, ഡാൻസിങ്- സിങ്ങിങ് ഫ്ലോർ, മൈലാഞ്ചി കോർണർ, ബട്ടർഫ്ലൈ പാർക്ക്, നീന്തൽകുളം, ഓപൺ ജിം എന്നിവ ഉണ്ടാവണം. സേവ് ദി ഡേറ്റ്, ബർത് ഡേ പാർട്ടി പോലുള്ള ഇവന്റുകൾക്ക് ഉപയോഗപ്പെടുത്താനാകും വിധം പാർക്കുകൾ സജ്ജീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.