ലോകായുക്ത ഭേദഗതി പരിഗണിക്കാൻ മന്ത്രിസഭ: ബസ് ചാർജും മദ്യനയവും പരിഗണിക്കാൻ എൽ.ഡി.എഫ്

തിരുവനന്തപുരം: നിർണായക വിഷയങ്ങൾ പരിഗണിക്കാൻ എൽ.ഡി.എഫും മന്ത്രിസഭായോഗവും ഇന്ന്. ലോകായുക്ത ഓർഡിനൻസ് ഭേദഗതി രാവിലെ ചേരുന്ന മന്ത്രിസഭായോഗത്തിൽ പരിഗണിച്ചേക്കും. അതേസമയം, ബസ് ചാർജ് വർധന, പുതിയ മദ്യനയം എന്നിവ പരിഗണിക്കാൻ എൽ.ഡി.എഫ് നേതൃയോഗം ചേരും. വൈകീട്ട് 3.30ന് എ.കെ.ജി സെന്‍ററിലാണ് യോഗം. ഗവർണർ ഒപ്പിട്ട ലോകായുക്ത ഓർഡിനൻസ് സി.പി.ഐയുടെ എതിർപ്പിനെ തുടർന്ന് നിയമസഭാ സമ്മേളനത്തിൽ ബില്ലായി കൊണ്ടുവന്നിരുന്നില്ല. മാർച്ച് 30ന് ഓർഡിനൻസി‍െൻറ കാലാവധി അവസാനിക്കും.

അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർക്കെതിരായ അഴിമതി കേസുകൾ തെളിയിക്കപ്പെട്ട്, അവർ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്ത വിധിച്ചാലും മുഖ്യമന്ത്രി, ഗവർണർ, സർക്കാർ എന്നിവർക്ക് ഹിയറിങ് നടത്തി വിധി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നതാണ് ഭേദഗതി. ലോകായുക്തയുടെ വിധി കൈപ്പറ്റി മൂന്ന് മാസത്തിനകം ബന്ധപ്പെട്ട അധികാരി അത് തള്ളിയില്ലെങ്കിൽ അംഗീകരിച്ചതായി കണക്കാക്കും. എന്നാൽ, 1999ലെ ലോകായുക്ത നിയമ പ്രകാരം ലോകായുക്ത ഒരു വിധി പുറപ്പെടുവിച്ചാൽ അധികാരികൾ അതേപടി അതംഗീകരിക്കാൻ ബാധ്യസ്ഥരാണ്.

നിലവിലെ ലോകായുക്ത നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസോ മാത്രമേ ലോകായുക്ത ആയി നിയമിതരാകാൻ യോഗ്യരായുള്ളൂ. ഈ വ്യവസ്ഥ മാറ്റി ഹൈകോടതി മുൻ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥയും പുതുതായി സർക്കാർ ഉൾപ്പെടുത്തി. എന്നാൽ ലോകായുക്ത വിധിക്കുമേൽ അപ്പീൽ അധികാരമില്ലാത്ത വകുപ്പ് നൽകിയത് ഭരണഘടനയുടെ 164 അനുച്ഛേദത്തിന് വിരുദ്ധമാണെന്ന അഡ്വക്കറ്റ് ജനറലി‍െൻറ ഉപദേശത്തി‍െൻറ അടിസ്ഥാനത്തിലാണ് ഭേദഗതിയെന്നാണ് സി.പി.എമ്മി‍െൻറ നിലപാട്. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ സി.പി.ഐക്ക് എത്രത്തോളം പ്രതിരോധിക്കാനാവുമെന്നതാവും ശ്രദ്ധേയം.

ഏപ്രിൽ ഒന്നിന് പ്രഖ്യാപിക്കുന്ന പുതിയ മദ്യനയവും എൽ.ഡി.എഫ് ഇന്ന് പരിഗണിക്കും. ഐ.ടി പാർക്കുകളിൽ ബിയർ പാർലറുകൾ, പഴവർഗത്തിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം, കൂടുതൽ ബെവ്കോ ഔട്ട്ലെറ്റുകൾ എന്നിവയാവും പ്രധാനമായും ആലോചിക്കുക. ബാർ ലൈസൻസ് ഫീസിൽ കുറവ് വരുത്തണമെന്ന ആവശ്യവും മുന്നണിക്ക് മുന്നിലുണ്ട്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തുന്നതാണ് ബസ് ചാർജ് വർധന സംബന്ധിച്ച നിർദേശം. 

Tags:    
News Summary - Lokayukta amendment is being considered by the Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.