തിരുവനന്തപുരം: സംസ്ഥാന വനിത കമീഷൻ അംഗം ഷാഹിദ കമാലിന്‍റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ എവിടെയെന്ന് ലോകായുക്ത. ഷാഹിദയുടെ സത്യസന്ധത ബോധ്യപ്പെടണമെങ്കിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ലോകായുക്ത വ്യക്തമാക്കി.
ഷാഹിദയുടെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ കസാഖിസ്താൻ സർവകലാശാല എങ്ങനെയാണ് അറിഞ്ഞതെന്നും ലോകായുക്ത ചോദിച്ചു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകൾ ഹാജരാകാത്ത സാഹചര്യത്തിലാണ് ഷാഹിദയുടെ അഭിഭാഷകനോട് ലോകായുക്ത ഇക്കാര്യം ചോദിച്ചത്.
വിയറ്റ്നാം സർവകലാശാല ഡോക്ടറേറ്റ് നൽകിയെന്ന് പറഞ്ഞിരുന്ന സംസ്ഥാന സർക്കാർ ഇന്ന് നിലപാട് മാറ്റി. കസാഖിസ്താൻ സർവകലാശാല ഒാണററി ഡോക്ടറേറ്റ് നൽകിയെന്നാണ് ഷാഹിദ അറിയിച്ചതെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഷാഹിദ കമാലിന്‍റെ വിദ്യാഭ്യാസ രേഖകളും ഡോക്ടറേറ്റും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി വട്ടപ്പാറ സ്വദേശിയാണ് ലോകായുക്തയെ സമീപിച്ചത്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് ഷാഹിദ കമാൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കസാഖിസ്താൻ സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റും ഉണ്ടെന്ന് വിശദീകരിച്ചു.
സാമൂഹിക നീതി വകുപ്പിൽ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോൾ, വിയറ്റ്നാം സർവകലാശാലയിൽ നിന്ന് സ്ത്രീ ശാക്തീകരണത്തിന് ഡോക്ടറേറ്റ് ഉണ്ടെന്ന് ഷാഹിദ കമാൽ അറിയിച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കിയത്.
ആഗസ്റ്റ് മൂന്നിന് പരാതി ഫയലിൽ സ്വീകരിച്ച ലോകായുക്ത ഷാഹിദയോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. പരാതി നൽകി രണ്ടുമാസം കഴിഞ്ഞിട്ടും രേഖകൾ ഹാജരാക്കാൻ ഷാഹിദയുടെ അഭിഭാഷകൻ തയാറായില്ല. ഇതേതുടർന്ന് ഒക്ടോബർ അഞ്ചിന് പരാതി വീണ്ടും പരിഗണിച്ച ലോകായുക്ത, വിശദീകരണവും രേഖകളും സമർപ്പിക്കാൻ ഷാഹിദയോട് നിർദേശിച്ചിരുന്നു.
തുടർന്ന് കസാഖിസ്താന്‍ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്ന് ഷാഹിദ കമാല്‍ ലോകായുക്തക്ക് വിശദീകരണം നൽകിയത്. സാമൂഹിക രംഗത്ത് താൻ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് നൽകിയ ഓണററി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദ കമാലിന്‍റെ വിശദീകരണം. തന്‍റെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുണ്ടെന്ന് സമ്മതിച്ച ഷാഹിദ ബിരുദം കേരള സര്‍വകലാശാലയില്‍ നിന്നല്ലെന്നും അണ്ണാമലൈയില്‍ നിന്നാണെന്നും തിരുത്തി.
2009ലും 2011ലും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പിഴവുപറ്റിയെന്ന് ഷാഹിദ കമാല്‍ ലോകായുക്തക്ക് നൽകിയ മറുപടിയിൽ പറയുന്നു. കേരള സർവകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷനിൽ നൽകിയ രേഖ. എന്നാൽ 2016ൽ അണ്ണാമല സർവകലാശാലയിൽ നിന്നുമാണ് താൻ ഡിഗ്രി നേടിയതെന്നാണ് ഷാഹിദയുടെ വിശദീകരണം.
'സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണവും' എന്ന വിഷയത്തിൽ പി.എച്ച്.ഡി കിട്ടിയെന്ന് അവകാശപ്പെട്ട് 2018 ജൂലൈ 30ന് ഷാഹിദ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ വിവാദമുയർന്നപ്പോൾ, ഫേസ്ബുക്കിലൂടെ വിശദീകരണവുമായി എത്തിയ ഷാഹിദ, തനിക്ക് ഇന്‍റർനാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡി–ലിറ്റ് ലഭിച്ചതായും വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി ചാനൽ ചർച്ചക്കിടെയാണ് ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആരോപണം ആദ്യം ഉന്നയിച്ചത്. ഷാഹിദ കമാൽ ബികോം വരെ മാത്രമാണ് പഠിച്ചതെന്നും അവസാന വർഷ പരീക്ഷ പാസായിട്ടില്ലെന്നും ഡോക്ടറേറ്റ് ഇല്ലെന്നുമായിരുന്നു ആരോപണം. ഷാഹിദക്ക് വിയറ്റ്നാം സർവകലാശാലയിൽ നിന്നു പി.എച്ച്.ഡി ലഭിച്ചെന്നായിരുന്നു തൃക്കാക്കര സ്വദേശി എസ്. ദേവരാജന് സാമൂഹികനീതി വകുപ്പിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.