തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്ത കേസിൽ വ്യക്തമാകുന്നത് കേരള ലോകായുക്തയുടെ ‘ഉരുണ്ടുകളി’. മന്ത്രിസഭ തീരുമാനങ്ങൾ അന്വേഷിക്കുന്നത് ലോകായുക്തയുടെ പരിധിയിൽ വരുമോ, ഇല്ലയോ എന്ന നിയമവിഷയത്തിലാണ് പ്രധാന ഭിന്നാഭിപ്രായം. പ്രാഥമിക ഘട്ടത്തിൽ വാദം കേൾക്കുകയും എന്നാൽ വിധി പറയും മുമ്പ് വ്യത്യസ്ത അഭിപ്രായം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടികൾ ഫുൾബെഞ്ചിന് വിടുന്നത്. മുമ്പ് പാറ്റൂർ ഫ്ലാറ്റ് നിർമാണ കേസും ഫുൾബെഞ്ചിന് വിട്ടിരുന്നു. എന്നാൽ, ദുരിതാശ്വാസ കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കി ഒരുവർഷത്തിന് ശേഷമാണ് ഇപ്പോൾ ഫുൾബെഞ്ചിന് വിട്ടത്.
ലോകായുക്തയുടെ ഫുൾബെഞ്ച് വിശദമായ വാദം കേട്ടശേഷം 2019 ജനുവരി 14ന് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്തയുടെ ഫുൾബെഞ്ച് ഈ വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഹരജിയിൽ തുടർനടപടികൾ ഉണ്ടായത്. ഈ ഉത്തരവ് നിലവിലുള്ളപ്പോഴാണ് അതിന് വിരുദ്ധമായി ഇപ്പോൾ മറ്റൊരു ഉത്തരവ് വന്നത്. ഇതാണ് ബോധപൂർവമായി ഒളിച്ചുകളിയായി വ്യാഖ്യാനിക്കപ്പെടുന്നത്. ആദ്യ ഉത്തരവിനെ പരാതിക്കാരനോ എതിർകക്ഷികളോ അപ്പീൽ കോടതികളിൽ ചോദ്യം ചെയ്തിട്ടുമില്ല.
2018 സെപ്റ്റംബർ 27നാണ് ദുരിതാശ്വാസനിധി ദുരുപയോഗം സംബന്ധിച്ച ഹരജി സമർപ്പിക്കപ്പെട്ടത്. നാല് വർഷത്തിലേറെ കഴിഞ്ഞിട്ടും അതിൽ വിധിവരാത്തത് ലോകായുക്തയുടെ മെല്ലെപ്പോക്കും ഇടപെടലുകളും കാരണമാണെന്നും ആരോപണമുയരുന്നു. വിചാരണവേളയിൽ ലോകായുക്തയുടെ ഭാഗത്തുനിന്ന് സർക്കാർ അനുകൂല പരാമർശങ്ങളുണ്ടായത് ഈ സംശയങ്ങൾക്ക് ശക്തിപകരുന്നതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിയിൽനിന്ന് പണം നൽകാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിന്റേതാണെന്നും അതിന് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ സ്വജനപക്ഷപാതം നടത്തിയെന്ന് എങ്ങനെ കണക്കാക്കാൻ കഴിയുമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗിക കൃത്യനിർവഹണത്തിന് ഇടയിലാണ് മരണപ്പെട്ടത്. പൊലീസുകാരൻ തന്റെ ജോലി ചെയ്യുകയായിരുന്നു. അതിന് തെറ്റുണ്ടോയെന്നും ലോകായുക്ത അന്ന് ആരാഞ്ഞിരുന്നു. ഒരു മന്ത്രിസഭക്കെതിരെ അന്വേഷണം നടത്താനുള്ള അധികാരം ഉണ്ടോയെന്നും തുടക്കസമയത്ത് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.