കൊച്ചി: സ്ഥാനാർഥി നിർണയമടക്കം രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈകോടതി. പാർട്ടികൾ സ്ഥാനാർഥികളെ നിർണയിക്കുന്നത് പൊതു ഭരണനിർവഹണമല്ലാത്തതിനാൽ ഭരണവൈകല്യത്തിന്‍റെ പ്രശ്നം ഉദിക്കുന്നില്ലെന്നും അതിനാൽ അന്വേഷണം നടത്താൻ ലോകായുക്തക്കാവില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ അടക്കമുള്ളവർക്കെതിരെ അന്വേഷണത്തിനുള്ള ലോകായുക്ത ഉത്തരവ് റദ്ദാക്കിയാണ് നിരീക്ഷണം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഡോ. ബെനറ്റ് എബ്രഹാമിന്‍റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടായിരുന്നു ലോകായുക്ത അന്വേഷണത്തിന് നിർദേശിച്ചത്. ഇത് പെയ്മെന്‍റ് സീറ്റാണെന്നും തെരഞ്ഞെടുപ്പിൽ 1.87 കോടിയുടെ കോഴ ഇടപാട് നടന്നെന്നും ആരോപിച്ച് തിരുവനന്തപുരം സ്വദേശി എ. ഷംനാദ് ലോകായുക്തയിൽ പരാതി നൽകി.
ഇതിന്‍റെ അടിസ്ഥാനത്തിൽ പന്ന്യൻ രവീന്ദ്രൻ, പാർട്ടി ദേശീയ എക്സിക്യൂട്ടിവ് അംഗമായിരുന്ന സി. ദിവാകരൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായിരുന്ന ആർ. രാമചന്ദ്രൻ എന്നിവർക്കെതിരെ അന്വേഷണത്തിന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനോട് നിർദേശിച്ച് ലോകായുക്ത ഉത്തരവിട്ടു. ഇത്തരത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ ലോകായുക്തക്ക് അധികാരമില്ലെന്ന് കാട്ടി പന്ന്യൻ രവീന്ദ്രൻ നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.