കോഴിക്കോട്: സിസ്റ്റർ അഭയ കൊലപാതകക്കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയ ഹൈകോടതി വിധി നിരാശാജനകമെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ. കേസിന്റെ തുടക്കം മുതൽ പലതരത്തിലുള്ള നീതി നിഷേധങ്ങൾ നാം കണ്ടതാണ്. ജോമോൻ പുത്തൻപുരക്കൽ എന്ന വ്യക്തിയാണ് കേസ് മുന്നോട്ട് കൊണ്ടുപോയത്. കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങി ജയിലിലായിരിക്കുമ്പോഴും അവർക്ക് വേണ്ടി പ്രവർത്തിക്കാൻ സ്വാധീനമുള്ള സംവിധാനം നിലവിലുണ്ടെന്നതാണ് ഹൈകോടതിയുടെ വിധി സൂചിപ്പിക്കുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞു.
ആത്യന്തികമായി നീതികിട്ടുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്ന നീതിന്യായ പീഠങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള നീതി നിഷേധങ്ങൾ അനുഭവിക്കുമ്പോൾ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടപ്പെടും. നിരാശയുടെ കാലമാണിത്.
പുരോഹിതൻമാരും സിസ്റ്റർമാരും സ്വർഗത്തിൽ ജീവിക്കുന്നവരെപ്പോലെയാണെന്ന വിശ്വാസം കേരളത്തിൽ ഉണ്ടാക്കിവെച്ചിരുന്നു. കത്തോലിക്ക സഭയിലെ പരോഹിതനും സിസ്റ്റർക്കും കുറ്റം ചെയ്യാൻ എങ്ങനെ സാധിക്കുമെന്ന് ന്യായാധിപൻമാർ ചോദിക്കുന്നു. അവർ വിശുദ്ധിയുടെ പരമോന്നത തലത്തിലാണെന്നും ഇവർക്ക് തെറ്റ് ചെയ്യാനാകില്ലെന്നും വാദിക്കുന്ന വക്കീലൻമാരെ കണ്ടിട്ടുണ്ട്.
പക്ഷേ, ഇവരുടെ വസ്ത്രത്തിനുള്ളിൽ കൊലപാതകം, ക്രൂരത, അഴിമതി എല്ലാം നിറഞ്ഞു നൽകുന്നത് സത്യമാണ്. എത്രയോ ഘട്ടങ്ങൾ കേസ് അട്ടിമറിക്കാനും ഇല്ലാതാക്കാനും ശ്രമങ്ങൾ ഉണ്ടായി. ഈ സാഹചര്യത്തിൽ നീണ്ടകാലത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്താനായത്. 28 വർഷം അവർ ജയിച്ചു നിന്നെങ്കിൽ അതിനു പിന്നിൽ അവർക്ക് ശക്തമായ സ്വാധീനമുണ്ട്. വളരെയധികം സങ്കടപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുണ്ടായിരിക്കുന്നത്.
തെളിവുകൾ ഇവർക്ക് അനുകൂലമാക്കി മാറ്റുകയാണ്. അനുകൂലമല്ലാത്ത തെളിവുകൾ കൂടി അനുകൂലമാക്കാൻ ഇവർ വർഷങ്ങൾ പ്രയത്നിച്ചു. അതിന്റെ ഒരു ഘട്ടം കൂടി ഇവർ വിജയിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരനെ സംബന്ധിച്ച് വിധി
നിരാശാജനകമാണ്. ഇനിയും അവർ വിശുദ്ധ വസ്ത്രം ധരിച്ച് ആഹ്ലാദിച്ച് നടക്കട്ടെ എന്നായിരിക്കും നീതി പീഠം ആഗ്രഹിക്കുന്നതെന്നും ലൂസി കളപ്പുരക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.