വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവറും ഉറങ്ങിക്കിടന്ന യുവതിയും മരിച്ചു

തൊടുപുഴ: നിയന്ത്രണം വിട്ട ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് ഡ്രൈവറും ഉറങ്ങിക്കിടന്ന യുവതിയും മരിച്ചു. വണ്ണപ്പുറത്തിനു സമീപം മുണ്ടന്‍മുടി നാല്‍പതേക്കറില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.45ഓടെയാണ് അപകടം. പുളിക്കമറ്റത്തില്‍ മധുവിന്‍െറ ഭാര്യ അന്‍സിലി (25), ലോറി ഡ്രൈവര്‍ ഏലപ്പാറ ഹെലിബെറിയ വിജയഭവനില്‍ മുരുകന്‍െറ മകന്‍ എം. മനോജ് (32) എന്നിവരാണ് മരിച്ചത്. അന്‍സിലിയുടെ മകള്‍ ജ്യോത്സ്ന (മൂന്ന്), ലോറിയുടെ മറ്റൊരു ഡ്രൈവര്‍ ചീന്തലാര്‍ അമ്പലപ്പാറ മുല്ലൂര്‍ സിജോ (25) എന്നിവര്‍ക്ക് പരിക്കേറ്റു. കുട്ടിയെ മുതലക്കോടത്തെയും സിജോയെ തൊടുപുഴയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 
 

വീടിനു മുകളിലേക്ക് മറിഞ്ഞ ലോറി . അന്‍സിലി ഉറങ്ങിക്കിടന്ന ബെഡും കാണാം
 


അന്‍സിലിക്കൊപ്പം ഉറങ്ങിയ മകള്‍ ജ്യോത്സ്ന അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പാലക്കാട്ടുനിന്ന് കട്ടപ്പനക്ക് 20 ടണ്ണോളം കമ്പിയുമായി പോയ ലോറിയാണ് മറിഞ്ഞത്. വളവുകളുള്ള റോഡില്‍ കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡരികിലെ പുരയിടത്തിലൂടെ കയ്യാലകള്‍ തകര്‍ത്ത് 70 മീറ്ററോളം താഴെയുള്ള കോണ്‍ക്രീറ്റ് വീട്ടിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. അടുക്കളയോട് ചേര്‍ന്ന മുറിയില്‍ ഉറങ്ങിക്കിടന്ന അന്‍സിലിയുടെ ശരീരത്തേക്കാണ് വാഹനത്തിന്‍െറ മുന്‍ഭാഗം പതിച്ചത്. മകള്‍ ജ്യോത്സ്ന ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണു. അന്‍സിലി തല്‍ക്ഷണം മരിച്ചു. 

മൂത്തമകന്‍ ജിമോയ്സും (അഞ്ച്) അന്‍സിലിയുടെ ഭര്‍ത്താവ് മധുവും മറ്റൊരു മുറിയിലാണ് ഉറങ്ങിയിരുന്നത്. ശബ്ദം കേട്ട് ഓടിയത്തെിയ മധു, വീണുകിടന്ന കുഞ്ഞിനെ ഉടന്‍ എടുത്തുമാറ്റുകയായിരുന്നു. ഡ്രൈവര്‍മാര്‍ ഇരുവരും മണിക്കൂറോളം ലോറിക്കുള്ളില്‍ കുടുങ്ങിക്കിടന്നു. തൊടുപുഴ ഫയര്‍ ഫോഴ്സും കാളിയാര്‍ പൊലീസും വണ്ണപ്പുറത്തെ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ സംഘവും സ്ഥലത്തത്തെി ഇവര്‍ക്ക് വൈദ്യസഹായം നല്‍കി. പാദം ഉള്ളില്‍ കുടുങ്ങിയ സിജോയെ മൂന്നുമണിയോടെയും മനോജിനെ രാവിലെ ഏഴോടെയുമാണ് പുറത്തെടുത്തത്. അപ്പോഴേക്കും മനോജ് മരിച്ചു. ആറു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് തറ മാന്തി മണ്ണുനീക്കി രാവിലെ എട്ടിനാണ് അന്‍സിലിയുടെ  മൃതദേഹം പുറത്തെടുത്തത്.   

Tags:    
News Summary - lorry accident at thodupuzha, two killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.