കോഴിക്കോട്: ഓഡിറ്റ് റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിച്ച ബാധ്യതകൾ ബന്ധപ്പെട്ട ജീവനക്കാരിൽനിന്ന് ഉടൻ ഈടാക്കിയില്ലെങ്കിൽ സ്ഥാപന മേധാവികളുടെ ബാധ്യതയായി കണക്കാക്കുമെന്ന് ജയിൽ വകുപ്പ്. സംസ്ഥാനത്തെ ജയിലുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തിലും വികസനത്തിലും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വീഴ്ചകൾമൂലം വലിയ നഷ്ടങ്ങളുണ്ടായതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ചൂണ്ടിക്കാട്ടിയ നഷ്ടങ്ങൾ ബന്ധപ്പെട്ടവരിൽനിന്ന് തിരിച്ചുപിടിക്കാൻ ജയിൽവകുപ്പ് സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
എന്നാൽ, ജയിൽ സൂപ്രണ്ടുമാർ സമയബന്ധിതമായി നടപടികൾ സ്വീകരിക്കാത്തതോടെ ‘നഷ്ടമുണ്ടാക്കിയ’ ജീവനക്കാരിൽ പലരും മറ്റു ജയിലുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും സ്ഥലംമാറിപ്പോയി. ജയിൽ മേധാവിമാരുടെ വീഴ്ചകാരണം സർക്കാറിലേക്ക് ലഭിക്കേണ്ട വൻ തുകയാണ് ഇതോടെ നഷ്ടക്കണക്കിൽ കിടന്നത്. ഇത് മുൻനിർത്തിയാണിപ്പോൾ നടപടി.
വിരമിക്കുന്നതോ സ്ഥലം മാറിപ്പോകുന്നതോ ആയ ജീവനക്കാരുടെ ബാധ്യതകൾ യഥാസമയം അറിയിച്ച് നിശ്ചിത സമയപരിധിക്കകം ഈടാക്കി ചലാൻ പകർപ്പ് സമർപ്പിക്കാനാണ് സ്ഥാപന മേധാവികളോട് നിർദേശിച്ചത്. ഇത് നടപ്പാക്കാത്തപക്ഷം ഉദ്യോഗസ്ഥരുടെ ബാധ്യതകൾ സ്ഥാപന മേധാവിയുടെ ബാധ്യതയായി കണക്കാക്കി തുടർനടപടി സ്വീകരിക്കുമെന്ന് ഹെഡ് ക്വാർട്ടർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എം.കെ. വിനോദ് കുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.