കൊച്ചി: കേന്ദ്രസർക്കാർ പദ്ധതികൾക്കുകീഴിൽ എൽ.പി.ജി വിതരണവും പെേട്രാൾ പമ്പുകളും വാഗ്ദാനം ചെയ്ത് വ്യാജ വെബ്സൈറ്റുകൾ സൃഷ്ടിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് എണ്ണക്കമ്പനികൾ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി ഉജ്വല യോജന (പി.എം.യു.െഎ), നേരത്തേ നടപ്പാക്കിയിരുന്ന രാജീവ് ഗാന്ധി ഗ്രാമീൺ എൽ.പി.ജി വിതാരക് യോജന (ആർ.ജി.ജി.എൽ.വി) എന്നിവയുടെ പേരിലാണ് www.ujjwaladealer.com, www.lpgvitarakchayan.org, www.ujjwalalpgvitarak.org, www.indanelpg.com വെബ്സൈറ്റുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടക്കുന്നത്.
www.lptgvirakchayan.in എന്ന ഔദ്യോഗിക വെബ്സൈറ്റിനെ പേരിലും ഡിസൈനിലും ഉള്ളടക്കത്തിലും അനുകരിച്ചാണ് തട്ടിപ്പ്. www.lptgvirakchayan.in എന്ന ഔദ്യോഗിക വിലാസത്തിൽ രജിസ്റ്റർ ചെയ്തവർക്ക് തട്ടിപ്പ് സംഘങ്ങൾ വ്യാജ ഇ-മെയിൽ സന്ദേശങ്ങൾ അയക്കുന്നു. info@ujjwaladealer.com എന്ന വ്യാജ ഇ-മെയിൽ വിലാസത്തിൽ നിന്നാണ് വ്യാജ വാഗ്ദാനങ്ങളുമായി സന്ദേശം എത്തുന്നത്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെേട്രാളിയം കോർപറേഷൻ, ഭാരത് പെേട്രാളിയം കോർപറേഷൻ കമ്പനികളുടെ ലോഗോയും ലെറ്റർഹെഡും ഇ-മെയിൽ സന്ദേശങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. വെസ്റ്റ് മുംബൈ കാന്തിവാലി എം.ജി റോഡിലെ ഉജ്വല അപ്പാർട്മെൻറിലെ ഉജ്വല-ആർ.ജി.ജി.എൽ.വി -400067 എന്നാണ് വെബ്സൈറ്റിൽ വിലാസം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേന്ദ്രപദ്ധതികളുടെ ലോഗോ, പ്രധാനമന്ത്രിയുടെ ഫോട്ടോ, എണ്ണക്കമ്പനികളുടെ ലോഗോ എന്നിവ വെബ്സൈറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. www.lptgvirakchayan.in എന്ന ഔദ്യോഗിക വെബ്സൈറ്റിനെ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂവെന്നും തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽപെടാതെ ശ്രദ്ധിക്കണമെന്നും എണ്ണക്കമ്പനികൾ മുന്നറിയിപ്പ് നൽകി. തട്ടിപ്പിനിരയായവർ സൈബർ പൊലീസിൽ പരാതി നൽകണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.