നീതി നിഷേധത്തിന്റെ എപ്പിസോഡുകൾക്കിടയിൽ മകൻ കറുത്ത ഗൗൺ അണിഞ്ഞു -മകൻ വക്കീലായി എൻറോൾ ചെയ്തതിനെ കുറിച്ച് മഅ്ദനി

കൻ സലാഹുദ്ദീൻ അയ്യൂബി അഭിഭാഷകനായി എൻറോൾ ചെയ്തതിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനി. നിരന്തര നീതി നിഷേധത്തിന്റെ ഒട്ടധികം എപ്പിസോഡുകളുടെ നടുവിലൂടെ എന്റെ മകൻ ന്യായാന്യായങ്ങളെ വേർതിരിക്കുവാനുള്ള കറുത്ത ഗൗൺ ഇന്ന് അണിഞ്ഞു എന്നാണ് മഅ്ദനി കുറിച്ചത്.

അയ്യൂബിക്ക് പത്ത് മാസം പ്രായമുള്ളപ്പോഴാണ് തന്നെ കള്ളക്കേസിൽ കുടുക്കി എന്നെ കോയമ്പത്തൂർ ജയിലിൽ അടയ്ക്കുന്നത് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മഅ്ദനി ജയിലിലായതിനു ശേഷം അയ്യുബിയുടെ ലോകം പ്രധാനമായും കോയമ്പത്തൂർ സേലം ജയിലുകളിലെ സന്ദർശക മുറികളും അവിടുത്തെ ജയിൽ ഉദ്യോഗസ്‌ഥരുമൊക്കെയായിരുന്നു. ഒട്ടനവധി ശാരീരിക-മാനസിക പീഡനവും മകൻ സഹിച്ച കാര്യവും മഅ്ദനി വേദനയോടെ പങ്കുവെക്കുന്നുണ്ട്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

സ്തുതികൾ അഖിലവും ജഗന്നിയന്താവിന്...

എന്റെ പ്രിയ മകൻ സലാഹുദ്ദീൻ അയ്യൂബി ഇന്ന് കുറച്ച് മുൻപ് 10.26 മണിക്ക് അഡ്വക്കേറ്റായി എൻറോൾ ചെയ്തു.

എറണാകുളം കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കെ.എൻ.അനിൽ കുമാർ (ചെയർമാൻ, ബാർ കൗൺസിൽ ഓഫ് കേരളാ) മനോജ്കുമാർ.എൻ (ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗം),

ഗോപാലകൃഷ്ണ കുറുപ്പ് (അഡ്വക്കേറ്റ് ജനറൽ), കെ.പി ജയചന്ദ്രൻ (അഡീ. അഡ്വക്കേറ്റ് ജനറൽ), നസീർ കെ.കെ, എസ്.കെ പ്രമോദ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. ഡയസ് ആണ് എൻറോൾമെന്റ് സർട്ടിഫിക്കറ്റ് നൽകിയത്.

അങ്ങനെ, നിരന്തര നീതി നിഷേധത്തിന്റെ ഒട്ടധികം എപ്പിസോഡുകളുടെ നടുവിലൂടെ എന്റെ മകൻ ന്യായാന്യായങ്ങളെ വേർതിരിക്കുവാനുള്ള കറുത്ത ഗൗൺ ഇന്ന് അണിഞ്ഞു. അയ്യൂബിക്ക് പത്ത് മാസം പ്രായമുള്ളപ്പോഴാണ് കള്ളക്കേസിൽ കുടുക്കി എന്നെ കോയമ്പത്തൂർ ജയിലിൽ അടയ്ക്കുന്നത്. പിന്നീട് അവന്റെ ലോകം പ്രധാനമായി കോയമ്പത്തൂർ സേലം ജയിലുകളിലെ സന്ദർശക മുറികളും അവിടുത്തെ വ്യത്യസ്ത സ്വഭാവക്കാരായ ജയിൽ ഉദ്യോഗസ്‌ഥരുമൊക്കെയായിരുന്നു. പലതരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളുടെ നടുവിലൂടെ വളരേണ്ടി വന്ന ബാല്യമായിരുന്നു അവന്റേത്. ഒരിക്കൽ ഭാര്യ സൂഫിയായെ ഉപദ്രവിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ കുഞ്ഞുകൈകൾ കൊണ്ട് തടുക്കാൻ ശ്രമിച്ചപ്പോൾ ജയിൽ മുറ്റത്ത് വലിച്ചെറിയപ്പെട്ടു. ചോരയൊഴുകുന്ന അന്നത്തെ അവന്റെ മുഖം ഇപ്പോഴും മറക്കാനാവാത്ത എന്റെ ഓർമ്മയാണ്.

ഇന്ന് നല്ല മാർക്കോടെ എൽ.എൽ.ബി പാസ് ആയതിന്റെ സന്തോഷം രേഖപ്പെടുത്തുമ്പോൾ അവിടെ എത്തിപ്പെടാൻ ഒട്ടനവധി വിഷമങ്ങൾ അവന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിൽ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിച്ചു.


എറണാകുളം തേവള്ളി വിദ്യോദയ സ്‌കൂളിലെ LKG പഠനവും നിലമ്പൂർ Peeveesലെ UKG,1 പഠനവും പിന്നീട് ഒൻപതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും Peeveesൽ കിട്ടിയ ക്ലാസ്സുകളും മാത്രമാണ് എൽ.എൽ.ബിക്ക് മുൻപ് അവന് സുരക്ഷിതമായി ലഭ്യമായിട്ടുള്ള ക്ലാസ്സുകൾ. പിന്നീടൊക്കെ ദിനേന എന്നവണ്ണമുള്ള എന്റെ ആശുപത്രി വാസത്തിനും സംഘർഷഭരിതമായ ദിനരാത്രങ്ങൾക്കുമിടയിൽ വളരെ കഷ്ടപ്പെട്ട് അവൻ നേടിയെടുത്ത നേട്ടങ്ങളാണ്.

വല്ലാത്ത വാത്സല്യം നൽകി അവനെ പഠനരംഗത്ത് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന അവന്റെ പ്രിയപ്പെട്ട അധ്യാപകർ...തളർന്ന് വീണുപോകാതെ താങ്ങി നിർത്തിയ ഒട്ടധികം സുമനസ്സുകൾ..

എല്ലാവർക്കും എല്ലാവർക്കും കാരുണ്യവാൻ അനുഗ്രഹം ചെയ്യുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.


അവകാശ നിഷേധം അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ നിസ്സഹായർക്കും കൈത്താങ്ങായി മാറാൻ അയ്യൂബിയുടെ നിയമ ബിരുദം അവന് കരുത്തേകട്ടെ... ജഗന്നിയന്താവിന്റെ ഭാഗത്ത് നിന്നുള്ള അനുഗ്രഹം അവന് എപ്പോഴും ലഭ്യമാകുവാൻ എന്നും എല്ലാവരും പ്രാർത്ഥിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. 

Tags:    
News Summary - Madani about his son's enrollment as a lawyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.