ബംഗളൂരു: കേരള സന്ദർശനത്തിന് വീണ്ടും അനുമതി തേടി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചു. പിതാവിനെ കാണാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചത്. കേരള സന്ദർശനവേളയിൽ സംസ്ഥാന പൊലീസ് സൗജന്യ സുരക്ഷ ഒരുക്കിയ വിവരവും കോടതിയെ അറിയിക്കും. മഅ്ദനിയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ ഏപ്രിൽ 17നാണ് ഗുരുതരാവസ്ഥയിൽ കഴിയുന്ന പിതാവിനെ കാണാൻ മഅ്ദനിക്ക് സുപ്രീം കോടതി മൂന്നു മാസത്തെ ജാമ്യ ഇളവ് നൽകിയത്. എന്നാൽ, ഭീമമായ തുക കർണാടക പൊലീസിന് നൽകി കേരള സന്ദർശനത്തിനില്ലെന്ന് ചൂണ്ടിക്കാട്ടി മഅദനി യാത്ര മാറ്റുകയായിരുന്നു. തുടർന്ന് കർണാടകത്തിൽ പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ അകമ്പടി പോകേണ്ട പൊലീസുകാരുടെ എണ്ണത്തിൽ കുറവ് വരുത്തി. തുടർന്ന് ബാക്കിയുള്ള ഏഴു ദിവസം കേരളത്തിൽ ചെലവഴിക്കാൻ മഅദനിക്ക് പുറപ്പെട്ടത്.
എന്നാൽ, നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി യാത്ര തുടരവെ ആലുവയിലെത്തിയപ്പോൾ കടുത്ത ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉയർന്ന രക്തസമ്മർദവും ക്രിയാറ്റിനീൻ അളവുകൂടുതലും മറ്റനേകം ശാരീരിക പ്രശ്നങ്ങളുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. തുടർന്ന് ആശുപത്രിയിലെ ചികിത്സയായതിനാൽ പിതാവിനെ കാണാൻ സാധിക്കാതെ കഴിഞ്ഞ വെള്ളിയാഴ്ച മഅദനി ബംഗളൂരുവിലേക്ക് മടങ്ങി.
കോടതി അനുവദിച്ച ഇളവ് കാലാവധി ശനിയാഴ്ച അവസാനിക്കുമെന്നതിനാൽ വെള്ളിയാഴ്ച തന്നെ ബംഗളൂരുവിലേക്ക് പുറപ്പെടേണ്ടി വരുകയായിരുന്നു. ഡയാലിസിസ് ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും യാത്രക്ക് തടസമാകുമെന്നതിനാൽ മഅ്ദനി അതിന് തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.