ശാസ്താംകോട്ട: വാക്കുകൾകൊണ്ട് വിശദീകരിക്കാനാവാത്ത മനോവേദന അനുഭവിച്ച ജീവിതത ്തിെൻറ ഉടമയാണ് അബ്ദുന്നാസിർ മഅ്ദനിയുടെ മാതാവ് അസ്മാബീവി. അർബുദബാധിതയായി ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയ ഇവർ നേരിട്ട പരീക്ഷണങ്ങൾക്കും അനുഭവിച്ച യാതനകൾക്കും സമാനതകളില്ല.പ്രൈമറി സ്കൂൾ പ്രഥമാധ്യാപകനായിരുന്ന മൈനാഗപ്പള്ളി തോട്ടുവാൽ ടി.എ. അബ്ദുസ്സമദ് മാസ്റ്റർ-അസ്മാബീവി ദമ്പതികൾക്ക് എട്ട് മക്കളാണ്. അതിൽ മൂത്തയാളാണ് അബ്ദുന്നാസിർ മഅ്ദനി. പക്ഷാഘാതം ബാധിച്ച് വലതുവശം തളർന്ന അബ്ദുസ്സമദ് മാസ്റ്ററും ശയ്യാവലംബിയാണ്.
1992 ആഗസ്റ്റ് ആറിന് രാത്രി നിസ്കാരപായയിൽ ഇരിക്കുമ്പോഴാണ് മഅ്ദനിക്കുനേരേ ബോംബാക്രമണമുണ്ടായെന്ന വിവരം അസ്മാബീവി അറിഞ്ഞത്. മതപ്രഭാഷകനായി കേരളമാകെ നിറഞ്ഞുനിന്ന മകെൻറ വലതുകാൽ നഷ്ടമായെന്ന വിവരം മാതാവിനെ തളർത്തി. ബാബരി മസ്ജിദ് തകർക്കപ്പെട്ടുകഴിഞ്ഞ് 1992 ഡിസംബർ 13ന് രാത്രി പൊലീസ് മഅ്ദനിയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും ബലമായി ഇറക്കിവിട്ട് വീട് മുദ്രെവച്ചു. പിന്നീട് അവിടെ പൊലീസ് ക്യാമ്പ് തുടങ്ങി. അന്ന് ഒരു വയസ്സുള്ള ഇളയ മകൻ ഹുസൈൻ അടക്കം ഏഴ് മക്കളുമായി ഈ മാതാപിതാക്കൾ ബന്ധുവീടുകളിൽ മാറിമാറി താമസിച്ചു. നാലാണ്ടിനുശേഷം തിരികെ കിട്ടുമ്പോൾ വീട് ആകെ നശിച്ചിരുന്നു.
പ്രകോപനപരമായി പ്രസംഗിച്ചെന്ന കുറ്റം ചുമത്തി മഅ്ദനിയെ 1998 മാർച്ച് 31ന് കൊച്ചിയിൽനിന്ന് പൊലീസ് പിടികൂടി തമിഴ്നാട് സർക്കാറിന് കൈമാറിയതുമുതൽ കോയമ്പത്തൂർ സ്ഫോടനക്കേസിൽ കോടതി വെറുതെവിട്ട് 2007 ആഗസ്റ്റ് ഒന്നിന് ജയിൽമോചിതനായി തിരികെ എത്തുംവരെ ഉമ്മ വീഴ്ത്തിയ കണ്ണീരിന് കണക്കില്ല. സമദ് മാസ്റ്റർ മകെൻറ നിരപരാധിത്വം തെളിയിക്കാൻ നടത്തിയ നിയമപോരാട്ടങ്ങൾക്കെല്ലാം തുണയായി ഇൗ ഉമ്മയുണ്ടായിരുന്നു.
ബംഗളൂരു പൊലീസ് ആറ് കൊല്ലം മുമ്പ് മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയപ്പോൾ അസ്മാബീവിക്ക് അത് ഇരട്ട ആഘാതമായി. ഭർത്താവ് അബ്ദുസ്സമദ് മാസ്റ്റർ പക്ഷാഘാതം വന്ന് വീണതിെൻറ നാലാംനാളായിരുന്നു മകെൻറ അറസ്റ്റ്. ഭർത്താവ് സുഖപ്പെടാനും മകൻ ജയിൽമോചിതനാകാനും പ്രാർഥനയിൽ മുഴുകി കഴിയവെയാണ് അർബുദത്തിെൻറ വരവ്. ഒടുവിൽ കോടതിയുടെ ദാക്ഷിണ്യത്തിൽ ഉമ്മയെ കാണാനെത്തിയ മഅ്ദനിയുടെ കൈകളിൽക്കിടന്ന് അവർ പരീക്ഷണങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.