മഅ്ദനിയുടെ കേരളയാത്ര: 50 ലക്ഷം കെട്ടിവെക്കണമെന്ന കർണാടകയുടെ നിർദേശത്തെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ കേരളത്തിലേക്ക് പോകാൻ തങ്ങൾ പുറപ്പെടുവിച്ച വിധി വിഫലമാക്കുകയാണോ കർണാടക സർക്കാർ പുതിയ ഉപാധിവെച്ച് ചെയ്യുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. മഅ്ദനിയെ കേരളത്തിലേക്ക് അയക്കണമെങ്കിൽ 20 പൊലീസുകാരുടെ അകമ്പടി വേണമെന്നും അവർക്ക് ചെലവിന് മാസം തോറും 20 ലക്ഷം രൂപ വീതം കെട്ടിവെക്കണമെന്നുമുള്ള കർണാടക സർക്കാറിന്റെ ഉപാധിയോടാണ് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് അതിരൂക്ഷമായി പ്രതികരിച്ചത്. വിഷയം തിങ്കളാഴ്ച പരിഗണിക്കുമെന്ന് വ്യക്തമാക്കിയ ബെഞ്ച് നിലപാട് അന്ന് അറിയിക്കാൻ കർണാടകയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

10 ദിവസം കഴിഞ്ഞിട്ടും സുപ്രീംകോടതി വിധി കർണാടക സർക്കാർ നടപ്പാക്കാത്തത് വ്യാഴാഴ്ച രാവിലെ മഅ്ദനിയുടെ അഭിഭാഷകരായ കപിൽ സിബലും ഹാരിസ് ബീരാനും ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഈ ബെഞ്ചാണ് ജാമ്യം കിട്ടി എട്ട് വർഷത്തിന് ശേഷം പി.ഡി.പി ചെയർമാനെ കേരളത്തിലേക്ക് പോകാൻ അനുവദിച്ചത്.

ഈ മാസം 17ന് മഅ്ദനിയെ കേരളത്തിലേക്ക് വിടാൻ ഉത്തരവിട്ടുവെങ്കിലും അതിന് ശേഷം ഒമ്പത് ദിവസത്തേക്ക് കർണാടക സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരനക്കവുമുണ്ടായില്ലെന്ന് കപിൽ സിബൽ ബോധിപ്പിച്ചു. ഈ മാസം 25ന് ഒരു കത്ത് കൈമാറുകയാണ് കർണാടക ചെയ്തത്. 20 പൊലീസുകാർ മഅ്ദനിക്ക് കേരളത്തിലേക്ക് അകമ്പടി വരുമെന്നും അവർക്ക് മാസം തോറും ചെലവ് 20 ലക്ഷം രൂപ കെട്ടിവെക്കണമെന്നുമുള്ള നിർദേശമാണ് കർണാടക സർക്കാർ നൽകിയത്. ഏകദേശം രണ്ടര മാസത്തോളമുള്ള ജാമ്യത്തിന് 50 ലക്ഷം രൂപയിലേറെ വരുമെന്നും സുപ്രീംകോടതി ഉത്തരവ് വൃഥാവിലാക്കാനുള്ള നടപടിയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും കപിൽ സിബൽ ബെഞ്ചിനോട് പറഞ്ഞു.

നിർദേശം നൽകിയെന്ന് കർണാടകയുടെ അഭിഭാഷകൻ സമ്മതിച്ചപ്പോൾ ഇത്തരമൊരു ഉപാധിവെച്ച് സുപ്രീംകോടതി വിധി വിഫലമാക്കുകയാണോ കർണാടക സർക്കാർ എന്ന് ജസ്റ്റിസ് അജയ് രസ്തോഗി ചോദിച്ചു. കഴിഞ്ഞ പ്രാവശ്യം മഅ്ദനിയെ കേരളത്തിലേക്ക് കൊണ്ടുപോയ അതേ ഉപാധിയോടെ കൊണ്ടുപോകാനല്ലേ തങ്ങൾ ഇറക്കിയ ഉത്തരവെന്ന് ചോദിച്ച ജസ്റ്റിസ് രസ്തോഗി കഴിഞ്ഞ തവണ എത്ര പൊലീസായിരുന്നു അകമ്പടി പോയിരുന്നതെന്ന് അഭിഭാഷകനോട് ആരാഞ്ഞു.

നാലോ അഞ്ചോ പൊലീസുകാർ മാത്രമായിരുന്നുവെന്ന് ഹാരിസ് ബീരാൻ മറുപടി നൽകി. അതാണോ 20 ആക്കി വർധിപ്പിച്ചതെന്ന് ചോദിച്ച ജസ്റ്റിസ് രസ്തോഗി വിഷയത്തിൽ കർണാടക സർക്കാറിന്റെ നിലപാട് തിങ്കളാഴ്ച വിഷയം പരിഗണിക്കുമ്പോൾ അറിയിക്കണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടു.

മഅ്ദനി കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ അപകടകാരിയാണെന്ന് തോന്നുന്നില്ലെങ്കിൽ കുറച്ച് പൊലീസുകാർ മതി എന്ന നിരീക്ഷണം ഇതിനിടയിൽ ജസ്റ്റിസ് ബേല എം. ത്രിവേദി നടത്തി. വിഷയം രേഖാമൂലം സമർപ്പിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇക്കാര്യങ്ങൾ ഉന്നയിച്ച് അഡ്വ. ഹാരിസ് ബീരാൻ മുഖേന പുതിയ സത്യവാങ്മൂലം മഅ്ദനി വ്യാഴാഴ്ചതന്നെ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 

Tags:    
News Summary - Madani's Kerala trip: Supreme Court criticizes Karnataka's proposal to tie up 50 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.