കോഴിക്കോട്: കെ റെയിലിനെ എതിർത്തതിന്‍റെ പേരിൽ തന്നെ ജാതിവിളിച്ചും ദ്വയാർഥ പ്രയോഗം നടത്തിയും അവഹേളിച്ച സാഹിത്യകാരൻ അശോകൻ ചരുവിലിന് മറുപടിയുമായി ഇടതുസഹയാത്രികനായ കവി മാധവൻ പുറച്ചേരി. 'തീർച്ചയായും എന്നിൽ ഒരു ചീഞ്ഞ നമ്പൂതിരിയുണ്ടാകാമെന്നും എന്നാൽ, സൂരി നമ്പൂതിരിപ്പാട് എന്ന അശ്ലീലം എന്നെ വേദനിപ്പിച്ചു'വെന്നും അദ്ദേഹം പ്രതികരിച്ചു. അമ്പത്തിയാറു വർഷം പിന്നിട്ട പാഴായിപ്പോയ ജീവിതമാണോ തേന്റതെന്ന് ആത്മ പരിശോധന നടത്താമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
കെ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ എഴുതിയ ഒരു കത്തിനടിയിൽ മാധവൻ പുറച്ചേരിയും ഒപ്പുവെച്ചതിനെ കുറിച്ച ഫേസ്ബുക് പോസ്റ്റിനടിയിലായിരുന്നു അശോകൻ ചരുവിലിന്‍റെ അവഹേളനം. 'ബ്രഹ്മശ്രീ സൂരി നമ്പൂതിരി ഒപ്പിട്ടില്ലേ...' എന്നായിരുന്നു ചരുവിലിന്‍റെ കമന്‍റ്. ഒ. ചന്തുമേനോന്‍റെ 'ഇന്ദുലേഖ' എന്ന നോവലിൽ സുന്ദരിയായ ഇന്ദുലേഖയെ സംബന്ധം ചെയ്യാനായി എത്തുന്ന വിഷയാസക്തനായ വ്യക്തിയാണ് സൂരി നമ്പൂതിരി. നമ്പൂതിരി കുടുംബാംഗമായ കവി മാധവൻ പുറച്ചേരിയെ ഈ കഥാപാത്രത്തോടാണ് അശോകൻ ചരുവിൽ ഉപമിച്ചത്.
ചരുവിലിന്‍റെ പരാമർശത്തിനെതിരെ സാഹിത്യകാരൻ വി.എസ്. അനിൽകുമാറും രംഗത്തെത്തി. 'ഏറ്റവും ഹീനമായ രീതിയിലാണ് അശോകൻ ചരുവിൽ ജാതി പരാമർശം നടത്തിയിരിക്കുന്നത്. നമുക്ക് അറിയുന്നതായി ഒരൊറ്റ സൂരി നമ്പൂതിരിപ്പാട് മാത്രമേ മലയാളത്തിലുള്ളു. ഇന്ദുലേഖയെ സംബന്ധം ചെയ്യാനായി എത്തിയ വിഷയാസക്തനായ, 19 ആം നൂറ്റാണ്ടിലെ, ഫ്യൂഡൽ നമ്പൂതിരി. മാധവൻ പുറച്ചേരിയുടെ പോസ്റ്റിന് മറുകുറി എഴുതുമ്പോൾ ആ പ്രയോഗം നടത്തിയത്, സാധാരണ പരിചയമുള്ള സൈബർ ഗുണ്ടായിസത്തേക്കാൾ നീചമാണ് എന്ന് ഉറപ്പിച്ചു പറയുന്നു. അശോകനിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നൊന്നും ഞാനിവിടെ എഴുതുന്നില്ല. എ.കെ.ജിയെ മാറ്റി നിർത്തിയാൽ ഏറ്റവും പ്രമുഖരായ ആദ്യ കമ്മ്യൂണിസ്റ്റ് മഹാന്മാരിൽ നല്ലൊരു വിഭാഗം ജാതി വാല് ഇഴച്ചു വലിച്ചു നടന്നിരുന്നവരാണ്. അന്നൊന്നും തോന്നാഞ്ഞ അസ്ക്യത മനുഷ്യനായ മാധവൻ പുറച്ചേരിയെ അഭിസംബോധന ചെയ്യുമ്പോൾ അശോകൻ ചരുവിലിന് ഉണ്ടായത് എന്തുകൊണ്ടാവാം?'' എന്നാതിരുന്നു അനിൽകുമാറിന്‍റെ പ്രതികരണം.
എന്നാൽ, സംഭവം വിവാദമായതോടെ വിശദീകരണവുമായി അനിലിന്‍റെ കുറിപ്പിന് താഴെ അശോകൻ ചരുവിൽ രംഗത്തെത്തി. 'പ്രിയ സുഹൃത്ത് മാധവനെ ഇവിടെ ഞാൻ ഉദ്ദേശിച്ചിട്ടില്ല അനിൽ. അദ്ദേഹം ഏതു ജാതിക്കാരനാണെന്ന് എനിക്കു നിശ്ചയമില്ലായിരുന്നു. ഒരു വിഭാഗം പ്രകടിപ്പിക്കുന്ന പരിസ്ഥിതിവാദത്തിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന സൂരി നമ്പൂതിരിപ്പാടിനെ എനിക്കു ചൂണ്ടിക്കാണിച്ചു തന്നത് എം.എൻ.വിജയൻ മാഷാണ്. ഒരേയൊരു സൂരിനമ്പൂതിരിപ്പാടെ ഉണ്ടായിട്ടുള്ളു അദ്ദേഹമാകട്ടെ കാലഹരണപ്പെട്ടു എന്നു വിശ്വസിക്കാൻ താങ്കൾക്ക് അവകാശമുണ്ട്.' എന്നായിരുന്നു വിശദീകരണം. കവി മാധവൻ പുറച്ചേരി നമ്പൂതിരിയാണെന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം തുടർന്ന് പറയുന്നുണ്ട്.
കെ റെയിലിനെ എതിർക്കുന്നതിെന്റ കാരണങ്ങൾ മാധവൻ പറച്ചേരി വിശദമായി തന്നെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. കെ. റെയിലിനെ എതിർത്താൽ ഇടതുപക്ഷ വിരുദ്ധനും വികസന വിരോധിയുമാക്കുന്ന കാഴ്ചപ്പാടിൽ സാരമായ കുഴപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു. 'നിലവിലുള്ള റെയിൽവെയോട് ചേർന്ന് ബ്രോഡ്ഗേജിൽ പദ്ധതി നടത്തിയാൽ ചിലവു കുറഞ്ഞ അതിവേഗ യാത്ര സാധാരണക്കാരനും കിട്ടുമെന്നും അതിനു വേണ്ടിയുള്ള ചർച്ചകളും സമരങ്ങളുമാണ് വേണ്ടതെന്നും എനിക്കഭിപ്രായമുണ്ട്. കാസർഗോഡ് തൊട്ട് ഷൊർണ്ണൂർ വരെ കാര്യമായി ഭൂമി ഏറ്റെടുക്കാതെ നിർവഹിക്കാനുമാകും. പരിസ്ഥിതിവാദികളെ കല്ലെറിയാനുള്ള തിടുക്കം കാണിക്കുന്നവർ മനുഷ്യ കുലത്തിനെതിരെയുള്ള കല്ലാണ് കൈയിലുള്ളത് എന്ന് ഓർമ്മിക്കുന്നത് നല്ലതാണ്. കെ.റെയിൽ പദ്ധതി ഇന്നത്തെ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ കേരളത്തിന് താങ്ങാനാവില്ല..... ഈ സർക്കാരിന്റെ ഒട്ടനവധി ഭരണനേട്ടങ്ങളെയും മത നിരപേക്ഷ നിലപാടുകളെയും കലവറയില്ലാതെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യുകയും ചെയ്യും. ഇതുവഴി എന്തെങ്കിലും വ്യക്തിപരമായ ഗുണം നേടാം എന്നല്ല മറിച്ച് ഈ നാടിന്റെ ആവശ്യം കണ്ടറിഞ്ഞ് പുരോഗതിയിലേക്ക് നയിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിയുമെന്ന രാഷ്ട്രീയ ബോധ്യത്തിലാണ്' -അദ്ദേഹം വ്യക്തമാക്കി.
പ്രിയപ്പെട്ടവരേ...
ഞാനിഷ്ടപ്പെടുന്ന പ്രിയപ്പെട്ട കഥാകാരന്റെ പരാമർശം എന്നെ വല്ലാതെ വേദനിപ്പിച്ചു എന്നത് സത്യമാണ്. ഞാൻ എന്റെ വാളിൽ എന്റെ പേരു കൂടി ഞാൻ തന്നെ ചേർത്ത് പോസ്റ്റ് ചെയ്തതിനു താഴെ അത്തരമൊരു പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന അഭിപ്രായം തന്നെയാണ് എനിക്കുള്ളത്. അതിന്റെ മൊത്തം പോസ്റ്റിൽ ആ പരാമർശം ഇല്ല എന്നതു കൂടിയാവുമ്പോഴുള്ള സങ്കടം കൂടി അറിയിക്കുന്നു. അശോകൻ ചരുവിൽ എന്ന ജ്യേഷ്ഠ സുഹൃത്തിനോടുള്ള സ്നേഹാദരങ്ങളോടെ തന്നെയാണ് ഇത് പറയുന്നത്. പ്രിയ കഥാകാരൻ വി. എസ്.അനിൽ കുമാറിന്റെ പോസ്റ്റ് സത്യകഥനമാകുന്നതും അങ്ങനെയാണ്. എല്ലാവരും ഇത് കണ്ട് മിണ്ടാതിരുന്നതിലുള്ള എന്റെ അമ്പരപ്പ് ഒട്ടും ചെറുതായിരുന്നില്ല.
ചില കാര്യങ്ങളിൽ ചില വിയോജിപ്പുകൾ ഉണ്ടെങ്കിലും ഞാൻ ഇടതുപക്ഷത്തോടൊപ്പം തന്നെ ഉറച്ചുനിൽക്കുന്നു. എനിക്ക് മനസ്സിലാകാത്തകാര്യം കെ. റെയിലിനെ എതിർത്താൽ ഇടതുപക്ഷ വിരുദ്ധനും വികസന വിരോധിയുമാക്കുന്ന കാഴ്ചപ്പാടിൽ സാരമായ കുഴപ്പമുണ്ട്. ഈ സർക്കാരിന്റെ ഒട്ടനവധി ഭരണനേട്ടങ്ങളെയും മത നിരപേക്ഷ നിലപാടുകളെയും കലവറയില്ലാതെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യുകയും ചെയ്യും. ഇതുവഴി എന്തെങ്കിലും വ്യക്തിപരമായ ഗുണം നേടാം എന്നല്ല മറിച്ച് ഈ നാടിന്റെ ആവശ്യം കണ്ടറിഞ്ഞ് പുരോഗതിയിലേക്ക് നയിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിയുമെന്ന രാഷ്ട്രീയ ബോധ്യത്തിലാണ്.
കഴിഞ്ഞ ജൂണിലാണ് കെ.റെയിൽ സംബന്ധിച്ച് ഒരു fb പോസ്റ്റ് ഞാനിടുന്നത്. റെയിൽവെയിലുള്ള ഒരു സുഹൃത്താണ് ചില വിവരങ്ങൾ എന്നെ അറിയിക്കുന്നത്. റെയിൽവെ വികസനത്തെ പ്രതികൂലമായിബാധിക്കുന്നതും കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകൾ പരിഗണിക്കാത്തതുമായ പദ്ധതിയാണെന്ന് കാര്യകാരണസഹിതം ബോധ്യപ്പെടുത്തുന്നത്.
നിലവിലുള്ള റെയിൽവെയോട് ചേർന്ന് ബ്രോഡ്ഗേജിൽ പദ്ധതി നടത്തിയാൽ ചിലവു കുറഞ്ഞ അതിവേഗ യാത്ര സാധാരണക്കാരനും കിട്ടുമെന്നും അതിനു വേണ്ടിയുള്ള ചർച്ചകളും സമരങ്ങളുമാണ് വേണ്ടതെന്നും എനിക്കഭിപ്രായമുണ്ട്. കാസർഗോഡ് തൊട്ട് ഷൊർണ്ണൂർ വരെ കാര്യമായി ഭൂമി ഏറ്റെടുക്കാതെ നിർവഹിക്കാനുമാകും. പിന്നീടുള്ള ഭാഗങ്ങളിൽ മാത്രമേ ഭൂമിയേറ്റെടുക്കൽ ആവശ്യമായിരികയുള്ളൂ. ഈ ഭൂമി തന്നെയാണ് സിൽവർ ലൈൻ പദ്ധതിക്ക് ഏറ്റെടുക്കുന്നത് എന്നത് വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. സാധാരണക്കാരനുള്ള റെയിൽവെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് അത് തടസ്സമാകും. സിൽവർ ലൈൻ സ്റ്റാൻഡേർഡ് ഗേജിലായതിനാൽ ഇന്ത്യൻ റെയിൽവെയുടെ ഒരു സേവനവും ഉപയോഗപ്പെടുത്താനാവില്ല.
അതിവേഗ തീവണ്ടികൾ വേണമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. എന്നാൽ ജപ്പാനെ നോക്കൂ... എന്ന വാദഗതിയിലൂടെയാകരുത് നമ്മുടെ സാധ്യതകളും പരിമിതികളും ഉൾക്കൊണ്ടു വേണം. രണ്ടു മഴക്കാലവും രണ്ടു വസന്തവുമുള്ള കേരളത്തിന്റെ സവിശേഷതകൾ പരിഗണിച്ചു കൊണ്ടുള്ളതാകണം. കെ.റെയിൽ പദ്ധതി അങ്ങനെയല്ലെന്നു മനസ്സിലാക്കാൻ ഈ DPR തന്നെ നല്ല തെളിവ് നൽകുന്നുമുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്തിനു പുറമെയുള്ള ബഫർ സോണും കൂടി പരിഗണിച്ചാൽ ഇടനാടിന്റെ ചിത്രം പൂർത്തിയാകും.
പദ്ധതിച്ചിലവ് കൂടിയാലും എലിവേറ്റഡ് റെയിൽ ബ്രോഡ്ഗേജ് ആകാശപാതയെന്ന 2009 ലെ ഇടതു സർക്കാരിന്റെ പ്രഖ്യാപനം ഇന്നും സ്വാഗതാർമായ കാര്യമാണ്. അതിഭീകരമായ കുടിയൊഴിക്കൽ ഒഴിവാക്കാൻ കഴിയും. മോഹനഷ്ടപരിഹാരം നൽകുന്നത് അതിന്നിരയാകുന്നവർക്ക് നല്ലതു തന്നെ.. എന്റെ ഭൂമി കൂടി എടുക്കണമായിരുന്നു എന്ന വ്യാമോഹം ആരിലും ഉൽപാദിപ്പിക്കാൻ സമർത്ഥവുമാണ്. തെക്കുവടക്കുമാത്രം റെയിൽവെ സാധ്യതയുള്ള, ഭൂവിസ്തൃതി കുറഞ്ഞ ഒരു പ്രദേശത്തെ ഭൂമിയുടെ വിനിയോഗം കുറെക്കൂടി കരുതലോടെ മാത്രമേ പാടുള്ളൂ.
മനുഷ്യനെ ജൈവിക ആവാസ വ്യവസ്ഥയിൽ നിന്ന് അന്യവൽക്കരിക്കാൻ മുതലാളിത്തം സമർത്ഥമായും ഭീകരമായുമാണ് കരുക്കൾ നീക്കുന്നതെന്ന യാഥാർത്ഥ്യം ആന്ദ്രെ ഗോർസിനെ പോലുള്ളവർ കൃത്യമായി പറഞ്ഞു വെച്ചതു കൂടി മനസ്സിലാക്കുമ്പോഴാണ് വലിയ മോഹവിലയുടെ അപകടം ബോധ്യമാവുക. ഒരു വൃക്കയുടെ വില കേൾക്കുമ്പോൾ എനിക്കുമൊരു വൃക്ക വിൽക്കാമല്ലോയെന്ന ആഹ്ലാദത്തിന് സമാനമാണത്.
വേഗത തീർച്ചയായും വേണം. അതിന് സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ മഹാ ഭൂരിപക്ഷത്തിനും ഉപയോഗിക്കാൻ കഴിയുന്നതുമാകണം. കെ.എയർവെയ്സു പോലുള്ള ആഭ്യന്തര വിമാന സർവ്വീസുകൾ തുടങ്ങിയാൽ ഫലപ്രദമായി കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളാണ് പലതും. അതൊടൊപ്പം റെയിൽവെയോട് ചേർന്നുള്ള അതിവേഗ ബ്രോഡ്ഗേജ് പാതയും നടപ്പിലാക്കാനായാൽ സാധാരണക്കാരനെക്കൂടി ഉൾപ്പെടുത്തുന്ന പുരോഗമന നടപടികളിലൂടെ ഇടതുപക്ഷത്തിന് വേറിട്ടൊരു സമീപനം മുന്നോട്ടു വെക്കാനാവും.
പരിസ്ഥിതി പ്രശ്നം ഉന്നയിച്ചാൽ ഉടനെ വിരുദ്ധനാക്കുന്നവർ വായു, വെള്ളം , തുടങ്ങിയവയെ പോലും ചരക്കാക്കി പരിഗണിക്കുന്ന വ്യവസ്ഥയെയാണ് പിന്തുണക്കുന്നത്. പരിസ്ഥിതി വിജ്ഞാനം ഒരു കാൽപ്പനിക വിഷയമല്ല. പ്രകൃതിയും മനുഷ്യനും തമ്മിൽ ആരോഗ്യകരമായ ബന്ധത്തിന് വഴിയൊരുക്കുന്ന ഒരു ശാസ്ത്ര ശാഖയാണ്.
പരിസ്ഥിതിവാദികളെ കല്ലെറിയാനുള്ള തിടുക്കം കാണിക്കുന്നവർ മനുഷ്യ കുലത്തിനെതിരെയുള്ള കല്ലാണ് കൈയിലുള്ളത് എന്ന് ഓർമ്മിക്കുന്നത് നല്ലതാണ്. കെ.റെയിൽ പദ്ധതി ഇന്നത്തെ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ കേരളത്തിന് താങ്ങാനാവില്ല. രണ്ടായി മുറിക്കുമോയെന്നു സംശയമുള്ളവർ DPR വായിച്ചു നോക്കിയാലും . മഴക്കാലത്തെ നീരൊഴുക്ക് സർക്കാർ പറയുന്നതു കേൾക്കുമെങ്കിൽ പ്രശ്നമില്ല. വെള്ളം അനുസരണയോടെ അരക്കിലോമീറ്റർ സഞ്ചരിച്ച് അടിപ്പാതയിലൂടെ സഞ്ചരിക്കുന്ന മനോഹരമായ കാഴ്ച സ്വപ്നത്തിൽ സാധ്യമാവുന്ന കാര്യമാണ്. നിലവിലുള്ള റെയിൽ സംവിധാനത്തെ പോലെയാണ് ഈ അതിവേഗ പാതയെന്ന് വിശ്വസിക്കുന്ന ധാരാളം പേർ ഇപ്പോഴുമുണ്ട്.
ഇടതുപക്ഷ പ്രസ്ഥാനത്തിനു വേണ്ടി ഒരായുസ്സ് മുഴുവൻ ഇന്ധനമാക്കിയ ഒരാളുടെ മകനാണ് ഞാൻ. അച്ഛനെക്കാളും അമ്മയനുഭവിച്ച ദുരിതങ്ങളുടെയും സഹനങ്ങളുടെയും കഥകൾ വേറെയുമുണ്ട്. നാലാം ക്ലാസ് തൊട്ട് അപ്പം വിൽപ്പനക്കാരനായും അച്ചാറ് വിൽപ്പനക്കാരനായും നടന്ന ഒരാൾ. കവിതയെഴുതിയതുകൊണ്ട് കൂടി ജീവിച്ചിരിക്കുന്നയാൾ. പതിനഞ്ചു വയസ്സ് തൊട്ട് എല്ലാ തിരഞ്ഞെടുപ്പിലും എന്റെ പ്രദേശത്ത് ഇടതുപക്ഷത്തിനു വേണ്ടി വീടുവീടാന്തരം കയറിയിറങ്ങിയതിനെക്കുറിച്ച് ആർക്ക് വേണമെങ്കിലും അന്വേഷിക്കാം. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ആവേശത്തോടെ പങ്കെടുത്തിട്ടുണ്ട്. ഇനിയും അത് തുടരണമെന്ന് തന്നെ ആഗ്രഹവുമുണ്ട്.
തീർച്ചയായും എന്നിൽ ഒരു ചീഞ്ഞ നമ്പൂതിരിയുണ്ടാകാം. അതിനെ ഞാൻ അഡ്രസ് ചെയ്യാറുമുണ്ട്. വീട്, വിവാഹം, ചില വ്യക്തിപരമായ വിശ്വാസം, കുടുംബം എന്നിവയിലും ആ നമ്പൂതിരി കുറച്ചെല്ലാം പ്രവർത്തിക്കുന്നുമുണ്ടാവാം. അതിലപ്പുറം എന്റെ പൊതുജീവിതത്തെയും എഴുത്തു ജീവിതത്തെയും വ്യക്തി ജീവിതത്തെയും ആ ചീഞ്ഞ നമ്പൂതിരി സ്വാധിനിച്ചിട്ടില്ലെന്നു തന്നെയാണ് ഞാൻ കരുതുന്നത്. സുഹൃത്തുകൾക്കും നാട്ടുകാർക്കും അത് സംബന്ധിച്ച് അഭിപ്രായം പറയാവുന്നതാണ്. അമ്പലങ്ങളിലുൾപ്പെടെ പോയാൽ തൊഴാറുമുണ്ട്. ഡിമാന്റുകൾ മുന്നോട്ടു വെക്കാറില്ലെന്നു മാത്രം. സൂരി നമ്പൂതിരിപ്പാട് എന്ന അശ്ലീലം എന്നെ വേദനിപ്പിച്ചു. അമ്പത്തിയാറു വർഷം പിന്നിട്ട പാഴായിപ്പോയ ജീവിതമാണോ എന്റെതെന്ന് ഞാൻ ആത്മ പരിശോധന നടത്താം...
ഏറ്റവും പ്രിയപ്പെട്ട കഥാകാരനോടും വിമർശിച്ച സുഹൃത്തുക്കളോടും അൺ ഫ്രണ്ട് ചെയ്ത സുഹൃത്തുക്കളോടും ചീത്തവിളിച്ച സുഹൃത്തുക്കളോടും പരിഭവമില്ല. അപ്പോഴും എന്നെ മനസ്സിലാക്കിയ ഇടതുപക്ഷ പ്രവർത്തകർക്ക് പ്രത്യേകം സ്നേഹാഭിവാദ്യം അർപ്പിക്കുന്നു.
ഞാൻ വികസന വിരോധിയോ ഇടതുപക്ഷ വിരുദ്ധനാ അല്ല. ചില വിയോജിപ്പുകൾ തീർച്ചയായുമുണ്ട്... അത് നിലനിർത്തിക്കൊണ്ടു തന്നെ ഇടതുപക്ഷമാകാനുള്ള ജാഗ്രത ഞാൻ നഷ്ടപ്പെടുത്തിയിട്ടില്ല...❤️❤️❤️❤️❤️
അശോകൻ ചരുവിലിന്‍റെ പരാമർശത്തിനെതിരെ വി.എസ്. അനിൽ കുമാർ എഴുതിയ കുറിപ്പ്:
മാധവൻ പുറച്ചേരി ( Madhavan Purachery )യാണ് എന്റെ ശ്രദ്ധയിൽ പെട്ടിടത്തോളം കെ റെയിൽ പദ്ധതിയെക്കുറിച്ചുള്ള ഭയാശങ്കകൾ പങ്കുവെച്ച ആദ്യ മലയാളകവി. അതെല്ലാം എഴുതാനുള്ള ഭരണഘടന പ്രകാരമുള്ള അവകാശം ഇന്ന് അദ്ദേഹത്തിനുണ്ട്.
കെ.റെയിൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ എഴുതിയ ഒരു കത്തിനടിയിൽ മാധവൻ പുറച്ചേരിയും ഒപ്പുവെച്ചപ്പോൾ അശോകൻ ചരുവിൽ ( Asokan Charuvil ) എഴുതിയ കമന്റാണ് സ്ക്രീൻ ഷോട്ടിൽ കൊടുത്തിരിക്കുന്നത്.
ഏറ്റവും ഹീനമായ രീതിയിലാണ് അശോകൻ ചരുവിൽ അതിൽ ജാതി പരാമർശം നടത്തിയിരിക്കുന്നത്. അശോകനിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നൊന്നും ഞാനിവിടെ എഴുതുന്നില്ല.
പക്ഷെ ഒരു കാര്യം പറയാം. ജീവിച്ച ജീവിതത്തിലെ ഓരോ നിമിഷവും ജാതിയിൽ നിന്ന് പുറത്തു കടന്നു കൊണ്ടിരിക്കുകയായിരുന്നു ,ആദ്യം പിതാവും തുടർന്ന് മാധവൻ പുറച്ചേരിയും. അവർ രണ്ടു പേരും ഏറ്റവും ഉദാത്തമായ രീതിയിൽ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗം എന്ന് അശോകൻ ചരുവിലൊക്കെ തൊണ്ടകീറി സിന്ദാബാദ് വിളിക്കുന്ന വർഗ്ഗത്തിലാണ് മാധവൻ പുറച്ചേരിയുടെ സ്ഥാനം. അത് അറിയാതെ പോണ്ട.
നമുക്ക് അറിയുന്നതായി ഒരൊറ്റ സൂരി നമ്പൂതിരിപ്പാട് മാത്രമേ മലയാളത്തിലുള്ളു. ഇന്ദുലേഖയെ സംബന്ധം ചെയ്യാനായി എത്തിയ വിഷയാസക്തനായ, 19 ആം നൂറ്റാണ്ടിലെ, ഫ്യൂഡൽ നമ്പൂതിരി.
മാധവൻ പുറച്ചേരിയുടെ പോസ്റ്റിന് മറുകുറി എഴുതുമ്പോൾ ആ പ്രയോഗം നടത്തിയത് , സാധാരണ പരിചയമുള്ള സൈബർ ഗുണ്ടായിസത്തേക്കാൾ നീചമാണ് എന്ന് ഉറപ്പിച്ചു പറയുന്നു.
എ.കെ.ജിയെ മാറ്റി നിർത്തിയാൽ ഏറ്റവും പ്രമുഖരായ ആദ്യ കമ്മ്യൂണിസ്റ്റ് മഹാന്മാരിൽ നല്ലൊരു വിഭാഗം ജാതി വാല് ഇഴച്ചു വലിച്ചു നടന്നിരുന്നവരാണു്. അന്നൊന്നും തോന്നാഞ്ഞ അസ്ക്യത മനുഷ്യനായ മാധവൻ പുറച്ചേരിയെ അഭിസംബോധന ചെയ്യുമ്പോൾ അശോകൻ ചരുവിലിന് ഉണ്ടായത് എന്തുകൊണ്ടാവാം?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.