നെന്മാറ: ഉയരങ്ങൾ കീഴടക്കാൻ വെമ്പുമ്പോഴും മണ്ണിൽ ഉറച്ചുനിൽക്കാൻ കൂരയില്ലെന്ന ജിഷ്ണയുടെ സങ്കടത്തിന് വിരാമമാകുന്നു. ഹൈജംപിൽ കേരളത്തിൽനിന്നുള്ള ഭാവി വാഗ്ദാനമായ ജിഷ്ണക്ക് ജന്മനാടായ നെന്മാറയിൽ അക്ഷര വീടൊരുങ്ങുകയാണ്. 51 അക്ഷരവീടുകളുടെ ഒമ്പതാമത്തെയും പാലക്കാട് ജില്ലയിലെ ആദ്യത്തെയും വീടാണ് ജിഷ്ണക്കായി ഒരുങ്ങുന്നത്. നെന്മാറ തേവർമണിയിൽ പിതാവ് മോഹനെൻറ പേരിലുള്ള മൂന്നര സെൻറ് സ്ഥലത്താണ് വീട് ഉയരുന്നത്.
ഹൈജംപിൽ കേരളത്തിെൻറ ഭാവി വാഗ്ദാനമായിട്ടാണ് ഈ 18 കാരിയെ വിലയിരുത്തുന്നത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇതുവരെ നാല് മെഡലുകൾ സ്വന്തമാക്കി. സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോഡും ജിഷ്ണയുടെ പേരിലാണ്. ദേശീയ സ്കൂൾ കായികമേളയിൽ ഒരു സ്വർണവും രണ്ട് വെള്ളിയും ജിഷ്ണ നേടി. തെലുങ്കാനയിൽ നടന്ന ദക്ഷിണേന്ത്യ അത്ലറ്റിക് മീറ്റിലും സ്വർണമണിഞ്ഞു. ഹൈജംപിൽ രാജ്യമറിയുന്ന താരമായി മാറണമെന്ന ആഗ്രഹം ഉള്ളിലൊതുക്കുമ്പോഴും സ്വന്തമായി വീടില്ലെന്നായിരുന്നു ദുഃഖം. മക്കളുടെ പഠനത്തിനിടയിലും വീട്ടു ചെലവുകൾക്കിടയിലും വീടെന്ന സ്വപ്നം സഫലമാക്കാൻ കൂലിപ്പണിക്കാരായ അച്ഛൻ മോഹനനും അമ്മ രമക്കും കഴിഞ്ഞില്ല.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജിഷ്ണ കായികരംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. ഹൈജംപിനൊപ്പം ലോങ്ജംപും ഷോട്ട്പുട്ടും അന്ന് പരീക്ഷിച്ചു. എന്നാൽ, ഹൈജംപിലാണ് ജിഷ്ണ ശോഭിക്കുകയെന്ന് നെന്മാറ ജി.വി.എച്ച്.എസ് സ്കൂളിലെ കായികാധ്യാപകൻ ശശീന്ദ്രനാഥൻ പറഞ്ഞതോടെ ഹൈജംപിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ശശീന്ദ്രനാഥനാണ് ജിഷ്ണയുടെ ആദ്യ ഗുരു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജിഷ്ണ കൂടുതൽ പരിശീലന സൗകര്യം തേടി മണ്ണാർക്കാട് കല്ലടി എച്ച്.എസ്.എസിൽ എത്തുന്നത്. പിന്നീട് രാമചന്ദ്രെൻറ കീഴിലായി പരിശീലനം. ഇപ്പോൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.
തേവർമണിയിലെ തറവാട് വീട്ടുമുറ്റത്ത് നടന്ന സംഘാടകസമിതി രൂപവത്കരണ യോഗം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാധ്യമം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. നെന്മാറ പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രേമൻ പദ്ധതി പ്രഖ്യാപനം നടത്തി. മാധ്യമം പി.ആർ മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സതി ഉണ്ണി, പഞ്ചായത്ത് അംഗങ്ങളായ പുഷ്ക്കല ഹരിദാസ്, ഉഷ രവീന്ദ്രൻ, കെ. രമേഷ് എന്നിവർ സംസാരിച്ചു. ന്യൂസ് എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ ചർച്ച നയിച്ചു. പ്രോജക്ട് കോഓഡിനേറ്റർ എം.എ. റബീഹ് പാനൽ അവതരണം നടത്തി.
മാധ്യമം പാലക്കാട് ബ്യൂറോ ചീഫ് ടി.വി. ചന്ദ്രശേഖരൻ സ്വാഗതവും നെന്മാറ ലേഖകൻ എസ്. സതീഷ് നന്ദിയും പറഞ്ഞു. പി.കെ. ബിജു എം.പി മുഖ്യ രക്ഷാധികാരിയും കെ. ബാബു എം.എൽ.എ രക്ഷാധികാരിയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. പ്രേമൻ ചെയർമാനും മാധ്യമം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം ജനറൽ കൺവീനറുമായ വിപുലമായ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. അക്ഷരമാലയിലെ ‘ഏ’ എന്ന അക്ഷരത്തെയാണ് ജിഷ്ണക്കുള്ള വീട് പ്രതിനിധീകരിക്കുന്നത്. പ്രമുഖ വാസ്തു ശിൽപി ജി. ശങ്കറാണ് രൂപകൽപ്പന ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.