‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാന് മികച്ച മുഖപ്രസംഗത്തിനുള്ള മീഡിയ അക്കാദമി പുരസ്കാരം

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2021 ലെ മാധ്യമ അവാർഡ് പ്രഖ്യാപിച്ചു. മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡിന് ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അർഹനായതായി അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു. മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള മൂർക്കന്നൂർ നാരായണൻ അവാർഡിന് ‘മാധ്യമം’ കുട്ടനാട് ലേഖകൻ ദീപു സുധാകരനും അർഹനായി.

പ്രബുദ്ധ കേരളത്തിൽ വർധിച്ചു വരുന്ന അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദ ചികിത്സകൾക്കുമെതിരെ നടപടി ആവശ്യപ്പെടുന്ന ‘അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനടപടികൾ' എന്ന എഡിറ്റോറിയലിനാണ് അവാർഡ്. മുൻ ഡി.ജി.പി എ. ​ഹേമചന്ദ്രൻ,​ ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. മിനി സുകുമാരൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

വർഷത്തിന്റെ ഭൂരിഭാഗവും വെള്ളക്കെട്ടിലമരുന്ന കുട്ടനാടിന്റെ നേർചിത്രം വിവരിച്ച 'നെല്ലറയുടെ കണ്ണീർ' എന്ന പരമ്പരയ്ക്കാണ് ദീപു സുധാകരന് ബഹുമതി. പി.എസ്. രാജശേഖരൻ, വി.എം. അഹമ്മദ്, സരിത വർമ എന്നിവരായിരുന്നു ജൂറി. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.

മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡിന് മംഗളം ദിനപത്രത്തിന്റെ മലപ്പുറം ജില്ലാ ലേഖകൻ വി.പി. നിസാർ (ഉടലിന്റെ അഴകളവുകൾ), മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡിന് സമകാലിക മലയാളം വാരിക പത്രാധിപസമിതി അംഗം പി.എസ്. റംഷാദ് (കഴിയില്ല ചരിത്രം മായ്ക്കാൻ, സത്യങ്ങളും), മികച്ച വാർത്താചിത്രത്തിനുള്ള പുരസ്കാരത്തിന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ വിൻസന്റ് പുളിക്കൽ, ദൃശ്യമാധ്യമപ്രവർത്തകനുള്ള അവാർഡിന് ഏഷ്യാ​നെറ്റ് ന്യൂസിലെ വി. കൃഷ്ണേന്ദു (കക്കത്തൊഴിലാളികളുടെ കായൽ) എന്നിവർ അർഹരായി. എൻ.ആർ. സുധർമദാസ് (കേരള കൗമുദി), അരുൺ ശ്രീധർ (മലയാള മനോരമ) എന്നിവർ ​ഫോട്ടോഗ്രഫിക്കുള്ള പ്രത്യക ജൂറിപരാമർശത്തിന് അർഹരായി. 


മീഡിയ അക്കാദമിയുടെ പുരസ്കാരത്തിന് അർഹമായ ‘മാധ്യമം’ മുഖപ്രസംഗം

Tags:    
News Summary - Madhyamam Chief Editor O Abdurahman bags Media Academy Award for Best editorial, Deepu Sudhakaran gets Best Local Correspondent award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.