തിരൂർ: മലപ്പുറത്തിന്റെ ഒരുമയുടെ മൊഞ്ച് ആഘോഷിക്കുന്ന ഹാർമോണിയസ് കേരളയുടെ മുന്നോടിയായി തിരൂരിൽ നടന്ന മൈലാഞ്ചി മത്സരം തീർത്തത് ഒരുമയുടെ മൊഞ്ച്. തിരൂർ മെജസ്റ്റിക്ക് ജ്വല്ലറിയും ‘മാധ്യമ’വും സംയുക്തമായാണ് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചത്. ആവേശകരമായ മൈലാഞ്ചിയിടൽ മത്സരത്തിലേക്ക് കുടുംബസമേതം ആളുകളെത്തി. വൈകീട്ട് മൂന്നിന് ആരംഭിച്ച മത്സരം 4.30ന് അവസാനിച്ചു. 150 ലേറെ മത്സരാർഥികൾ മാറ്റുരച്ച പരിപാടിയിൽ മികച്ച കലാസൃഷ്ടികളാണ് പിറന്നത്.
മെഹന്തി ഫെസ്റ്റിൽ വട്ടത്താണി സ്വദേശിയായ താര നസ്റിൻ -ഷഹ്ല ടീമിന് ഒന്നാംസ്ഥാനം ലഭിച്ചു. സഫ്വാന കോട്ടക്കൽ-റിഫ ഫിർദൂസ ടീമിന് രണ്ടാം സ്ഥാനവും ഷദ ഫഹ്മി കോലൂപ്പാലം-കെ.പി. നിദ ബി.പി അങ്ങാടി ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. മഞ്ചേരി ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പലും ചിത്രകല അധ്യാപകനുമായ യൂനുസ് മുസ്ലിയാരകത്ത്, സെലിബ്രിറ്റി ജഡ്ജി തസ്നി ബഷീർ എന്നിവരായിരുന്നു വിധികർത്താക്കൾ. ശക്തമായ മത്സരമാണ് മെഹന്തി ഫെസ്റ്റിൽ നടന്നതെന്ന് വിധികർത്താക്കൾ പറഞ്ഞു.
ഒന്നാംസ്ഥാനം നേടിയ താരനസ്റിൻ -ഷഹ്ല ടീമിന് മെജസ്റ്റിക് ജ്വല്ലറി മാനേജിങ് ഡയറക്ടർമാരായ അഹമ്മദ് പൂവിൽ, അബ്ദുൽ ലത്തീഫ് പൂവിൽ എന്നിവർ ചേർന്ന് സമ്മാനം നൽകി. രണ്ടാംസ്ഥാനം നേടിയ സഫ്വാന കോട്ടക്കൽ ടീമിന് യൂനുസ് മുസ്ലിയാരകത്തും മൂന്നാംസ്ഥാനം നേടിയ ഷദ ഫഹ്മി ടീമിന് തസ്നി ബഷീറും സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും മെജസ്റ്റിക് ജ്വല്ലറിയുടെ ഉപഹാരങ്ങൾ നൽകി. മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം മാധ്യമം ഡിസംബർ 24ന് കോട്ടക്കലിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’യുടെ പ്രവേശന പാസും നൽകി.
ചടങ്ങിൽ മാധ്യമം മാർക്കറ്റിങ് കൺട്രി ഹെഡ് ജുനൈസ്, റസിഡൻറ് എഡിറ്റർ ഇനാം റഹ്മാൻ, ബ്യൂറോ ചീഫ് പി. ഷംസുദ്ദീൻ, സീനിയർ അഡ്വർടൈസിങ് മാനേജർ കെ. അബ്ദുൽ ഗഫൂർ, മെജസ്റ്റിക് ജ്വല്ലറി ഡയറക്ടർമാരായ ഇജാസുൽ ഹഖ്, ഹാദി മുഹമ്മദ് എന്നിവർ സംബന്ധിച്ചു. മാധ്യമം അഡ്മിൻ മാനേജർ മുബശ്ശിർ, പ്രമേഷ് കോട്ടക്കൽ, ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി. സ്നേഹ ഷാജി അവതാരകയായി.
ഡിസംബർ 24നാണ് ‘ഹാർമോണിയസ് കേരള’യുടെ ആദ്യ കേരള എഡിഷൻ അരങ്ങേറുന്നത്. കോട്ടക്കൽ ആയുർവേദ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ആഘോഷ രാവിൽ മലയാളത്തിലെ സാംസ്കാരിക മേഖലയിലെ പ്രമുഖർക്ക് പുറമെ പ്രശസ്ത കലാകാരൻമാർ അണിനിരക്കും. ടെലിവിഷൻ അവതാരകനും നടനുമായ മിഥുൻ രമേശ്, പാട്ടിൽ വിസ്മയം തീർക്കാൻ സൂരജ് സന്തോഷ്, നജീം അർഷാദ്, അക്ബർ ഖാൻ, ജാസിം ജമാൽ, ക്രിസ്റ്റകല, നന്ദ തുടങ്ങിയവരും വേദിയിലെത്തും. പുതുകാല ഹാസ്യ ശബ്ദഭാവങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച് സിദ്ദീഖ് റോഷനും ആഘോഷ രാവിൽ പങ്കുചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.