കോഴിക്കോട്: ‘മെക് 7’ നല്ല ആരോഗ്യ കൂട്ടായ്മയാണെന്നും വ്യായാമം ചെയ്യുന്നതിലും ആരോഗ്യം നന്നാക്കുന്നതിലും എന്തിനാണ് ഏതെങ്കിലും വിഭാഗത്തിന്റെ പേരെടുത്ത് പറയേണ്ട കാര്യമുള്ളതെന്നും മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ. പി. മോഹനന് അദ്ദേഹത്തിന്റെ രാഷ്ട്രീയം അദ്ദേഹത്തിന് പറയാമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
കോഴിക്കോട് ബീച്ചിലെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചപ്പോൾ പോകുകയും അവർക്കൊപ്പം വ്യായാമം ചെയ്യുകയുമുണ്ടായി. വിവിധതരം വ്യായാമ കൂട്ടായ്മകളുണ്ട്. അതിൽ ജാതി മത ചിന്തകളൊന്നും ആരും വെച്ചുപുലർത്താറില്ല. ഇത് രഹസ്യ സ്ഥലത്ത് നടത്തുന്നതല്ല, പൊതുസ്ഥലത്ത് എല്ലാവരും കാൺകെയാണ് വ്യായാമ മുറകൾ നടക്കുന്നത്. ഫലം ലഭിക്കുന്നത് കൊണ്ടാണല്ലോ ആളുകൾ അതിനോട് താൽപര്യം പ്രകടിപ്പിക്കുന്നത്. ഒരു സാമ്പത്തിക ലാഭവും പ്രതീക്ഷിച്ചല്ല അവർ അത് ചെയ്യുന്നത്.
സി.പി.എം ജില്ല സെക്രട്ടറി പി. മോഹനനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഏതെങ്കിലും സംഘടനയെ വിമർശിച്ചിട്ടില്ലെന്നും പൊതുവായി പറയുന്ന കൂട്ടത്തിൽ ഇത്തരം കൂട്ടായ്മകൾക്കിടയിൽ ഏതെങ്കിലും സംഘടനകൾ നുഴഞ്ഞുകയറ്റം ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം അദ്ദേഹത്തിന് പറയാം -അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ ആരോപണങ്ങളുമായി രംഗത്തുവന്നതോടെയാണ് നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ (മെക് 7) വ്യായാമ കൂട്ടായ്മയെച്ചൊല്ലി വിവാദമുയർന്നത്. മെക് 7ന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും പോപുലർ ഫ്രണ്ട് സ്വാധീനം പിന്നിലുണ്ടെന്നുമാണ് കണ്ണൂർ ജില്ലയിൽ നടന്ന സി.പി.എം ഏരിയ സമ്മേളനത്തിൽ മോഹനൻ ആരോപിച്ചത്. തുടർന്ന് സുന്നി കാന്തപുരം വിഭാഗവും കൂട്ടായ്മക്കെതിരെ രംഗത്തുവന്നു. കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തിനെയും മുജാഹിദ് വിഭാഗങ്ങളെയും കൂട്ടിക്കെട്ടിയും എൻ.ഡി.എഫിന്റെ പഴയ രൂപമാണെന്ന് ആരോപിച്ചുമായിരുന്നു രംഗപ്രവേശം. സമൂഹ മാധ്യമങ്ങളിൽ പ്രചാരണ കാമ്പയിനും കാന്തപുരം വിഭാഗം നേതാക്കൾ സംഘടിപ്പിച്ചു.
ഇതേസമയം തന്നെ, മന്ത്രി പി.എ. മുഹമ്മദ് റിയാസും കാന്തപുരം വിഭാഗം എസ്.വൈ.എസ് ജന. സെക്രട്ടറി അബ്ദുൽ ഹകീം അസ്ഹരിയും മെക് 7നെ പ്രോത്സാഹിപ്പിക്കുന്നതായ വിവരങ്ങളും പുറത്തുവന്നു.
മലപ്പുറം കൊണ്ടോട്ടിക്കടുത്ത തുറക്കലിലുള്ള മുൻ സൈനികൻ പി. സലാഹുദ്ദീൻ തുടക്കംകുറിച്ചതാണ് ഈ വ്യായാമ സംവിധാനം. 2012ൽ തന്റെ പ്രദേശത്ത് തുടക്കംകുറിച്ചതാണെങ്കിലും സമീപകാലത്താണ് വ്യാപക സ്വീകാര്യത ലഭിച്ചത്. എയറോബിക്സ്, യോഗ തുടങ്ങി വിവിധ ഫിറ്റ്നസ് രീതികൾ സംയോജിപ്പിച്ച് 21 വ്യായാമ മുറകളാണ് ഇതിന്റെ ആകർഷകം. സൗജന്യമായി ആർക്കും പങ്കെടുക്കാനാകുംവിധമാണ് സംവിധാനം. പരിശീലനം നേടിയവർ മറ്റുള്ളവർക്ക് പകർന്നുനൽകുകയാണ് സ്ത്രീകളടക്കം പങ്കെടുക്കുന്ന കൂട്ടായ്മ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.