മാധ്യമം ന്യൂസ്​ എഡിറ്റർ എൻ. രാജേഷ്​ നിര്യാതനായി

കോഴിക്കോട്​: മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം ന്യൂസ് എഡിറ്ററും ​കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗവുമായ എൻ. രാജേഷ് (56) നിര്യാതനായി. കോഴിക്കോട്​ തൊണ്ടയാട്​ നാരകത്ത്​ കുടുംബാംഗമാണ്​. കോഴിക്കോട് മിംസ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 11.55 ഒാടെയാണ് മരണം. കരൾ സംബന്ധമായ രോഗം മൂലം നാലു ദിവസമായി ചികിത്സയിലായിരുന്നു.

പത്രപ്രവർത്തക ട്രേഡ്​ യൂനിയൻ രംഗത്തെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു രാജേഷ്​. പരേതരായ റിട്ട. സബ് രജിസ്ട്രാർ എൻ. ഗോപിനാഥി​െൻറയും റിട്ട. അധ്യാപിക എം. കുമുദബായിയുടെയും മകനാണ്. കേരള കൗമുദിയിലൂടെയാണ്​ മാധ്യമപ്രവർത്തനം ആരംഭിച്ചത്​1988ൽ മാധ്യമത്തിൽ ചേർന്നു. മാധ്യമം ജേണലിസ്​റ്റ്​ യൂനിയൻ, മാധ്യമം റി​ക്രിയേഷൻ ക്ലബ്​ എന്നിവയുടെ പ്രസിഡൻറാണ്​. മൂന്ന്​ തവണ കോഴിക്കോട് പ്രസ് ക്ലബി​െൻറ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഏഷ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പ്, ആഫ്രോ-ഏഷ്യൻ ഗെയിംസ്, ദേശീയ ഗെയിംസ് എന്നിവയടക്കം നിരവധി അന്താരാഷ്​ട്ര, ദേശീയ കായിക മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മികച്ച സ്പോർട്​സ്​ ലേഖകനുള്ള 1992ലെ കേരള സ്പോർട്സ് കൗൺസിൽ അവാർഡും കോഴിക്കോട് പ്രസ് ക്ലബ്ബി​െൻറ 1994ലെ മുഷ്താഖ് അവാർഡും ലഭിച്ചു. മികച്ച പത്ര രൂപകൽപനക്കുള്ള തിരുവനന്തപുരം പ്രസ്​ ക്ലബി​െൻറ സ്വദേശാഭിമാനി പുരസ്‌കാരത്തിന്​ അസിസ്​റ്റൻറ് ന്യൂസ് എഡിറ്ററായിരിക്കെഅർഹനായിട്ടുണ്ട്​.

സ്​റ്റേറ്റ്​ മീഡിയ അക്രഡിറ്റേഷൻ കമ്മിറ്റിയംഗം, കേരള മീഡിയ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, ദേവഗിരി പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്​. കാലിക്കറ്റ് പ്രസ് ക്ലബിെൻറ കീഴിലുള്ള ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആൻഡ്​ ജേണലിസം (ഐ.സി.ജെ.) ഫാക്കല്‍റ്റി അംഗമാണ്. ഇന്ത്യൻ യൂത്ത് അസോസിയേഷൻ (െഎ.വൈ.എ) മുൻ സംസ്ഥാനപ്രസിഡൻറ്, ഒായിസ്ക ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഉച്ചകഴിഞ്ഞ്​ മൂന്നിന്​ മൃതദേഹം പ്രസ്‌ ക്ലബിൽ പൊതുദർശനത്തിന്​ വെച്ചപ്പോൾ കോഴിക്കോ​ട്ടെ മാധ്യമ പ്രവർത്തകർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് വീട്ടിലും അന്തിമോപചാരമർപ്പിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ളവരെത്തി. സംസ്കാരം വൈകീട്ട്​ 7.45ന്​ മാവൂർ റോഡ്‌ ശ്​മശാനത്തിൽ നടന്നു. ഭാര്യ: പരേതയായ ശ്രീകല. മകൻ: ഹരികൃഷ്ണൻ (വിദ്യാർഥി). സഹോദരങ്ങൾ: പ്രദീപ് (ബിസിനസ്), ബിന്ദു (ഫറോക്ക് സർവിസ് കോ ഒാപറേറ്റിവ് ബാങ്ക്).



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.