കോഴിക്കോട്: മലയാളത്തിന്റെ സാംസ്കാരിക ഭൂപടത്തെ മാറ്റിയെഴുതിയ മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജത ജൂബിലി ആഘോഷത്തിന് ശനിയാഴ്ച തുടക്കം. കോഴിക്കോട് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന വിവിധ പരിപാടികളിൽ രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ എന്നിവർ അണിനിരക്കും. ജ്ഞാനപീഠ ജേതാവ് ദാമോദർ മൗജോ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ രജത ജൂബിലി പ്രഖ്യാപനം നടത്തും. ആഴ്ചപ്പതിപ്പിന്റെ 25ാം വാർഷികോപഹാരമായ ഡിജിറ്റൽ വെബ് മാഗസിൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സഈദ് നഖ്‍വി പ്രകാശനം ചെയ്യും.
വെബ് മാഗസിൻ ലോക മലയാളി സമൂഹത്തിനായി ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ.ഹംസ അബ്ബാസ് സമർപ്പിക്കൂം. ടി. പത്മനാഭൻ മുഖ്യ പ്രഭാഷണം നടത്തും. രാവിലെ പത്തിന് എക്സിബിഷനോടെയാണ് പരിപാടി ആരംഭിക്കുക. തുടർന്ന് മാധ്യമ സെമിനാർ, മീറ്റ് ദ ആർട്ടിസ്റ്റ്, മീറ്റ് ദ റൈറ്റേഴ്സ്, ഏകാംഗ നാടകം എന്നിവ അരങ്ങേറും. വൈകീട്ട് 4.30ന് രജത ജൂബിലി പ്രഖ്യാപന സമ്മേളനത്തിൽ പുസ്തക പ്രകാശനം, സാഹിത്യ മത്സര വിജയികൾക്കുള്ള പുരസ്കാര ദാനം എന്നിവ നടക്കും. 6.30ന് 'മായാഗീതങ്ങൾ' സംഗീത പരിപാടി നടക്കും.
മലയാളികൾ എന്നും ഓർത്തുവെക്കുന്ന സംഗീതജ്ഞർക്കുള്ള ഹൃദയാഞ്ജലിയായി അവതരിപ്പിക്കുന്ന പരിപാടി പ്രശസ്ത ഗായകരായ ഹരീഷ് ശിവരാമകൃഷ്ണനും സിതാര കൃഷ്ണകുമാറും നയിക്കും. സി. രാധാകൃഷ്ണൻ, കെ.ഇ.എൻ, ടി.ഡി. രാമകൃഷ്ണൻ, എസ്. ഹരീഷ്, വി.ടി. അബ്ദുല്ലക്കോയ, കെ.കെ. ബാബുരാജ്, രാജേശ്വരി ജി. നായർ, വി.എം. ഇബ്രാഹീം, ഫ്രാൻസിസ് നൊറോണ, വി.എ. കബീർ, പി.എൻ. ഗോപീകൃഷ്ണൻ, വിനോദ് കെ. ജോസ് (കാരവൻ), എം.കെ. വേണു (ദ വയർ), എം.ജി. രാധാകൃഷ്ണൻ (ഏഷ്യാനെറ്റ് ന്യൂസ്), ആർ. രാജഗോപാൽ (ദ ടെലഗ്രാഫ്), ബി.ആർ.പി. ഭാസ്കർ, ഡോ. യാസീൻ അശ്റഫ് (അസോ. എഡിറ്റർ, മാധ്യമം), എം. സുചിത്ര, കെ.പി. രാമനുണ്ണി, വി.ആർ. സുധീഷ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പി.കെ. പാറക്കടവ്, വി. മുസഫർ അഹമ്മദ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.