കോഴിക്കോട്: ആകാശത്തിലെയും ആഴക്കടലിലെയും അറിവുകൾ കണ്ടെത്തി മനുഷ്യരുമായി പങ്കുവെച്ച അതുല്യ പ്രതിഭ അലി മണിക്ഫാന് 'മാധ്യമ'ത്തിെൻറ സ്നേഹാദരം.
വിവിധ മേഖലകളിലെ പ്രതിഭകൾക്ക് മാധ്യമവും മലയാള അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണി -എൻ.എം.സി ഗ്രൂപ്പും ചേർന്ന് ഒരുക്കുന്ന അക്ഷരവീടുകളിലൊന്ന് രാഷ്ട്രം പത്മശ്രീ ബഹുമതിക്കായി തെരഞ്ഞെടുത്തതിെൻറ അനുമോദന സമ്മാനമായി അലി മണിക്ഫാന് സമർപ്പിക്കും.
പുരസ്കാര നേട്ടത്തിൽ മാധ്യമത്തിെൻറ ആഹ്ലാദം പങ്കുവെക്കാൻ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. ബഹുമതികൾ അർഥവത്താകുന്നത് അലി മണിക്ഫാനെപ്പോലുള്ള അർഹരായ പ്രതിഭകളിലേക്ക് അവ എത്തുേമ്പാഴാണെന്ന് മാധ്യമം- മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
മാധ്യമത്തിെൻറ ആരംഭകാലം മുതൽ തുടരുന്ന സൗഹൃദം ഓർത്തുപറഞ്ഞ മണിക്ഫാൻ താൻ ഏറ്റെടുത്ത ശാസ്ത്രീയദൗത്യം മുന്നോട്ടുപോവുകയാണെന്നും വിഭാവനം ചെയ്ത ഏകീകൃത കലണ്ടറിെൻറ പ്രാധാന്യം തിരിച്ചറിഞ്ഞ് ജനം ഏറ്റെടുക്കുമെന്നും കൂട്ടിച്ചേർത്തു.
പ്രമുഖ വാസ്തുശിൽപി പത്മശ്രീ ജി. ശങ്കറാണ് അക്ഷരവീട് രൂപകൽപന ചെയ്തത്. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്ക് സമർപ്പിച്ച മനോഹരമായ അക്ഷരവീടുകൾ കേരളത്തിലെ വിവിധയിടങ്ങളിലായി ഉയർന്നു നിൽക്കുകയാണ്.
മറ്റുള്ളവയുടെ നിർമാണം പുരോഗമിക്കുകയാണ്. ഓരോ അക്ഷരവീടിേൻറയും പ്രഖ്യാപനം മുതൽ സമർപ്പണം വരെയുള്ള വിവിധ ഘട്ടങ്ങളിൽ പ്രമുഖവ്യക്തിത്വങ്ങളുടേയും നാട്ടുകാരുടേയും പ്രാദേശിക കൂട്ടായ്മകളുടേയും സഹകരണവും സ്നേഹ സാന്നിധ്യവുമുണ്ട്.
മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ്, അസോസിയേറ്റ് എഡിറ്റർ യാസീൻ അശ്റഫ്, എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം, ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ, സീനിയർ ജനറൽ മാനേജർ എ.കെ. സിറാജ് അലി, ഡെപ്യൂട്ടി ജനറൽ മാനേജർ വി. ഹാരിസ് എന്നിവർ സംസാരിച്ചു. മാധ്യമത്തിെൻറ അനുമോദനഫലകം ഒ. അബ്ദുറഹ്മാൻ സമ്മാനിച്ചു. മണിക്ഫാെൻറ ഭാര്യ സുബൈദ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.