കണ്ണൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികൾക്കുണ്ടാവുന്ന അപകടങ്ങളിൽ കേന്ദ്ര സർക്കാർ നൽകിവരുന്ന ധനസഹായം വർധിപ്പിച്ചു. 25000 രൂപയിൽനിന്ന് 75,000 ആയാണ് അംഗവൈകല്യ, അപകടമരണ ധനസഹായം വർധിപ്പിച്ചത്. പദ്ധതി നിലവിൽവന്ന് 16 വർഷങ്ങൾക്ക് ശേഷമാണ് ഈ വർധന.
അപകടമരണ ധനസഹായം തുച്ഛമായതിനാൽ വർധിപ്പിക്കണമെന്ന ആവശ്യത്തിന് പദ്ധതിയോളം പഴക്കമുണ്ട്. ആം ആദ്മി ബീമ യോജന സ്കീമിൽ ഉൾപ്പെടുത്തിയാണ് തുക നൽകുക. പ്രവൃത്തിക്കിടെ മരംവീണും വാഹനമിടിച്ചും കുഴഞ്ഞുവീണും നിരവധി തൊഴിലാളികളാണ് മരിക്കുന്നത്. ഇതുസംബന്ധിച്ച കൃത്യമായ കണക്ക് തൊഴിലുറപ്പ് മിഷനിലും ലഭ്യമല്ല.
ജോലിക്കിടെ അപകടമരണം, കുഴഞ്ഞുവീണും ഹൃദയാഘാതം മൂലവുമുള്ള മരണം, സ്ഥായിയായ അംഗവൈകല്യം എന്നിവക്കാണ് 75000 രൂപ പഞ്ചായത്ത് തൊഴിലുറപ്പ് അഡ്മിൻ ഫണ്ടിൽനിന്നും നൽകുക. തൊഴിലാളികളുടെ കുട്ടികളെ തൊഴിലിടങ്ങളിൽ പരിചരിക്കുന്നതിന് പദ്ധതി സൗകര്യമൊരുക്കുന്നതിനാൽ ജോലിസമയത്ത് ആറുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് അപകടം സംഭവിച്ചാലും ധനസഹായം ലഭിക്കും.
അപകടമരണമോ അംഗവൈകല്യമോ സംഭവിച്ചാൽ 37500 രൂപയാണ് രക്ഷിതാവിന് ലഭിക്കുക. പ്രവൃത്തിക്കിടെ അപകടത്തിൽ പരിക്കുപറ്റുന്ന തൊഴിലാളികൾക്കും കുഞ്ഞുങ്ങൾക്കും അതത് പഞ്ചായത്തിെൻറ ഉത്തരവാദിത്തത്തിൽ സൗജന്യ ചികിത്സയും ഉറപ്പാക്കുന്നുണ്ട്. മൃഗങ്ങളുടെയും ജീവികളുടെയും അക്രമമേൽക്കുന്നതിനും ചികിത്സ ലഭിക്കും. അപകടവിവരം പഞ്ചായത്ത് സെക്രട്ടറിയെയോ പ്രസിഡൻറിനെയോ അറിയിക്കണം. സർക്കാർ ആശുപത്രിയുടെ സേവനം ലഭ്യമല്ലെങ്കിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടാം.
എന്നാൽ, തുടർചികിത്സക്കായി സർക്കാർ മെഡിക്കൽ കോളജുകളെയും ആശുപത്രികളെയും ആശ്രയിക്കണം. ആയുർവേദ ചികിത്സ ഉൾപ്പെടെ മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ട് പ്രകാരം ലഭിക്കും. ശസ്ത്രക്രിയ ചെലവുകൾ, മരുന്ന്, എക്സ്റേ, മുറിവാടക, വാഹന ചെലവുകളും അനുവദിക്കും. അപകടത്തിൽപെട്ട തൊഴിലാളി തൊഴിൽ ആവശ്യപ്പെട്ടിരുന്ന ദിനംവരെ വേതനത്തിെൻറ പകുതി തുക നൽകും.
സംസ്ഥാനത്ത് 38.53 ലക്ഷം പേരാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 25.07 ലക്ഷം പേർ മാത്രമാണ് സജീവ തൊഴിലാളികൾ. തൊഴിലുറപ്പ് പ്രവൃത്തിയിൽ തൃശൂർ എടവിലങ്ങ് കുഞ്ഞയിനിയിൽ തോട് വൃത്തിയാക്കുന്നതിനിടെ തെങ്ങ് ദേഹത്തുവീണ് 2016ൽ രണ്ട് തൊഴിലാളികൾ മരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് അന്ന് ഇരുവർക്കും രണ്ട് ലക്ഷം വീതം ധനസഹായം നൽകിയത്.
ഭൂരിഭാഗവും സാധാരണക്കാരായ തൊഴിലാളികൾക്ക് പ്രവൃത്തിക്കിടെയുണ്ടാകുന്ന അപകടങ്ങൾ ഒരു കുടുംബത്തെയാകെ ബാധിക്കുന്നുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ കണ്ടെത്തൽ. തൊഴിലിടങ്ങളിൽ അപകട മരണം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയെങ്കിലും ധനസഹായം നൽകണമെന്നും പെൻഷൻ, ചികിത്സ സഹായം, അപകടമരണ ധനസഹായം എന്നിവ അടങ്ങുന്ന പാക്കേജാണ് തൊഴിലാളികൾക്ക് ആവശ്യമെന്നും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി എസ്. രാജേന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.