തലശ്ശേരി: കൊല്ലപ്പെട്ട സി.പി.എം നേതാവ് ബാബുവിന് മികച്ച ജനകീയ നേതൃത്വത്തിനുള്ള അനുമോദന ശിൽപം ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ് കൈമാറുന്ന ചിത്രം കൊലപാതക രാഷ്ട്രീയ ചരിത്രത്തിലെ അത്യപൂർവ കാഴ്ചയായി. നേതാവ് ആദരിച്ച ഒരാളെയാണ് അണികൾ തെരുവിൽ നിഷ്ഠൂരമായി കൊന്നുതള്ളിയതെന്ന് പറയുകയാണ് ഇൗ ചിത്രം.
കൊല്ലപ്പെട്ട ബാബു ജനകീയ പ്രശ്നങ്ങളിൽ എപ്പോഴും മുന്നിലുണ്ടായിരുന്നു. 2016 ജനുവരി 23ന് മാഹിയിൽ നടന്ന മാഹി ബൈപാസ് കർമസമിതി കുടുംബസംഗമത്തിൽ പി.കെ. കൃഷ്ണദാസ് സി.പി.എം നേതാവായ ബാബുവിനെ ഉപഹാരം നൽകി ആദരിച്ചത് ഇൗ മികവിനാണ്. എഴുപത്തിയഞ്ചോളം കുടുംബങ്ങളെ പതിറ്റാണ്ടുകൾ പ്രതിസന്ധിയിലാക്കിയതാണ് തലശ്ശേരി-മാഹി ബൈപാസ് പ്രശ്നം. അതിെൻറ നഷ്ടപരിഹാര തുക വിതരണം ചെയ്യിക്കുന്നതിനും ഭൂമി വിട്ടുനൽകിയ കുടുംബങ്ങൾക്ക് നീതി ലഭിക്കുന്നതിനും കർമസമിതിയുടെ കൺവീനർ എന്ന നിലയിൽ ബാബുവിെൻറ പ്രവർത്തന മികവ് പരിഗണിച്ചാണ് ആദരിച്ചത്. ഇക്കാര്യത്തിന് ബാബു ഉൾപ്പെടെ കർമസമിതി ഭാരവാഹികൾ നിരവധി തവണ ഡൽഹിയിൽ പോയി കേന്ദ്രമന്ത്രിമാരെ കണ്ടപ്പോഴെല്ലാം ആവശ്യമായ സഹായം നൽകിയത് പി.കെ. കൃഷ്ണദാസായിരുന്നു.
കേന്ദ്രമന്ത്രിമാരെ കാണുേമ്പാൾ കൃഷ്ണദാസും ഒപ്പമുണ്ടായി. അതുകൊണ്ടുതന്നെ കുടുംബസംഗമത്തിൽ ബാബുവിെൻറ പ്രവർത്തന മികവിനുള്ള ഉപഹാരം നൽകാൻ കൃഷ്ണദാസിന് മടിയുണ്ടായില്ല. ഇന്നിപ്പോൾ ബാബു നിഷ്ഠൂരമായി കൊല്ലപ്പെട്ടതിെൻറ ഉത്തരവാദിത്തം കൃഷ്ണദാസിെൻറ പാർട്ടിക്ക് മേലാണ് ആരോപിക്കപ്പെടുന്നത്. ബാബുവിനെ അറിയാത്ത നാട്ടുകാരോ വീട്ടുകാരോ പള്ളൂരിലില്ല. ബാബുവറിയാതൊരു കല്യാണമോ പാലുകാച്ചലോ നാട്ടിൽ നടക്കാറുമില്ല. എതിര് രാഷ്ട്രീയക്കാര്‍ക്കുപോലും സമ്മതനും ജനകീയനുമായിരുന്നു കണ്ണിപ്പൊയില്‍ ബാബു.
പള്ളൂരിലെ തയ്യല്‍ കടയില്‍ കുട്ടികളുടെ സ്കൂൾ യൂനിഫോം തയ്ക്കാൻ നൽകിയശേഷം ഭാര്യയെയും മക്കളെയും വീട്ടില്‍ തിരിച്ചാക്കി പുറത്തേക്കുപോയ ബാബു രാത്രി വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമിക്കപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പാണ് തറവാട് വീടിന് സമീപം ബാബു പുതുതായി വീടുപണി ആരംഭിച്ചത്. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം പണി മന്ദഗതിയിലായിരുന്നു. പണിതീരാതെ കിടക്കുന്ന വീട്ടുവളപ്പിലാണ് ബാബുവിന് ചിതയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.