മാഹി: മാഹി സെന്റ് തെരേസ പള്ളി തിരുന്നാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങളായ 14 നും15 നും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഭക്തജന തിരക്ക് കണക്കിലെടുത്താണ് പുതുച്ചേരി പൊലീസ് വിപുലമായ ട്രാഫിക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് മാഹി പൊലീസ് സുപ്രണ്ട് രാജശങ്കർ വെള്ളാട്ട് അറിയിച്ചു. സെമിത്തേരി റോഡ് ജങ്ഷൻ മുതൽ ഹോസ്പിറ്റൽ ജങ്ഷൻ വരെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചു.
തലശ്ശേരി ഭാഗത്തു നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്, ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പഴയ പോസ്റ്റോഫിസ് കവലയിൽ നിന്ന് ഇടതു വശത്തുള്ള ബൂൾവാർഡ് റോഡിലൂടെ ഇൻഡോർ സ്റ്റേഡിയം, റെയിൽവേ സ്റ്റേഷൻ വഴി അഴിയൂർ ചുങ്കത്ത് എത്തുന്ന വിധത്തിൽ പോകണം.
വടകര ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആശുപത്രി കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മൈതാനം റോഡിലൂടെ ടാഗോർ പാർക്ക് വഴി മാഹി പാലത്തിലേക്ക് പോകണം.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാഹി മൈതാനത്ത് സൗകര്യം ഏർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. നഗരത്തിൽ റോഡരികിൽ പാർക്കിങ് അനുവദിക്കില്ല.
പോക്കറ്റടി, മോഷണം, ചൂതാട്ടം എന്നിവ തടയാൻ പ്രത്യേക ക്രൈം സ്ക്വാഡിനെ നിയോഗിച്ചു. ക്രമസമാധാന പാലനത്തിന് പ്രത്യേക വാച്ച് ടവർ ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോണുകൾ, ബാഗുകൾ, കടലാസ് പൊതികൾ കൊണ്ടുപോവാൻ അനുവാദമില്ല.14 ന് മാഹി ടൗണിൽ മദ്യഷാപ്പുകൾ അടച്ചിടും. അനധികൃത മദ്യവിൽപന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പൊലീസിനെ സഹായിക്കാൻ പ്രത്യേക സേന മാഹിയിലെത്തുമെന്നും പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ശേഖർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.