കാസർകോട്: എല്ലാദിവസവും കൃത്യമായി കുട്ടികള്‍ സ്കൂളില്‍ പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്ന് വനിത കമീഷൻ. സമൂഹത്തിലെ സാധ്യതകളും ആനുകൂല്യങ്ങളും വിനിയോഗിച്ച് ജീവിതത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് സാധിക്കണമെന്ന് വനിത കമീഷന് അംഗം അഡ്വ. ഇന്ദിര രവീന്ദ്രന് പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ വ്യാപാരി വ്യവസായി സമിതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പട്ടികവര്‍ഗ വിഭാഗത്തിൽപ്പെട്ടവര്‍ ശ്രദ്ധിക്കണം. സ്കൂളുകളില്‍ ഭക്ഷണവും പഠനസൗകര്യങ്ങളും ഉള്‍പ്പെടെ മികച്ച വിദ്യാഭ്യാസ സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കുന്നതിന് വിദ്യാഭ്യാസം സഹായകമാകുമെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അര്‍ഹരായവരുടെ കൈകളിലേക്ക് ഈ ആനുകൂല്യങ്ങള്‍ പൂര്‍ണമായി എത്തുന്നില്ല. ഇതിന് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ന്ന് നടപടി സ്വീകരിക്കണം. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് വനിത കമീഷന് നല്കുന്ന സേവനങ്ങളെയും സഹായങ്ങളെയും കുറിച്ച് അംഗങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് ചര്‍ച്ച നടത്തണം. സ്ത്രീകള്‍ പിന്നാക്കം പോയാല്‍ സമൂഹം ആകെ പിന്നാക്കം പോകുമെന്നും വനിത കമീഷന് അംഗം പറഞ്ഞു.
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. കമീഷന് അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. വി.ആര്. മഹിളാമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശോഭനകുമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ഷമീര്‍ കുമ്പക്കോട്, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. അരവിന്ദന്, മെംബര്‍മാരായ പി. മാധവന്, കെ. കുഞ്ഞിരാമന്, അശ്വതി അജികുമാര്‍, കെ.ആര്. വേണു, ശാന്ത പയ്യങ്ങാനം, വനിത കമീഷന് പ്രോജക്ട് ഓഫിസര്‍ എന്‍. ദിവ്യ എന്നിവര്‍ സംസാരിച്ചു. പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ വീരേന്ദ്രകുമാറും ലഹരിയുടെ വിപത്ത് എന്ന വിഷയം എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ എന്‍.ജി. രഘുനാഥനും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.