കൊല്ലം: പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് ക്ഷണം സ്വീകരിച്ച് പാർലമെൻറ് മന്ദിരത്തിലെ കാൻറീനിൽ പ്രധാനമന്ത്രിയോടും വിവിധ കക്ഷി എം.പിമാരോടൊപ്പവും ഉച്ചഭക്ഷണം കഴിച്ചതിനെ വക്രീകരിച്ച് വ്യാജപ്രചാരണം നടത്തുന്ന സി.പി.എം നിലപാട് ഹീനമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ. എം.പിമാർക്കുള്ള പൊതു സംവിധാനമാണ് പാർലമെൻറ് കാന്റീൻ. പരസ്യമായി പൊതു കാന്റീനിൽ ഭക്ഷണം കഴിച്ചത് ഇൻഡ്യ മുന്നണിയെ ചതിക്കാനാണെന്ന് പറയുന്ന വ്യാഖ്യാനം രാഷ്ട്രീയ അപക്വതയാണ്. പാർലമെൻററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്.
കൊല്ലം മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടർമാരെ ലക്ഷ്യമിട്ട് എളമരം കരീം നടത്തിയ പ്രസ്താവന സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. മോദിക്കൊപ്പമുള്ള ഉച്ചഭക്ഷണശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞ് കേന്ദ്രസർക്കാറിന്റെ ധവളപത്രത്തിന് കാര്യകാരണസഹിതം നിരാകരണ പ്രമേയം അവതരിപ്പിച്ചു. കേന്ദ്രത്തിന്റെ ജനവിരുദ്ധ ന്യൂനപക്ഷ വിരുദ്ധ നടപടികൾക്കെതിരെ പ്രതികരിച്ചു. അത് കാണാതെയും കേൾക്കാതെയും പോയത് മോദി സർക്കാറിനെ വിമർശിക്കാനോ വിമർശിക്കുന്നത് കേൾക്കാനോ സി.പി.എം പ്രതിനിധികൾ തയാറാകാത്തതുകൊണ്ടാണ്.
ധവളപത്രത്തിനെതിരെ പ്രതികരിക്കാനുള്ള അവസരം പോലും വിനിയോഗിക്കാതെ സംഘ്പരിവാർ സംഘടനയായ ബി.എം.എസിന്റെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം വിവാദമുണ്ടാക്കുന്നത് രാഷ്ട്രീയ മര്യാദകൾക്ക് വിരുദ്ധമാണെന്ന് സി.പി.എമ്മും എളമരം കരീമും തിരിച്ചറിയണം. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെന്നതല്ലാതെ അടച്ചിട്ട മുറിയിൽ ഗൂഢാലോചന നടത്തുന്ന സി.പി.എം നിലപാട് സ്വീകരിച്ചിട്ടില്ല. ജയിച്ചത് ആർ.എസ്.പി പ്രതിനിധിയായിട്ടാണ്. ആർ.എസ്.പി ഇൻഡ്യ മുന്നണി ഘടകകക്ഷിയാണ്. ഇൻഡ്യ മുന്നണിയെ ശക്തിപ്പെടുത്തുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. അതനുസരിച്ച് തുടർന്നും പ്രവർത്തിക്കുമെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.