കോഴിക്കോട്: ശബരിമലയെ കേരളത്തിലെ കലാപസാധ്യതയാക്കാൻ ശ്രമിക്കുന്നതായി എഴുത്തുകാരൻ വിജു നായരങ്ങാടി. കെ.എല്‍.എഫ് ബുക്ക്ഷോപ്പില്‍ കെ.പി. രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം’ ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം, സവിശേഷമായി ഇന്ത്യ മതാത്മകതയുടെ പിടിയിൽ എങ്ങനെയാണ് അകപ്പെട്ടതെന്ന് സാമൂഹികമായ അന്തരീക്ഷത്തിൽ വിലയിരുത്തുകയാണ് പുസ്തകം. കെ.പി. രാമനുണ്ണിക്ക് കൃഷ്ണകഥ പറയുക പ്രയാസമല്ല, പ്രവാചക ജീവിതം അടുത്തുനിന്ന് സൂക്ഷ്മമായി കാണാൻ കഴിഞ്ഞുവെന്നും നബിയുടെ ജീവിതത്തെ കൃത്യമായി പിന്തുടർന്നുള്ള മറ്റൊരു നോവൽ മലയാളത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ മാനവികതയെ മുൻനിർത്തി പ്രവാചകനെ സൂക്ഷ്മപഠനത്തിന് വിധേയമാക്കിയതിന്റെ ബാക്കി പത്രത്തിന്റെ പേരാണ് ‘ദൈവത്തിന്റെ പുസ്തകം’. നബിയുടെയും കൃഷ്ണന്റെയും പ്രഭാവങ്ങൾ പരത്തുന്ന പ്രകാശം, ഗതകാല ചരിത്രത്തിലൂടെ കടന്നുപോയ ഹിറ്റ്ലറെയും അത്തരത്തിലുള്ള മനുഷ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ മുഴുവൻപേരുടെയും മനോനിലകൾ തിരുത്തിപ്പിക്കുകയും ചെയ്യുന്ന വലിയ ഭാവനാലോകമാണ് കൃതിയിലുള്ളതെന്നും വിജു നായരങ്ങാടി അഭിപ്രായപ്പെട്ടു. പി.കെ. പാറക്കടവ്, കെ.വി. ശശി, കെ.പി. രാമനുണ്ണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.