പാലക്കാട്: തുടർച്ചയായി രണ്ടുവർഷം വൻ ലാഭം കൈവരിച്ച മലബാർ സിമന്റ്സ് ലിമിറ്റഡ് വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. സ്ഥിരം എം.ഡി ഇല്ലാത്തതും വിപണനതന്ത്രങ്ങളുടെ അഭാവവുമാണ് പ്രധാന വെല്ലുവിളി.
കോവിഡ് പ്രതിസന്ധിക്ക് നടുവിലും 2020-21ൽ 17.31 കോടിയും 2021-22ൽ 16.72 കോടിയും ലാഭം നേടിയ മലബാർ സിമന്റ്സിന്റെ 2022-23 ലെ നഷ്ടം 16.5 കോടി രൂപയാണെന്നാണ് വ്യവസായ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. നടപ്പ് സാമ്പത്തികവർഷവും സ്ഥിതി ആശാവഹമല്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2023 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിലെ മാത്രം കമ്പനിയുടെ നഷ്ടം മൂന്ന് കോടിയിലേറെ രൂപയാണ്. കഴിഞ്ഞ സാമ്പത്തികവർഷം 300 കോടി രൂപ വിറ്റുവരവുണ്ടായിട്ടും വൻ നഷ്ടമാണുണ്ടായത്. നിലവിൽ അഞ്ച് മുതൽ ആറ് വരെയാണ് കമ്പനിയുടെ വിപണിവിഹിതം. 2018-19ൽ 14.64 കോടിയും 2019-20ൽ 16.15 കോടിയും നഷ്ടത്തിലായിരുന്ന മലബാർ സിമന്റ്സ് ലാഭത്തിലേക്ക് എത്തിയത് സ്ഥിരം എം.ഡിയെ നിയമിച്ചതോടെയാണ്.
എം. മുഹമ്മദലി എം.ഡി ആയി തുടർന്ന രണ്ടുവർഷമാണ് ലാഭത്തിൽ പ്രവർത്തിച്ചത്. ഭരണപക്ഷ തൊഴിലാളി യൂനിയന്റെ സമ്മർദത്തെത്തുടർന്ന് മുഹമ്മദലി 2022 മാർച്ചിൽ രാജിവെച്ചു. പിന്നീട് സ്ഥിരം എം.ഡിയെ നിയമിക്കാൻ സർക്കാർ തയാറായില്ല. ട്രാവൻകൂർ-കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിന്റെ എം.ഡിക്കാണ് മലബാർ സിമന്റ്സിന്റെ അധികചുമതല.
സ്ഥിരം മേധാവിയുടെ അഭാവവും ദുർബലമായ മാർക്കറ്റിങ് സംവിധാനവുമാണ് കമ്പനിയുടെ വിപണിവിഹിതം കുറയാൻ കാരണം. യഥാസമയം, കൃത്യമായ തീരുമാനമെടുത്ത് വിപണിയിൽ ഇടപെടാൻ മാനേജ്മെന്റിന് കഴിയുന്നില്ല. ഡീലർമാരുടെ കുറവിനാൽ എല്ലായിടത്തും സിമന്റ് എത്തിക്കാൻ പറ്റുന്നില്ല. സർക്കാർ പ്രവൃത്തികൾക്ക് മലബാർ സിമന്റ്സ് വാങ്ങണമെന്ന ഉത്തരവ് പിന്നീട് മരവിപ്പിച്ചതും കമ്പനിക്ക് തിരിച്ചടിയായി.
കൺസൽട്ടന്റ് ഉണ്ടെങ്കിലും വിപണി പിടിക്കാൻ കൃത്യമായ പഠനം നടക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. വൈവിധ്യവത്കരണഭാഗമായി ഇറക്കിയ മലബാർ വേഗ എന്ന സിമന്റും സ്വകാര്യ കമ്പനികളുടെ സിമന്റും തമ്മിൽ നിരക്കിൽ വ്യത്യാസമുണ്ട്.
മൂല്യവർധിത ഉൽപന്നമെന്ന നിലയിൽ കഴിഞ്ഞ മാർച്ചിൽ കമ്പനി, ഡ്രൈമിക്സ് പുറത്തിറക്കിയെങ്കിലും സ്വകാര്യ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ നിരക്ക് ഉയർന്നതാണെന്ന് പറയുന്നു. വലിയ അളവിൽ സിമന്റ് ആവശ്യമായിവരുന്ന നിർമാണങ്ങൾക്ക് ലൂസ് സിമന്റ് നൽകുകയെന്ന ലക്ഷ്യത്തോടെ, കമ്പനി ബൾക്ക് ലോഡിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും മാർക്കറ്റിങ്ങിന്റെ അഭാവത്തിൽ ഇതും വിജയകരമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.