പാലക്കാട്: മലബാർ സിമൻറ്സ് അഴിമതിക്കേസിൽ മൊഴി നൽകിയതിന് പിന്നാലെ രണ്ട് മക്കളോടൊപ്പം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മുൻ കമ്പനി സെക്രട്ടറി വി. ശശീന്ദ്രെൻറ ഭാര്യ ടീന (51) കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ മരിച്ചു. വൃക്കസംബന്ധമായ അസുഖത്തെതുടർന്ന് മൂന്നുദിവസം മുമ്പാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭർത്താവിെൻറയും മക്കളുടെയും മരണശേഷം ഇവർ മാതാപിതാക്കളോടൊത്ത് കോയമ്പത്തൂരിലായിരുന്നു താമസം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. എറണാകുളത്തുവെച്ചാണ് രോഗം മൂർച്ഛിച്ചത്. കഴിഞ്ഞദിവസം അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് കോയമ്പത്തൂർ കോവൈ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇരു വൃക്കകളും തകരാറിലാകുകയും തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമാകുകയും ചെയ്തതിനെ തുടർന്ന് ശനിയാഴ്ച പുലർച്ച മരിച്ചെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: പ്രേമകുമാരി. പിതാവ്: ബാലൻ. സഹോദരൻ: രാജേഷ്. മൃതദേഹം ഞായറാഴ്ച ഉച്ചക്ക് 12ന് കോയമ്പത്തൂർ പോത്തന്നൂർ ശ്മശാനത്തിൽ സംസ്കരിക്കും.
മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ടീനക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് അവർ ആരോപിച്ചു. മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ അറിയിച്ചെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ജനകീയ ആക്ഷൻ കൗൺസിൽ ഭാരവാഹി ജോയ് കൈതാരവും പറഞ്ഞു. മലബാർ സിമൻറ്സുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിൽ എത്തുമ്പോഴാണ് ടീനയുടെ മരണം. മരണത്തിൽ അന്വേഷണം വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.
നോവുന്ന ഒാർമയായി ശശീന്ദ്രെൻറ കുടുംബം; വിവാദമൊഴിയാതെ മലബാർ സിമൻറ്സ്
പാലക്കാട്: 2011 ജനുവരി 24നാണ് മലബാർ സിമൻറ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും കഞ്ചിക്കോട്ടെ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം വൻ വിവാദമായതോടെ സി.ബി.ഐയാണ് കേസ് അന്വേഷിച്ചത്. മലബാർ സിമൻറ്സ് അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാമായിരുന്ന ശശീന്ദ്രൻ കടുത്ത സമ്മർദത്തിലായിരുന്നു.
സിമൻറ്സിലെ കരാറുകാരനും വ്യവസായിയുമായ വി.എം. രാധാകൃഷ്ണനെതിരെ ശശീന്ദ്രൻ മൊഴി നൽകിയിരുന്നു. പ്രതിയായ രാധാകൃഷ്ണനിൽനിന്നുള്ള സമ്മർദം താങ്ങാനാകാതെയാണ് ശശീന്ദ്രൻ കുട്ടികളോടൊത്ത് ആത്മഹത്യ ചെയ്തതെന്ന് സി.ബി.ഐ കണ്ടെത്തി. തുടർന്ന്, ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി 2013ൽ വി.എം. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു. രണ്ടുതവണ മടക്കിയ കുറ്റപത്രം 2014ൽ സി.ബി.ഐ കോടതി സ്വീകരിച്ചു. സംഭവത്തിൽ പുനരന്വേഷണമാവശ്യപ്പെട്ട് 2015ൽ സഹോദരൻ സനൽകുമാർ ഹൈകോടതിയെ സമീപിച്ചു.
കഴിഞ്ഞമാസമാണ് കേസ് വീണ്ടും സജീവമായത്. മലബാർ സിമൻറ്സുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ ഹൈകോടതിയിൽനിന്ന് കാണാതായ വിഷയത്തിൽ കോടതി ഉത്കണ്ഠ രേഖപ്പെടുത്തി. രേഖകൾ നഷ്ടപ്പെട്ടത് ആസൂത്രിതമാണെന്നും കോടതി നിരീക്ഷിച്ചു. ഹൈകോടതി വിജിലൻസ് വിഭാഗമാണ് ഈ കേസ് അന്വേഷിക്കുന്നത്.
ശശീന്ദ്രെൻറ പിതാവ് കെ. വേലായുധനും ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ ജോയ് കൈതാരവും സമർപ്പിച്ച നിർണായകമായ 20ലേറെ രേഖകളാണ് നഷ്ടപ്പെട്ടത്. മലബാർ സിമൻറ്സുമായി ബന്ധപ്പെട്ട 13 കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഏഴ് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല. ഭാര്യ കൂടി മരിച്ചതോടെ നോവുന്ന ഒാർമയാവുകയാണ് ശശീന്ദ്രെൻറ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.