പാലക്കാട്: നിരവധി വിജിലൻസ് കേസുകളിൽ പ്രതിയായ വ്യവസായി വി.എം. രാധാകൃഷ്ണെൻറ കൂ ടുതൽ സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്സ്മെൻറ് വിഭാഗത്തിെൻറ രണ്ടാമത്തെ നടപടിയിലും ദുരൂഹത നീങ്ങിയില്ല. നടപടിക്കാധാരമായ അഴിമതി കേസുകളിൽ രാധാകൃഷ്ണന് പുറമെ മുൻ ചീഫ് സെക്രട്ടറി അടക്കം 14 പ്രതികൾ നിലവിലുണ്ടെങ്കിലും 13 പേരും കണ്ടുകെട്ടലിന് വിധേയരായിട്ടില്ല. നക്ഷത്ര ബാറുകളും വൻ ഹോട്ടൽ സമുച്ചയങ്ങളും അടക്കം നൂറുകോടിയോളം രൂപ വിലമതിക്കുമെന്ന് കരുതുന്ന ഒന്നാംഘട്ടം സ്വത്ത് കണ്ടുകെട്ടലിൽ ലഭിച്ചത് കേവലം 1.99 കോടിയുടെ മൂല്യം മാത്രമാണെന്ന കാരണമാണ് രണ്ടാമത്തെ നടപടിക്ക് എൻഫോഴ്സ്മെൻറിനെ നിർബന്ധിതരാക്കിയതത്രെ.
ആദ്യത്തെ എൻഫോഴ്സ്മെൻറ് നടപടി ചോദ്യം ചെയ്ത വ്യവസായിക്ക് കോടതിയിൽനിന്ന് ലഭിച്ച സ്റ്റേ നീക്കം ചെയ്യാൻ ഒരു വർഷമായിട്ടും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അന്ന് കണ്ടുകെട്ടിയവസ്തുവഹകൾ സ്വന്തമാക്കാനും അധികൃതർക്ക് ആയിട്ടില്ല. അഴിമതി കേസുകളിലെ പ്രതികളിൽനിന്ന് സ്ഥാപനത്തിന് നഷ്ടമായ തുക ഈടാക്കാനുള്ള വ്യവസ്ഥപ്രകാരമാണ് നടപടിയെന്ന് എൻഫോഴ്സ്മെൻറ് വിശദീകരിക്കുന്നുണ്ട്. എന്നാൽ, ഇതിനാധാരമായ ചട്ടം പ്രാബല്യത്തിലായത് 2009 ജൂലൈ മുതലാണെന്ന് നിയമവിദഗ്ധർ പറയുന്നു. വിജിലൻസ് കേസുകൾക്കാധാരമായ രാധാകൃഷ്ണെൻറ ഇടപാടുകൾ 2004 മുതൽ 2007 വരെ കാലയളവിലാണെന്ന് കുറ്റപത്രങ്ങളിലുണ്ട്.
ധൃതിപിടിച്ച് നടപടി തുടങ്ങിയതാണ് ആദ്യത്തെ കണ്ടുകെട്ടലിന് ശേഷവും സ്വത്തുക്കൾ മുഴുവൻ രാധാകൃഷ്ണെൻറ ഉടമസ്ഥതയിൽതന്നെ തുടരാൻ വഴിവെച്ചതെന്ന വ്യാഖ്യാനവുമുണ്ട്. തിരക്കുപിടിച്ച നടപടികൾ പ്രതികൾക്ക് അനുകൂലമായി കലാശിച്ചതിന് ഉദാഹരണങ്ങളുമുണ്ട്.
മലബാർ സിമൻറ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും വർഷങ്ങളായിട്ടും അവയിൽ അഞ്ചെണ്ണത്തിൽ മാത്രമേ കുറ്റപത്രം കോടതിയിൽ എത്തിയിട്ടുള്ളൂ. സി.പി.എം എം.എൽ.എ അടക്കമുള്ള ഈ കേസുകളിലെ പ്രതികൾക്കും കണ്ടുകെട്ടൽ നടപടി നേരിടേണ്ടി വന്നിട്ടില്ല.
വി.എം. രാധാകൃഷ്ണൻ മാനേജിങ് ഡയറക്ടറായ എ.ആർ.കെ വുഡ് ആൻഡ് മെറ്റൽ ലിമിറ്റഡ് സിമൻറ് ഉൽപാദന അസംസ്കൃത വസ്തുവായ ഫ്ലൈ ആഷ് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് മലബാർ സിമൻറ്സുമായി ഉണ്ടാക്കിയ കരാറാണ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്ന്. സിമൻറ് നിറയ്ക്കുന്ന ബാഗ്, ചുണ്ണാമ്പ് കല്ല് എന്നിവ ഇറക്കുമതി ചെയ്യുന്ന കരാറുകളെപ്പറ്റിയും കേസുകളുണ്ട്. ബാഗുകൾ ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ പ്രതിനിധികളും പ്രതികളാണെങ്കിലും എൻഫോഴ്സ്മെൻറ് നടപടിയിൽ അവർ ഉൾപ്പെട്ടിട്ടില്ല. പുതിയ കണ്ടുകെട്ടലിനെ പറ്റി റവന്യൂ അധികൃതർക്ക് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.