പാലക്കാട്: അഴിമതിയുടെ വിളനിലമെന്ന ആക്ഷേപം നിലനില്‍ക്കുന്ന സംസ്ഥാന പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്‍റ്സ് ഫാക്ടറിയില്‍ വിജിലന്‍സ് കേസില്‍ പ്രതിയായ മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ രണ്ട് ഉത്തരവ് ഇറക്കേണ്ടി വന്ന സംഭവം വിവാദമാകുന്നു.
ഇ.പി. ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ ഇറക്കിയ ഉത്തരവ് 122 ദിവസം വ്യവസായ വകുപ്പിന്‍െറ സെക്രട്ടേറിയറ്റില്‍ തടഞ്ഞുവെക്കുകയും പിന്നീട്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മറ്റൊരു ഉത്തരവ് വഴി സസ്പെന്‍ഷന്‍ പ്രാബല്യത്തിലാക്കുകയും ചെയ്തതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
സംഭവത്തിന് ഉത്തരവാദിയായ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ കോടതിയെ സമീപിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരം അറിയിച്ചു. സ്ഥാപനത്തിന് വന്‍തുക നഷ്ടം വരുത്തിയതിന് പത്മകുമാറിനെതിരെ വിജിലന്‍സ് കേസെടുക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് വിജിലന്‍സിന്‍റ പാലക്കാട് യൂനിറ്റ് കസ്റ്റഡിയിലെടുത്തത്. കേരള സിവില്‍ സര്‍വിസ് ചട്ടത്തിലെ വ്യവസ്ഥ പ്രകാരം 48 മണിക്കൂറില്‍ കൂടുതല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവന്നാല്‍ സസ്പെന്‍ഡ് ചെയ്യണമെന്നാണ് നിയമം. പത്മകുമാറിന്‍െറ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി നിരാകരിച്ചു. ചട്ടപ്രകാരം പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് സെപ്റ്റംബര്‍ ഒമ്പതിനുതന്നെ അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാല്‍, ഈ ഉത്തരവിന് കടലാസിന്‍െറ വില പോലും ഉണ്ടായില്ല. ഐ.എ.എസിലെ ഒരു ലോബിയുടെ ഇടപെടലാണത്രെ കാരണം. 2017 ജനുവരി എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റൊരു ഉത്തരവ് വഴിയാണ് പത്മകുമാറിന്‍െറ സസ്പെന്‍ഷന്‍ പ്രാബല്യത്തിലാക്കിയത്.
സുപ്രീംകോടതിയില്‍നിന്നുണ്ടായ ഒരു വിധിയുടെയും സംസ്ഥാന ഹൈകോടതി പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളുടെയും ലംഘനമാണിതെന്ന് മലബാര്‍ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഹൈകോടതിയില്‍ ഫയല്‍ ചെയ്ത ജോയ് കൈതാരം വാര്‍ത്തലേഖകരോട് പറഞ്ഞു. പത്മകുമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി വിധിച്ചതിന് തീര്‍ത്തും എതിരാണ് ഉദ്യോഗസ്ഥരുടെ നടപടി. ഇതുസംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ചിട്ടുണ്ടെന്ന് കൈതാരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.