പാലക്കാട്: കോടികളുടെ അഴിമതി അരങ്ങേറിയ മലബാര്‍ സിമന്‍റ്സില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ പ്രതിയായ മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാറിനെ സംരക്ഷിക്കുന്നതിന് ഐ.എ.എസ് തലപ്പത്ത് അരങ്ങേറിയത് ആസൂത്രിത നീക്കമാണെന്ന് വ്യക്തമായി. ഒന്നാം പ്രതിയായ പത്മകുമാറിനെ അടിമുടി വെള്ളപൂശി വ്യവസായ വകുപ്പിലെ ഉന്നതന്‍ മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെയാണ് മന്ത്രിതന്നെ ഒപ്പുവെച്ച സസ്പെന്‍ഷന്‍ നാല് മാസക്കാലം ഫയലിനുള്ളില്‍ പൂഴ്ത്തിയത്.
ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ രാജിവെച്ചതിന് ശേഷവും പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്തുള്ള ഈ ഉത്തരവ് 87 ദിവസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്‍റണിയുടെ ഓഫിസില്‍ കുടുങ്ങി കിടന്നതായാണ് ലഭ്യമായ രേഖ. സിമന്‍റ്സിലെ അഴിമതിയോടെ മൃദുസമീപനം കാണിക്കുന്നുവെന്ന ആക്ഷേപം നേരിട്ട ജയരാജന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിന് പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്ത് ഇറക്കിയ ഉത്തരവ് ഐ.എ.എസ് ലോബിയുടെ അറിവോടെ ഉദ്യോഗസ്ഥര്‍ പൂര്‍ണമായി നിര്‍വീര്യമാക്കുകയായിരുന്നു.
ഉത്തരവ് ഇറക്കി 35ാം ദിവസം ജയരാജന്‍ രാജിവെച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിനെ സസ്പെന്‍ഷന്‍ കാര്യം അറിയിക്കാതിരിക്കാന്‍ തകൃതിയായ ശ്രമമാണ് നടന്നത്. ജയരാജന്‍െറ രാജിക്ക് ശേഷം 87 ദിവസം മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞതേയില്ല. ജനുവരി എട്ടിന് ഇക്കാര്യം ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ പത്മകുമാറിനെ മറ്റൊരു ഉത്തരവിലൂടെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
വിജിലന്‍സ് പൊലീസിനെതിരെ പൊതുവെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള അമര്‍ഷം പരസ്യമാക്കുന്നതായിരുന്നു പത്മകുമാര്‍ പ്രതിയായ മലബാര്‍ സിമന്‍റ്സ് അഴിമതികേസിലെ തുടര്‍ നടപടികള്‍. പത്മകുമാറിനെ അറസ്റ്റ് ചെയ്തത് മാനദണ്ഡങ്ങള്‍ പാലിച്ചല്ളെന്ന പരാമര്‍ശം നിയമ വകുപ്പ് സെക്രട്ടറിയുടെ കുറിപ്പിലുണ്ട്.
പത്മകുമാര്‍ മലബാര്‍ സിമന്‍റ്സിന് ചെയ്ത നല്ല കാര്യങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സസ്പെന്‍ഷന്‍ ആവശ്യമില്ളെന്നും അദ്ദേഹം ഫയലില്‍ എഴുതി. കോടികള്‍ വരുന്ന തുക സ്ഥാപനത്തിന് നഷ്ടമാക്കിയ സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം വിജിലന്‍സിന്‍െറ പാലക്കാട് യൂനിറ്റ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് പത്മകുമാര്‍ പ്രതിസ്ഥാനത്തുള്ളത്.
48 മണിക്കൂറില്‍ കൂടുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സസ്പെന്‍ഷന് വിധേയമാക്കണമെന്ന ചട്ടം പത്മകുമാറിന്‍െറ കാര്യത്തില്‍ വേണ്ടെന്ന വിചിത്ര നിലപാടും ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. പത്മകുമാര്‍ ഈ ചട്ടത്തിന് അതീതനാണെന്ന വാദമാണ് ഇതിനായി ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.