തൃശൂര്‍: അഴിമതിക്കേസുകളെ തുടര്‍ന്ന് മലബാര്‍ സിമന്‍റ്സ് എം.ഡി സ്ഥാനത്തുനിന്ന് നീക്കിയ കെ. പത്മകുമാറിനെ ഒരു സംഘം ഉന്നത ഉദ്യോഗസ്ഥര്‍ സഹായിക്കുന്നുവെന്ന് പരാതി. വിജിലന്‍സ് എ.ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്‍റണി, വിജിലന്‍സ് മുന്‍ ഡയറക്ടര്‍ വേണുഗോപാല്‍ കെ. നായര്‍ എന്നിവര്‍ക്കെതിരെയാണ് മലബാര്‍ സിമന്‍റ്സ് അഴിമതി അന്വേഷിക്കാന്‍ ഹൈകോടതിയെ സമീപിച്ച മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് പരാതി നല്‍കിയത്.
മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍, ഭരണ പരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. പരാതി അന്വേഷിക്കണമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന് വി.എസ് കത്ത് നല്‍കിയിട്ടുണ്ട്. കെ. പത്മകുമാറും മറ്റു മൂന്നുപേരും കഴിഞ്ഞ ഒരു മാസം നടത്തിയ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നാല് അഴിമതിക്കേസുകളില്‍പെട്ട് വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടും കെ. പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് പോള്‍ ആന്‍റണി തുടക്കത്തില്‍ സ്വീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു. അതിനു കാരണവും വിശദീകരിക്കുന്നുണ്ട്. പോള്‍ ആന്‍റണി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനായിരുന്ന കാലത്ത് അവിടെ മലബാര്‍ സിമന്‍റ്സിന്‍െറ ലോജിസ്റ്റിക് ഹബ്ബിന് അനുമതി നല്‍കിയിരുന്നു. അതിനുവേണ്ടി മലബാര്‍ സിമന്‍റ് പോര്‍ട്ട് ട്രസ്റ്റിന് 56 കോടി അനുവദിച്ചു. മലബാര്‍ സിമന്‍റ്സ് തുക നല്‍കാതെ തന്നെ സര്‍ക്കാര്‍ ഇടപെടലില്‍ സ്ഥലം ലഭിക്കുമെന്നിരിക്കെ അന്നത്തെ പണമിടപാട് ദുരൂഹമായിരുന്നു. ആ തുക എന്തിന് വിനിയോഗിച്ചുവെന്ന് അന്വേഷിക്കേണ്ടതുണ്ട്. മാത്രമല്ല, ലോജിസ്റ്റിക് ഹബ് സ്ഥാപിച്ചിട്ടുമില്ല.
ഈ പശ്ചാത്തലത്തിലാണ് മലബാര്‍ സിമന്‍റ്സ് കേസ് കോടതി ഉത്തരവു പ്രകാരം സത്യസന്ധമായി നടക്കണമെങ്കില്‍ ബന്ധപ്പെട്ട എല്ലാവരെയും സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹരജി നല്‍കേണ്ടി വന്നതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണത്തിന് ഉത്തരവിട്ട ഹൈകോടതി ഉത്തരവ് റദ്ദാക്കാന്‍ കോടതിയെ സമീപിച്ച പത്മകുമാറിന് ഉന്നതരായ പലരുടെയും സഹായം കിട്ടുന്നുണ്ട്. നിയമാനുസൃതം അന്വേഷണം നടക്കാതിരിക്കാന്‍ ഇത് ഇടയാക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്നവര്‍ക്ക് മേല്‍ ഉന്നത സമ്മര്‍ദമുണ്ട്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് അഡീഷനല്‍ ഡയറക്ര്‍ സ്ഥാനത്തുനിന്ന് ഷേഖ് ദര്‍വേഷ് സാഹിബിനെ മാറ്റണമെന്നും ജോയ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.