മലപ്പുറം: മലബാറിലെ വികസന പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവം വംശീയ മുൻവിധിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. ജമാഅത്തെ ഇസ്ലാമിയുടെ പുതിയ സംസ്ഥാന നേതൃത്വത്തിന് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് പതിറ്റാണ്ടിലധികമായി പൊതുസമൂഹവും വിദ്യാർഥികളും രക്ഷിതാക്കളും ഉന്നയിക്കുന്ന വിഷയമാണ് വിദ്യാഭ്യാസ മേഖലയിലടക്കമുള്ള ഈ അസന്തുലിതാവസ്ഥ. പ്ലസ് ടു സീറ്റുകളുടെ അപര്യാപ്തത ചർച്ച തണുപ്പിക്കാൻ അതത് വർഷങ്ങളിൽ പരിമിതമായ അധിക സീറ്റുകൾ അനുവദിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മലബാർ മേഖലയോടുള്ള വിവേചനം തുടരുന്നതിലൂടെ തികഞ്ഞ വംശീയ മുൻവിധികൾ നിലനിർത്തി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രമാണ് ഇടതുപക്ഷം നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസി. അമീറുമാരായ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, എം.കെ. മുഹമ്മദലി എന്നിവർ സ്വീകരണം ഏറ്റുവാങ്ങി.
വനിതവിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി. റഹ്മാബി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ. മുഹമ്മദ് സഈദ്, ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് സലീം മമ്പാട് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം ഡോ. നഹാസ് മാള സമാപന പ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സ്വാഗതവും ജില്ല പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.