മലബാറിലുള്ളത് 1.85 ലക്ഷം പേർക്ക് ഒരു കോളജ്; ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിന്റെ പിന്നാക്കാവസ്ഥ വെളിപ്പെട്ടു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാർ നേരിടുന്ന പിന്നാക്കാവസ്ഥയുടെ നേർചിത്രം വെളിപ്പെടുത്തി സർക്കാർ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ റിപ്പോർട്ട്. ഉന്നത വിദ്യാഭ്യാസത്തിനായി ചേരുന്ന കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ വിദ്യാഭ്യാസ സൗകര്യങ്ങളിൽ നിലനിൽക്കുന്ന അന്തരം അടിയന്തരമായി പരിഹരിക്കണമെന്നും ഡോ.ശ്യാം ബി. മേനോൻ അധ്യക്ഷനായ കമീഷൻ റിപ്പോർട്ടിൽ കണക്ക് സഹിതം ചൂണ്ടിക്കാട്ടുന്നു.

അഞ്ചു വർഷത്തിനകം കാസർകോട്, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ കൂടുതൽ കോളജുകൾ അനുവദിച്ച് വിദ്യാഭ്യാസ സൗകര്യം വർധിപ്പിക്കാനുള്ള ശ്രമം സർക്കാർ നടത്തണമെന്നും കമീഷൻ ശിപാർശ ചെയ്യുന്നു. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകൾ അടങ്ങിയ മലബാറിൽ 1,85,521 പേർക്ക് ഒരു കോളജ് എന്ന രീതിയിലാണുള്ളത്.

എന്നാൽ, കൊച്ചിയിൽ 1,35,961 പേർക്കും തിരുവിതാംകൂറിൽ 1,35,619 പേർക്കും ഒരു കോളജ് എന്ന അനുപാതത്തിൽ പഠന സൗകര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സൗകര്യങ്ങളുടെ കാര്യത്തിൽ ഏറ്റവും പിറകിൽ നിൽക്കുന്നത് കാസർകോട് ജില്ലയാണ്. ജില്ലയിൽ 2,17,100 പേർക്ക് ഒരു കോളജ് എന്ന ക്രമത്തിലാണുള്ളത്.

സംസ്ഥാന ശരാശരി 1,53,860 പേർക്ക് ഒരു കോളജ് ആണ്. കാസർകോടിന് തൊട്ടടുത്തായി ഉള്ളത് മലപ്പുറം ജില്ലയാണ്. 1,95,760 പേർക്ക് ഒരു കോളജാണ് മലപ്പുറത്തുള്ളത്.കണ്ണൂരിൽ ഇത് 1,94,280ഉം പാലക്കാട്ട് 1,87,394 ഉം ആണ്. ജനസംഖ്യാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സൗകര്യം കോട്ടയം ജില്ലയിലാണ്. 86,060 പേർക്ക് ജില്ലയിൽ ഒരു കോളജ് എന്ന ക്രമത്തിലുണ്ട്.

തൊട്ടുപിന്നിൽ പത്തനംതിട്ട ജില്ലയാണ്; ഇവിടെ 1,19,554 എന്ന രീതിയിലും എറണാകുളത്ത് 1,31,194ഉം വയനാട്ടിൽ 1,36,093ഉം ഇടുക്കിയിൽ 1,38,432ഉം തൃശൂരിൽ 1,41,379 തിരുവനന്തപുരത്ത് 1,50,331 ആലപ്പുഴയിൽ 1,63,226 കോഴിക്കോട് 1,71,641ഉം കൊല്ലത്ത് 1,75,314ഉം ആണ് ജനസംഖ്യാടിസ്ഥാനത്തിലുള്ള കോളജ് പഠന സൗകര്യം. മലബാറിലെ പഠന സൗകര്യത്തിന്‍റെ കുറവ് സർക്കാർ നിയോഗിച്ച കമീഷൻ അക്കമിട്ട് നിരത്തുമ്പോൾ ഇത് പരിഹരിക്കാൻ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമായിരിക്കും.

Tags:    
News Summary - Malabar has one college for 1.85 lakh people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.