താനൂർ: തയ്യാല ഓമച്ചപ്പുഴ റോഡിലെ താമസസ്ഥലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. താനൂർ അഞ്ചുടി സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ പൗറകത്ത് സവാദിനെയാണ് (40) തലക്കടിയേറ്റും കഴുത്തറുക്കപ്പെട്ടും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച 12.30നും 1.30നും ഇടയിലാണ് സംഭവം.
രണ്ടുവർഷത്തോളമായി സവാദും ഭാര്യയും മക്കളും ഇവിടെ താമസം തുടങ്ങിയിട്ട്. ബുധനാഴ്ച രാത്രി 12ഓടെയാണ് സവാദ് ഇളയ കുട്ടിയോടൊപ്പം വരാന്തയിൽ ഉറങ്ങാൻ കിടന്നത്. ഇരുമ്പു ഗ്രില്ലിട്ട വരാന്തയുടെ വാതിൽ പൂട്ടിയാണ് കിടന്നത്. ഉറക്കത്തിനിടെ മുഖത്തേക്ക് രക്തം തെറിച്ചതോടെ ഞെട്ടി ഉണർന്ന കുട്ടി ബഹളം വെച്ചപ്പോഴാണ് മറ്റുള്ളവരും ഉണർന്നത്. കറുത്ത വസ്ത്രം ധരിച്ച ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി കുട്ടി പൊലീസിനെ അറിയിച്ചു. സവാദിെൻറ കഴുത്ത് മുറിഞ്ഞതിന് പുറമെ തലക്ക് അടിയേറ്റിട്ടുമുണ്ട്.
ജില്ല പൊലീസ് മേധാവി പ്രദീഷ് കുമാർ, തിരൂർ ഡിവൈ.എസ്.പി ബിജു ഭാസ്കർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ, മലപ്പുറം ഡോഗ് സ്ക്വാഡിലെ റിഗോ എന്ന നായും സ്ഥലത്തെത്തി. താനൂർ സി.ഐ എം.ഐ. ഷാജിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം അഞ്ചുടി മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
പൗറകത്ത് കമ്മു-ഉമ്മാച്ചുമ്മ ദമ്പതികളുടെ മകനാണ് സവാദ്. ഭാര്യ: സൗജത്ത്. മക്കൾ: ഷർജ ഷെറി, സജാദ്, ഷംസ ഷെറി, സജല ഷെറി. സഹോദരങ്ങൾ: യാഹു, അഷ്റഫ്, സഫിയ, സമദ്, സുലൈഖ, റാഫി, അലിമോൻ, നസീമ, യൂനുസ്, ഫാസില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.