മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്ന് നടക്കുന്ന മലപ്പുറം ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ കാര്യമായ വെല്ലുവിളികളില്ലാതെ യു.ഡി.എഫ് സ്ഥാനാർഥി എം.പി. അബ്ദുസ്സമദ് സമദാനി.
മത്സരം ഫിനിഷിങ് പോയൻറിലേക്ക് നീങ്ങുേമ്പാൾ വലിയ വിള്ളൽ വീഴ്ത്താൻ ഇടതുപക്ഷത്തിനോ എ.പി. അബ്ദുല്ലക്കുട്ടിയെ ഇറക്കിയ എൻ.ഡി.എക്കോ സാധ്യമാകില്ലെന്നാണ് വിലയിരുത്തൽ. 2,60,153 വോട്ടിനാണ് കുഞ്ഞാലിക്കുട്ടി 2019ൽ ജയിച്ചത്. രാഹുൽ ഗാന്ധി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. ഇത് കുറക്കാനാവുമോയെന്നതിൽ കവിഞ്ഞ പ്രതീക്ഷ ഇടതുമുന്നണിയും വെച്ചുപുലർത്തുന്നില്ല. പരിധിയിലുള്ള ഏഴ് നിയമസഭ സീറ്റുകളിലും ലീഗ് ആധിപത്യമാണുള്ളത്. കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച എസ്.എഫ്.ഐ അഖിേലന്ത്യ പ്രസിഡൻറ് വി.പി. സാനുവിനെത്തന്നെയാണ് എൽ.ഡി.എഫ് വീണ്ടും കളത്തിലിറക്കിയത്. കുഞ്ഞാലിക്കുട്ടി രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നതും ലോക്സഭയിൽ നിർണായക ഘട്ടങ്ങളിൽ വോട്ട് ചെയ്യാനെത്താതിരുന്നതുമൊക്കെയാണ് ഇടതുപക്ഷം പ്രചാരണായുധമാക്കുന്നത്.
എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ ആവശ്യകത ചൂണ്ടിക്കാട്ടിയും പകരക്കാരനായി കഴിവുള്ള ഒരാളെയാണ് ലോക്സഭയിലേക്കയക്കുന്നതെന്നും വിശദീകരിച്ചാണ് ഈ പ്രചാരണത്തെ യു.ഡി.എഫ് നേരിടുന്നത്. അഖിലേന്ത്യ വൈസ് പ്രസിഡൻറായ എ.പി. അബ്ദുല്ലക്കുട്ടിയെ ഇറക്കിയെങ്കിലും കാര്യമായ ചലനങ്ങളൊന്നുമുണ്ടാക്കാൻ ബി.ജെ.പിക്കായിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെയും ലീഗിെൻറയും വീഴ്ചകൾ ചൂണ്ടിക്കാട്ടി എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ട്. എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറിയും ഡൽഹി സ്വദേശിയുമായ തസ്ലിം റഹ്മാനിയാണ് സ്ഥാനാർഥി. 2014ൽ 1,94,739 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഇ. അഹമ്മദ് ജയിച്ചത്. 2017ൽ കുഞ്ഞാലിക്കുട്ടി ഉപതെരഞ്ഞെടുപ്പിനിറങ്ങിയപ്പോൾ ഭൂരിപക്ഷം 1,71,023.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.