മ​ല​പ്പു​റ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ൾ​ക്കെ​തി​രെ പോ​സ്​​റ്റും ട്രോ​ളും പ്ര​വ​ഹി​ക്കു​ന്നു

മലപ്പുറം: അമ്പലത്തിൽ വൈകിയെത്തിയാൽ ‘പടച്ച റബ്ബേ, നട അടച്ചോ’ എന്ന് ചോദിക്കുന്ന നാടേതാന്നറിയോ? അതാണ് മലപ്പുറം. ലോക്സഭ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ജില്ലയുടെ മതേതര സ്വഭാവം ചോദ്യം ചെയ്ത് പുറത്തുവരുന്ന പ്രസ്താവനകൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ. ഒരു ജനതയെ മുഴുവൻ വർഗീയവാദികളാക്കി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുെവന്നാരോപിച്ച് ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചർച്ചകൾ സജീവമാണ്. ജില്ലയെ അവഹേളിക്കുന്നതിനെതിരെ ‘അഭിമാനമാണ് മലപ്പുറം’ എന്ന ഹാഷ് ടാഗുപയോഗിച്ച് ആയിരക്കണക്കിന് പേർ പ്രതിരോധം തീർക്കുന്നുണ്ട്.

യു.ഡി.എഫ് സ്ഥാനാർഥിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി നേടിയ വിജയം വർഗീയധ്രുവീകരണത്തിെൻറ ഫലമാണെന്ന് വോട്ടെണ്ണൽ കഴിഞ്ഞയുടനെ ചില ഇടതുപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. തീവ്രസ്വഭാവമുള്ള സംഘടനകളെ കൂട്ടുപിടിച്ചും സാമുദായിക വികാരം ഇളക്കിവിട്ടുമാണ് ലീഗ് മണ്ഡലം നിലനിർത്തിയതെന്നായിരുന്നു ഇവരുടെ ആരോപണം. ഇതിന് സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തമായാണ് പലരും മറുപടി നൽകിയത്. യു.ഡി.എഫിന് വോട്ടുചെയ്ത അഞ്ചുലക്ഷത്തിലധികം പേരെ വർഗീയവാദികളാക്കി ചിത്രീകരിക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തി.

‘മലപ്പുറത്തുകാർക്ക് തെറ്റിയില്ല, തോറ്റ് തുന്നം പാടിയപ്പോൾ ഉള്ളിലിരുപ്പ് പുറത്തുചാടി’യെന്ന് ഫേസ്ബുക്കിൽ രജസ്ഖാൻ മാളിയാട്ട് കുറിച്ചു. എൽ.ഡി.എഫ് ജയിക്കുമ്പോൾ മലപ്പുറം മതേതരവും അല്ലാത്തപ്പോൾ വർഗീയവുമാവുന്നതെങ്ങനെയെന്ന് ഇടത് അനുഭാവമുള്ളവർപോലും ചോദിക്കുന്നു. ലീഗ് വർഗീയ സംഘടനയാണോയെന്ന ചർച്ചയും കൊടുമ്പിരികൊണ്ടു.

ഇതിനിടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ വിവാദ പരാമർശമുണ്ടായത്. മലപ്പുറത്തിെൻറ ഉള്ളടക്കം വർഗീയതയാണെന്ന് മന്ത്രി പറഞ്ഞതിനെതിരെ പ്രതിഷേധം കനത്തു. ‘മലപ്പുറത്തിെൻറ ഉള്ളടക്കം ന്യൂനപക്ഷ വര്‍ഗീയതയാണെങ്കില്‍ നമുക്ക് ജില്ലതിരിച്ച് ഉള്ളടക്കം പറഞ്ഞ് കളിച്ചാലോ സഖാവേ’യെന്ന് ഫൗസിയ ആരിഫിെൻറ ചോദ്യം. ‘കുഞ്ഞാലിക്കുട്ടിക്ക് വോട്ട് ചെയ്ത എ‍െൻറ അച്ഛനും വീട്ടിലെ ബാക്കിയുള്ളവരും വർഗീയവാദികളാണോ?’ എന്ന് സുനിത ദേവദാസ്. ‘ഞങ്ങൾ നിങ്ങളെ വർഗീയവാദികൾ എന്ന് വിളിക്കും. നിങ്ങളുടെ പ്രദേശത്തെ മിനി പാകിസ്താനെന്നും. ജയിച്ചാൽ കോപ്പി അടിച്ചെന്നുതന്നെ ഞങ്ങൾ പറയും. എത്ര കാലം കഴിഞ്ഞാലും ഞങ്ങൾ നിങ്ങളെ സംശയത്തോടെ മാത്രം വീക്ഷിക്കും...’ ഷഹീർ അനസിെൻറ പോസ്റ്റ് ഇങ്ങനെ തുടരുന്നു.

കടകംപള്ളി സുരേന്ദ്രനെയും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെയും ചേർത്ത് ട്രോളുകളും പ്രവഹിക്കുകയാണ്. ‘ആർ.എസ്‌.എസ്‌ ഭാഷയിൽ സംസാരിക്കുന്ന സി.പി.എം നേതാക്കൾ നാവടക്കുക. അഭിമാനമാണ്‌ മലപ്പുറം’ എന്ന് വി.ടി. ബൽറാം എം.എൽ.എ. ‘ഇന്നോവ കാറിൽ മാഷാ അല്ലാഹ് സ്റ്റിക്കർ പതിപ്പിച്ച കൊടി സുനിയുടെയാത്ര മതേതരബോധമൊന്നും മലപ്പുറത്തെ കോയകൾക്കില്ലായെന്നത് ഒരു പോരായ്മ തന്നെയാ’ണെന്ന് സുമിത ബത്തൂൽ.

‘സംഘ്പരിവാറിലേക്ക് ഒഴുകുന്ന വോട്ട്‌ പിടിച്ചുനിർത്താൻ ഒരു ജനതയെ വർഗീയവത്കരിക്കുന്ന നിലപാടിെൻറ പേര് നട്ടെല്ലില്ലായ്മ എന്നാണെന്ന്’ ശ്രീജ നെയ്യാറ്റിൻകര. ജഹാംഗീർ പാലായിൽ തരകപൊറ്റമ്മേലിെൻറ പോസ്റ്റ് ഇങ്ങനെ: ‘‘മലപ്പുറത്തിെൻറ ഉള്ളടക്കം വർഗീയമത്രേ. അപ്പോള്‍ ഇ.എം.എസ്, എഴുത്തച്ഛനൊക്കെയോ?’

 

Tags:    
News Summary - malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.