പെരിന്തൽമണ്ണ: റേഷൻ കടകളിലും സ്കൂൾ ഉച്ചഭക്ഷണത്തിനും നൽകുന്ന അരിക്ക് സർക്കാർ ചെലവിടുന്ന തുകയുടെ ഗുണനിലവാരമില്ലെന്ന പരാതിയിൽ ജില്ല സപ്ലൈ ഒാഫിസർ തന്നെ ഹിയറിങ് നടത്തുന്നതിനാൽ ഇതുസംബന്ധിച്ച് പരാതി നൽകിയയാൾ ഹിയറിങ്ങിൽ പങ്കെടുത്തില്ല. ഹൈകോടതി മുമ്പാകെ എതിർകക്ഷിയായി ചൂണ്ടിക്കാണിക്കപ്പെട്ട ഒാഫിസർ മുമ്പാകെ ഹിയറിങ്ങിന് പങ്കെടുക്കില്ലെന്ന് പരാതിക്കാരൻ കലക്ടർക്ക് ബുധനാഴ്ച എഴുതി നൽകി.
റേഷൻ കടകളിലും സ്കൂൾ ഉച്ചഭക്ഷണത്തിനും ലഭിക്കുന്ന അരിക്ക് 32.02 രൂപയാണ് സർക്കാർ മുടക്കുന്ന വിലയെന്നിരിക്കെ ശരാശരി 22 രൂപ പൊതുമാർക്കറ്റിൽ വിലയുള്ള അരിയാണ് ലഭിക്കുന്നതെന്നും ഇത് വൻ തിരിമറിയാണെന്നും കാണിച്ചാണ് തിരൂർക്കാട് സ്വദേശി ഹൈകോടതിയെ സമീപിച്ചത്.
അരിയുടെ ഗുണനിലവാരം സംബന്ധിച്ച് ആദ്യം ജില്ല സപ്ലൈ ഒാഫിസർക്കും കലക്ടർക്കും പരാതി നൽകിയിരുന്നു. അതിനു മുമ്പ് സിവിൽ സപ്ലൈസ് വകുപ്പിൽനിന്ന് അരിയുടെ വില എത്രയെന്ന് വിവരാവകാശ നിയമപ്രകാരം രേഖാമൂലം ചോദിച്ചറിഞ്ഞു. ഹരജി പരിഗണിച്ച ഹൈകോടതി വിധിപ്പകർപ്പ് ലഭിച്ച് ഒരു മാസത്തിനകം ജില്ല കലക്ടറോട് പരിഹാരമുണ്ടാക്കാൻ നിർദേശിച്ചിരുന്നു. വിധിപ്പകർപ്പ് ലഭിച്ച ഉടൻ കഴിഞ്ഞ ഏഴിന് കലക്ടർ ഇതിന് ജില്ല സപ്ലൈ ഒാഫിസറെ തന്നെ ചുമതലപ്പെടുത്തി. തുടർന്നാണ് 23ന് ഹിയറിങ്ങിന് ഹാജരാവാൻ പരാതിക്കാരന് നോട്ടീസ് ലഭിച്ചത്. കോടതി ചൂണ്ടിക്കാണിച്ച സമയപരിധി കഴിഞ്ഞിട്ടും പരിഹാരമായില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ പറഞ്ഞു.
റേഷൻ കടകളിലും സ്കൂൾ ഉച്ചക്കഞ്ഞിക്കും നൽകുന്ന അരിക്ക് കിലോക്ക് ചെലവിടുന്ന പണം എത്രയെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് ആദ്യ തവണയും അപ്പീലിലും ജില്ല സപ്ലൈ ഓഫിസിൽനിന്ന് മറുപടി നൽകിയിരുന്നില്ല. പിന്നീട് റേഷനിങ് കൺട്രോളർക്ക് നൽകിയ അപ്പീലിലാണ് ഒരു കിലോ അരിക്ക് 32.02 രൂപയാണ് ചെലവിടുന്നതെന്ന് അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.