ബംഗളൂരു: കർണാടകയിൽ മതപരിവർത്തന നിരോധന നിയമ ഓർഡിനൻസിന് ഗവർണർ താവർ ചന്ദ് ഗെഹ് ലോട്ട് അനുമതി നൽകിയതിന് പിന്നാലെ കുടകിൽ മലയാളിയായ പാസ്റ്ററും ഭാര്യയും അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശിയായ പാസ്റ്റർ വി. കുര്യാച്ചൻ (62), ഭാര്യ സെലീനാമ്മ (57) എന്നിവരെയാണ് നിർബന്ധിത മതപരിവർത്തനം ആരോപിക്കപ്പെട്ട് കുട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് കുട്ട പൂച്ചക്കൽ മഞ്ചല്ലി ഗ്രാമത്തിലെ ആദിവാസി കോളനിയിലാണ് സംഭവം. ഗ്രാമത്തിലെ ആദിവാസി കുടുംബത്തെ കണ്ട പാസ്റ്ററും ഭാര്യയും ക്രിസ്ത്യൻ മതത്തിലേക്ക് മാറുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചുവെന്നാണ് ആരോപണം. പാസ്റ്ററും ഭാര്യയും എത്തിയത് അറിഞ്ഞ് തീവ്രഹിന്ദുത്വ സംഘടന പ്രവർത്തകർ സ്ഥലത്തെത്തി. പാസ്റ്ററും ഭാര്യയും കയറിയ വീട്ടിനുള്ളിലേക്ക് ഇരച്ചുകയറിയ ബജ്റംഗ് ദൾ പ്രവർത്തകർ ഇരുവരെയും ചോദ്യം ചെയ്തു. ഇതിന്‍റെ വിഡിയോയും പിന്നീട് പ്രചരിച്ചു. എത്രപേരെ മതം മാറ്റിയെന്ന് ഉൾപ്പെടെ ചോദിച്ച് പ്രവർത്തകർ ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കുട്ട പൊലീസ് പാസ്റ്ററെയും ഭാര്യയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രദേശത്ത് ലഘുലേഖകൾ വിതരണം ചെയ്ത് മതം മാറ്റാൻ ശ്രമിച്ചുവെന്ന യുവാവിന്‍റെ പരാതിയിൽ ഐ.പി.സി സെക്ഷൻ 295 (എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനാണ് നിലവിൽ പാസ്റ്റർക്കും ഭാര്യക്കുമെതിരെ കുട്ട പൊലീസ് കേസെടുത്തിട്ടുള്ളത്.
പുതിയ മതപരിവർത്തന നിരോധന നിയമം സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഇതുവരെ ലഭിച്ചില്ലെന്നും എന്നാൽ, കുറ്റപത്രം തയാറാക്കുമ്പോൾ പുതിയ നിയമ പ്രകാരം കുറ്റം ചുമത്തുമെന്നും കുട്ട പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും മത പരിവർത്തനം ലക്ഷ്യമാക്കിയുള്ള ലഘുലേഖകൾ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തന്‍റെ ഒപ്പം കഴിയുന്ന ബന്ധുവും ഭാര്യയും മൂന്നു വർഷം മുമ്പ് ക്രിസ്ത്യൻ മതത്തിലേക്ക് മാറിയതാണെന്നും ഇരുവരും തോൽപെട്ടിയിലെ പള്ളിയിൽ സ്ഥിരമായി പോകാറുണ്ടെന്നും മതം മാറാൻ നിർബന്ധിച്ചിരുന്നുവെന്നും യുവാവ് പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.