പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ; അഭിഷേക് ബാനർജി അംഗത്വം നൽകി

കൊൽക്കത്ത: നിലമ്പൂർ എം.എൽ.എ പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി നേതാവ് അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകിയത്. ഔദ്യോഗിക എക്സ് പേജിലൂടെ അൻവറിന് അംഗത്വം നൽകിയ വിവരം തൃണമൂൽ കോൺഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അൻവറുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.

ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി.വി അൻവർ ആദ്യം ഡി.എം.കെയിലേക്ക് ചേക്കേറാനാണ് ശ്രമിച്ചത്. എന്നാൽ, ഡി.എം.കെ പ്രവേശത്തിന് പച്ചക്കൊടി കാട്ടാതിരുന്നതോടെ അതേപേരിൽ തന്നെ സംഘടന രുപീകരിച്ച് അൻവർ പ്രവർത്തനം തുടങ്ങി. പിന്നീട് യു.ഡി.എഫിലേക്ക് എത്താനായിരുന്നു അൻവറിന്റെ ശ്രമം. ഇതിനായി മുസ്‍ലിം ലീഗ് നേതൃത്വവുമായി ഉൾപ്പടെ അൻവർ ചർച്ചകൾ നടത്തി. ഇതിനിടെ ​ഡി.എഫ്.ഒ ഓഫീസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പി.വി അൻവറിനെ അറസ്റ്റ് ചെയ്തതോടെ നിലമ്പൂർ എം.എൽ.എക്ക് പ്രതിപക്ഷത്ത് നിന്ന് കൂടുതൽ പിന്തുണ ലഭിച്ചു. അൻവറിന്റെ യു.ഡി.എഫ് പ്രവേശനം ഉടൻ ഉണ്ടാവുമെന്ന പ്രവചനങ്ങൾക്കിടയിലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിലേക്ക് എത്തുന്നത്.

2011ൽ അൻവറിന്റെ സ്റ്റാർ വാല്യു തിരിച്ചറിഞ്ഞ സി.പി.എം ആദ്യമായി അദ്ദേഹത്തിന് സീറ്റ് നൽകുകയായിരുന്നു. 2011-ല്‍ തോറ്റെങ്കിലും തോല്‍വിയുടെ വീര്യത്തില്‍ സമ്മാനമായി കിട്ടിയ നിലമ്പൂര്‍ സീറ്റ് അട്ടിമറി നടത്തി 2016-ല്‍ അന്‍വര്‍ ഇടത് ചേര്‍ത്തതോടെ ശരിക്കും താരമായി. 2021-ല്‍ വിജമാവര്‍ത്തിക്കുകയും ചെയ്തതോടെ നിലമ്പൂര്‍ അന്‍വറിന്റെ കുത്തകയായി. പ്രതിപക്ഷ നേതാക്കൾക്കെതിരെ വലിയ വിമർശനം ഉന്നയിച്ചതോടെ സി.പി.എം സൈബർ സംഘങ്ങളുടെ നേതാവായി അൻവർ വളർന്നു. പിന്നീട് എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് സി.പി.എമ്മും അൻവറും തമ്മിൽ തെറ്റുന്നത്. അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നടപടിയുണ്ടാവുന്നില്ലെന്ന് പറഞ്ഞായിരുന്നു അൻവർ മുന്നണി വിട്ടത്.



Tags:    
News Summary - PV Anvar Joined in TMC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.