കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കുടുംബാംഗങ്ങളിൽനിന്ന് വിവരം ശേഖരിച്ചു. തിങ്കളാഴ്ച വെള്ളിമാട്കുന്നിലെ വീട്ടിലെത്തി കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മകൾ അദീബ നൈന അടക്കമുള്ളവരിൽനിന്ന് പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞത്.
വരും ദിവസം അന്വേഷണ സംഘം മറ്റു കുടുംബാംഗങ്ങളിൽനിന്ന് മൊഴിയെടുക്കും. നിലവിലെ കേസ് ഡയറി അടക്കമുള്ളവ പഴയ അന്വേഷണ സംഘത്തിൽനിന്ന് ഉടൻ ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങും. മലപ്പുറം എസ്.പി എസ്. ശശിധരന്റെ മേൽനോട്ടത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2023 ആഗസ്റ്റിലാണ് കോഴിക്കോട് നഗരത്തിൽനിന്ന് മാമിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. മാസങ്ങൾ കഴിഞ്ഞിട്ടും കേസിൽ കാര്യമായ പുരോഗതിയില്ലാതായതോടെ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കണമെന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇതോടെയാണ് മലപ്പുറം എസ്.പി ടി. ശശിധരന്റെ മേൽനോട്ടത്തിൽ പുതിയ സംഘം രൂപവത്കരിച്ച് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഉത്തരവിറക്കിയത്.
എന്നാൽ, പി.വി. അൻവർ എം.എൽ.എ എ.ഡി.ജി.പിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുകയും മാമി കേസിൽ എ.ഡി.ജി.പിയെ പ്രതിസ്ഥാനത്ത് നിർത്തുകയും ചെയ്തു. ഇതോടെ കുടുംബവും നിലവിലെ അന്വേഷണ സംഘത്തിനെതിരെ വിമർശനവുമായി രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.