മമ്മൂട്ടി പന്ത് തട്ടി; ഗോത്ര വിഭാഗത്തിലെ കുട്ടികളെ ഫുട്ബാൾ പരിശീലിപ്പിക്കാൻ കൈകോർത്ത് കായിക താരങ്ങളും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും

കൊച്ചി: ഗോത്ര വിഭാഗത്തിൽനിന്ന് കൂടുതൽ ഫുട്ബാൾ താരങ്ങളെ വാർത്തെടുക്കുകയും ലഹരി ഉപയോഗത്തിൽനിന്ന് അവരെ തടയുകയും ലക്ഷ്യമിട്ട് മലയാളി കായിക താരങ്ങൾ ആരംഭിച്ച തേർട്ടീൻത് ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും ചേർന്ന് എഫ്-13 അക്കാദമിയുടെ സഹകരണത്തോടെ ആവിഷ്കരിച്ച ‘ആട്ടക്കള’ പരിപാടിക്ക് ഏലൂർ ഗ്രൗണ്ടിൽ തുടക്കം. കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ അവരെ ഫുട്ബാളിലേക്ക് തിരിച്ചുവിടുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യൻ ഫുട്ബാൾ താരങ്ങളായ സി.കെ. വിനീത്, റിനോ ആന്റോ, മുഹമ്മദ്‌ റാഫി, അനസ് എടത്തൊടിക്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന തേർട്ടീൻത് ഫൗണ്ടേഷനിലൂടെയാണ് ആദിവാസി കുട്ടികളിലെ ഫുട്ബാൾ പരിശീലനം സാധ്യമാക്കുന്നത്.

ഫൗണ്ടേഷന്റെ ഉദ്ഘാടനവും കുട്ടികൾക്കായുള്ള ഫുട്ബാൾ പരിശീലനത്തിന്റെ ഔദ്യോഗിക തുടക്കവും മമ്മൂട്ടി നിർവഹിച്ചു. വിനീഷ്, സതീഷ്, ചിഞ്ജിത് എന്നിവർ ഫുട്ബാൾ ഏറ്റുവാങ്ങി. വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ 60 കുട്ടികളുമായി മമ്മൂട്ടി സംവദിച്ചു. കൊച്ചി സിറ്റി അസി. കമീഷണർ പി. രാജ്കുമാർ സംബന്ധിച്ചു. മമ്മൂട്ടിയുടെ തന്നെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ തേർട്ടീൻത് ഫൗണ്ടേഷൻ ഡയറക്ടർ സി.കെ വിനീത്, എഫ് 13 അക്കാദമി ഡയറക്ടർമാരായ റിനോ ആന്റോ, അനസ് എടത്തൊടിക്ക, മുഹമ്മദ് റാഫി, എൻ.പി പ്രദീപ്, അരുൺ അരവിന്ദാക്ഷൻ എന്നിവരും കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി റിലേഷൻ ജനറൽ മാനേജർ ജോസ് പോൾ, ബാബു തൊട്ടുങ്ങൽ, മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ഭാസ്‌കർ എന്നിവരും സംബന്ധിച്ചു.

അന്താരാഷ്‌ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം, മികച്ച കോച്ചുമാർക്ക് കീഴിൽ അത്യാധുനിക രീതികളിലുള്ള പരിശീലനം, വ്യക്തിത്വ വികസനം, പോഷകാഹാരത്തിന്റെ ലഭ്യത തുടങ്ങി ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് വേണ്ട ഒട്ടേറെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.

Tags:    
News Summary - Mammootty hit the ball; Sports stars and Care and Share Foundation join hands to train tribal children in football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.