കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് നടൻ മമ്മൂട്ടി അയക്കുന്ന രണ്ടാംഘട്ട മെഡിക്കൽ സംഘം നാളെ മുതൽ പര്യടനം നടത്തും. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽനിന്നുള്ള നേത്രരോഗ വിദഗ്ധർ അടങ്ങുന്ന സംഘമാണ് ഇത്തവണ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനുമായി ചേർന്ന് ബ്രഹ്മപുരത്തെത്തുന്നത്. വിഷപ്പുക ഉണ്ടായ ശേഷം നിരവധി പേർക്ക് കണ്ണുകൾക്ക് നീറ്റലും ചൊറിച്ചിലും മറ്റു അസ്വസ്ഥതയും ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വീടുകളിൽ കഴിയുന്ന അത്തരം രോഗികളെ ലക്ഷ്യമിട്ടാണ് മൊബൈൽ നേത്ര ചികിത്സ സംഘം എത്തുന്നത്. മമ്മൂട്ടി ഒരുക്കിയ ആലുവ രാജഗിരി ആശുപത്രിയിൽനിന്നുള്ള മൊബൈൽ മെഡിക്കൽ സംഘം കഴിഞ്ഞയാഴ്ച മൂന്ന് ദിവസം ബ്രഹ്മപുരത്ത് സേവനത്തിനുണ്ടായിരുന്നു. വിഷപ്പുക ബാധിത പ്രദേശങ്ങളിലെ രോഗികളെ അവർ വീട്ടിൽ ചെന്ന് പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകിയിരുന്നു.
പുക ഏറ്റവും കൂടുതൽ വ്യാപിച്ച മേഖലകളെ കേന്ദ്രീകരിച്ചാണ് ഇക്കുറിയും വൈദ്യസംഘം എത്തുന്നത്. നേത്ര വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. എലിസബത്ത് ജോസഫിന്റെ നേതൃത്വത്തിൽ ഒപ്റ്റോമെട്രിസ്റ്റ്, നഴ്സ്, ആവശ്യമായ മരുന്നുകൾ എന്നിവയും അടങ്ങിയ സഞ്ചരിക്കുന്ന വൈദ്യസഹായ സംഘം വീടുകളിൽ എത്തി പരിശോധന നടത്തും. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുകൾ പ്രദേശത്ത് ആദ്യദിനവും തൃപ്പൂണിത്തുറ നഗരസഭയിലെ ഇരുമ്പനം പ്രദേശത്ത് രണ്ടാം ദിനവും പരിശോധന നടത്തുമെന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. ജോയ് അയിനിയാടൻ പറഞ്ഞു. പരിശോധനക്ക് ശേഷം തിമിര ശസ്ത്രക്രിയ ആവശ്യമായി വന്നാൽ തുടർ ചികിത്സക്കാവശ്യമായ പരിശോധനയും ശസ്ത്രക്രിയയും സൗജന്യമായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ ആണ് മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. കണ്ണുകളെ ബാധിച്ച അസ്വസ്ഥതകൾക്ക് പരിഹാരമായാണ് രണ്ടാംഘട്ടം നേത്ര പരിശോധന ക്യാമ്പ് ആയി സംഘടിപ്പിക്കുന്നതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ പറഞ്ഞു. സഞ്ചരിക്കുന്ന മെഡിക്കൽ യൂനിറ്റിന്റെ യാത്ര പാതകളെ കുറിച്ചും സമയത്തെക്കുറിച്ചും അറിയാൻ 9207131117 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.