കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാർ കത്തി കോർപറേഷൻ മുൻ ഡ്രൈവർ വെന്തുമരിച്ചു VIDEO

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാർ കത്തി കോർപറേഷൻ മുൻ ഡ്രൈവർ വെന്തുമരിച്ചു. ചേളന്നൂർ ഗുഡ്​ലക്ക് ലൈബ്രറിക്കു സമീപത്തെ പുന്നശ്ശേരി മോഹൻദാസിനാണ് (68) നടുറോഡിൽ ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ വെസ്റ്റ്​ഹിൽ കോന്നാട് ബീച്ചിനടുത്തായിരുന്നു അപകടം.

വിരമിച്ചശേഷം പുതിയാപ്പയിൽ ‘നീലകണ്ഠൻ ഓട്ടോമൊബൈൽസ്’എന്ന സ്ഥാപനം നടത്തുന്ന മോഹൻദാസ് രാവിലെ വീട്ടിൽനിന്നിറങ്ങി കോർപറേഷൻ ഓഫിസിൽ തൊഴിൽസംബന്ധമായ കാര്യങ്ങൾക്ക് എത്തിയിരുന്നു. തുടർന്ന് വർക് ഷോപ്പിലേക്ക് തീരദേശപാതയിലൂടെ പോകുമ്പോൾ കോന്നാട് ബീച്ചിനടുത്തുവെച്ച് കാറിൽനിന്ന് പുക ഉയരുന്നത് സമീപത്തുള്ളവർ ശ്രദ്ധയിൽപെടുത്തി. ഉടൻ കാർ അരികിൽ നിർത്തി സീറ്റ് ബെൽറ്റ് അഴിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

സമീപത്ത്​ വല നെയ്യുന്ന മത്സ്യത്തൊഴിലാളി ബഷീർ എത്തി കാറിന്റെ ഇടതുവശത്തെ ഡോർ തുറന്നെങ്കിലും സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിയാതെ തീയിൽ അകപ്പെടുകയായിരുന്നു. കത്തിയ വാഹനത്തിൽനിന്ന് പൊട്ടിത്തെറി ഉണ്ടായതിനാൽ രക്ഷിക്കാനെത്തിയ മറ്റുള്ളവർക്കും നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. സ്ഥലത്തെത്തിയ പൊലീസ് ചെറിയ അഗ്നിശമന ഉപകരണം ഉപയോഗിച്ചെങ്കിലും തീയണക്കാനായില്ല.


ബീച്ച് അഗ്നിരക്ഷ സേനയും വെള്ളയിൽ പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി കത്തിക്കരിഞ്ഞ മൃതദേഹം പുറത്തെടുത്ത്​ ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീപടരാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളയിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്കാരം ശനിയാഴ്ച ഉച്ചയോടെ. ഭാര്യ: ഷീല (പ്രിസം ലോൺട്രി, ഇടുക്കപ്പാറ), മക്കൾ: ഷിബിൻദാസ്, അഞ്ജലി. മരുമക്കൾ: ശിഖ, അമൃത്. സഹോദരങ്ങൾ: ഭാസുരദേവി, ലളിത, ജയകൃഷ്ണൻ.

Tags:    
News Summary - man burnt to death after car caught fire at Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.