മാഹി: ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. മാഹി - മുഴപ്പിലങ്ങാട് ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നലിലാണ് അപകടം. ആലപ്പുഴ സ്വദേശിയായ ശിവപ്രസാദാണ് (43) മരിച്ചത്. കർണ്ണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുബമാണ് അപകടത്തിൽപെട്ടത്.
ചൊവ്വാഴ്ച പുലർച്ചെ 3.30 നായിരുന്നു അപകടം. കാസർകോട് സുള്ള്യക്കടുത്ത് പുത്തൂരിൽനിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി. ഇതേ ദിശയിൽനിന്ന് വന്ന കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി അൽപം മുന്നോട്ട് നീങ്ങി.
ആശുപത്രിക്ക് കൊണ്ടുപോകും വഴിയാണ് ശിവപ്രസാദ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുൻ സീറ്റിലിരുന്ന ഭാര്യ മുംബൈ ഗാഡ് കോപ്പർ കാമഗലി ബ്രഹ്മഭുലൽ സ്വദേശിനി ദേവശ്രീക്ക് (40) കാലിനും തലക്കും പരിക്കേറ്റു. പിൻ സീറ്റിലിരുന്ന മക്കൾ രജൽ (15), ധ്രുവി (12) എന്നിവർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശ്ശേരിയിൽനിന്ന് അഗ്നിശമന സേനയും പള്ളൂർ എസ്.ഐ റെനിൽ കുമാറും സംഘവും പൊലീസും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.